തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ചുള്ള പരിശോധന; പിടിച്ചെടുത്തത് 17.28 കോടിയുടെ കുഴല്‍പ്പണം

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ കള്ളപ്പണത്തിന്റെ ഒഴുക്കും ഇതര കുറ്റകൃത്യങ്ങളും തടയാന്‍ നടത്തിയ പരിശോധനയില്‍ ഇതേവരെ അനധികൃതമായി കൈവശം വച്ച 17.28 കോടി രൂപ പിടിച്ചെടുത്തു. സംസ്ഥാനത്ത് തിരഞ്ഞെടുപ്പു കാലത്ത് ഇത്രയും തുക കണ്ടെടുക്കുന്നത് ആദ്യമായാണ്. കൂടാതെ 78,500 സൗദി റിയാലും 665 അമേരിക്കല്‍ ഡോളറും പിടിച്ചെടുത്തിട്ടുണ്ട്. പണത്തിനു പുറമെ 14,000ത്തോളം ലിറ്റര്‍ അനധികൃത മദ്യവും 30,000 ലിറ്ററോളം വാറ്റും പിടിച്ചെടുത്തു നശിപ്പിച്ചു.
ഇതിനു പുറമെ 11.19 കിലോ സ്വര്‍ണവും 700 കിലോയോളം വെടിമരുന്നും പരിശോധനകളില്‍ കണ്ടെത്തി. റവന്യൂ, എക്‌സൈസ്, ആദായനികുതി, പോലിസ്, വില്‍പന നികുതി വകുപ്പുകള്‍ ഒറ്റയ്ക്കും സംയുക്തമായും നടത്തിയ പരിശോധനകളിലാണ് ഇവ പിടിച്ചെടുത്തത്. പണം കൊണ്ടുപോവുന്നവര്‍ തുകയുടെ ഉറവിടവും ആവശ്യവും ബോധ്യപ്പെടുത്തിയാല്‍ തുക തിരികെ നല്‍കുന്നുണ്ട്. 10 ലക്ഷം രൂപ വരെ ഇത്തരത്തില്‍ വിട്ടുനല്‍കാന്‍ കലക്ടര്‍ക്ക് അധികാരമുണ്ട്. അതിലധികമുള്ള തുക ആദായനികുതി അധികൃതരുടെ പരിശോധനയ്ക്കു ശേഷമേ വിട്ടുനല്‍കൂ. വരുംദിവസങ്ങളില്‍ ചെക്‌പോസ്റ്റുകള്‍ കേന്ദ്രീകരിച്ചും അല്ലാതെയുമുള്ള പരിശോധന കൂടുതല്‍ ശക്തിപ്പെടുത്തുമെന്ന് ചീഫ് ഇലക്ടറല്‍ ഓഫിസര്‍ ഇ കെ മാജി അറിയിച്ചു.

മൂന്നുകോടിയുടെ കുഴല്‍പ്പണം പിടികൂടി
തൃശൂര്‍: തൃശൂര്‍ അഞ്ചേരിയി ല്‍ നിന്ന് കാറുകളില്‍ കടത്തുകയായിരുന്ന മൂന്നു കോടി രൂപയുടെ കള്ളപ്പണം ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ പിടികൂടി. തിരഞ്ഞെടുപ്പു പ്രവര്‍ത്തനങ്ങള്‍ക്കായി കൊണ്ടുവന്ന പണമാണിതെന്നാണു സൂചന.
രഹസ്യ വിവരത്തെ തുടര്‍ന്ന് കഴിഞ്ഞദിവസം രാത്രി എട്ടരയോടെ നടത്തിയ പരിശോധനയിലാണ് പണം കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ടു പേര്‍ കസ്റ്റഡിയിലുണ്ട്. ഫോക്‌സ് വാഗണ്‍ പോളോ, ടൊയോട്ട എത്തിയോസ് കാറുകളിലായാണ് പണം കണ്ടെത്തിയത്. ഹാന്‍ഡ് ബ്രേക്കിനു സമീപവും ഡാഷ്‌ബോര്‍ഡിലുമുള്ള അറകളില്‍ കെട്ടുകളായി സൂക്ഷിച്ച നിലയിലായിരുന്നു പണം. മലപ്പുറം രജിസ്‌ട്രേഷനിലുള്ളതാണ് കാറുകള്‍. സ്വര്‍ണാഭരണ നിര്‍മാണ ശാലയിലേക്കു കൊണ്ടുവന്നതാണു പണമെന്ന് ചോദ്യം ചെയ്യലില്‍ പറഞ്ഞതായാണ് വിവരം.
Next Story

RELATED STORIES

Share it