തിരഞ്ഞെടുപ്പാഘോഷങ്ങള്‍ക്ക് അറുതിയുണ്ടാവണം: ജ. കെമാല്‍ പാഷ

കൊച്ചി: തിരഞ്ഞെടുപ്പുകള്‍ ആഘോഷമാക്കാനുള്ളതല്ലെന്നും സമ്മതിദാനാവകാശം വിനിയോഗിക്കുകയെന്ന ഭരണഘടനാപരമായ അവകാശത്തെ ആഘോഷകരമാക്കുന്നതിനു പകരം മികച്ച ഭരണാധികാരികളെ തിരഞ്ഞെടുക്കാനുള്ള അവസരമാക്കി ഉപയോഗിക്കുകയാണു വേണ്ടതെന്നും ജസ്റ്റിസ് ബി കെമാല്‍ പാഷ. കേരള നാദം പത്രാധിപരായിരുന്ന സി പി മമ്മുവിന്റെ സ്മരണാര്‍ഥം ഏര്‍പ്പെടുത്തിയ അവാര്‍ഡ് ഹൈബി ഈഡന്‍ എംഎല്‍എയ്ക്കും ഫ്രാന്‍സിസ് പെരുമനയ്ക്കും സമ്മാനിക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കൊട്ടിക്കലാശത്തിന്റെ കുരുക്കില്‍പ്പെട്ടയാളാണ് താന്‍. അത്തരം തിരഞ്ഞെടുപ്പാഘോഷങ്ങള്‍ക്ക് അറുതിയുണ്ടാവേണ്ടതുണ്ട്. അനാവശ്യങ്ങള്‍ക്കെതിരേ ഉള്‍ക്കണ്ണ് തുറന്നുവച്ചിരിക്കേണ്ട ബാധ്യത സമൂഹത്തിനുണ്ടെങ്കിലും അതുണ്ടാവാറില്ല. വഴിയില്‍ കുടുങ്ങിയതുകൊണ്ടാണ് തന്റെ ഉള്‍ക്കണ്ണു തുറന്നത്. അതുകൊണ്ടാണ് കലാശക്കൊട്ട് വിഷയം പൊതുതാല്‍പര്യ ഹരജിയായി പരിഗണിക്കാന്‍ ഹൈക്കോടതിക്ക് കത്തു നല്‍കിയത്.
ആരുടെയും ശ്രദ്ധയില്‍പ്പെടാതെ പലരും സമൂഹത്തില്‍ കഴിയുന്നുണ്ട്. ജീവിച്ചിരിക്കുന്ന ജിഷമാര്‍ ഇനിയുമുണ്ട് നമ്മുടെ നാട്ടില്‍. കൊല്ലപ്പെട്ട ശേഷം കരഞ്ഞിട്ടോ വിലപിച്ചിട്ടോ കാര്യമില്ല. അവര്‍ കൊല്ലപ്പെടാതിരിക്കാനുള്ള സാഹചര്യമൊരുക്കുകയാണ് നേതാക്കളും സമൂഹവും ചെയ്യേണ്ടതെന്നും ജസ്റ്റിസ് കെമാല്‍ പാഷ പറഞ്ഞു.
അഭിപ്രായങ്ങള്‍ വെട്ടിത്തുറന്നു പറയാന്‍ കഴിയുന്നവര്‍ ഇല്ലാതായിക്കൊണ്ടിരിക്കുന്നത് കേരളീയ സമൂഹം നേരിടുന്ന വലിയ പ്രതിസന്ധിയാണെന്ന് സി പി മമ്മു അനുസ്മരണ പ്രഭാഷണം നടത്തിയ പൊതുവിദ്യാഭ്യാസ സെക്രട്ടറി എ പി എം മുഹമ്മദ് ഹനീഷ് പറഞ്ഞു. സി പി മമ്മുവിനെ പോലെ അഭിപ്രായം വിളിച്ചുപറയാന്‍ തന്റേടമുള്ളവരെ സമൂഹം തിരയുകയാണെന്നും അദ്ദേഹം പറഞ്ഞു. സി പി മമ്മുവിന്റെ പത്‌നി സൈനബ മമ്മു അധ്യക്ഷത വഹിച്ചു. ജില്ലാ കലക്ടര്‍ എം ജി രാജമാണിക്യം, മുന്‍ ജില്ലാ കലക്ടര്‍ എം പി ജോസഫ്, കെ കെ സൈനുദ്ദീന്‍, മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും തേജസ് അസോഷ്യേറ്റ് എഡിറ്ററുമായ ജമാല്‍ കൊച്ചങ്ങാടി, എന്‍ കെ എ ലത്തീഫ്, കെ പി വേണു സംസാരിച്ചു.
Next Story

RELATED STORIES

Share it