തിരക്കഥാകൃത്തും സംവിധായകനുമായ ആലപ്പി ശരീഫ് ഓര്‍മയായി

ആലപ്പുഴ: തിരക്കഥാകൃത്തും സംവിധായകനുമായ സിവില്‍സ്റ്റേഷന്‍ വാര്‍ഡ് വൃന്ദാവനത്തില്‍ ആലപ്പി ശരീഫ് (79) ഓര്‍മയായി. ഹൃദ്രോഗബാധയെ തുടര്‍ന്ന് കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന ഷരീഫ് ഇന്നലെ രാവിലെ 6.30യോടെയാണ് അന്തരിച്ചത്. പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം വിവിധ പ്രസിദ്ധീകരണങ്ങളില്‍ കഥകളും ചെറുകഥകളും നോവലുകളും എഴുതിത്തുടങ്ങിയ ശരീഫ് ചന്ദ്രിക ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ച നിറങ്ങളുടെ സംഗീതം എന്ന നോവലാണ് സിനിമയിലെത്തിച്ചത്. മുക്കുമാലയാണ് പ്രസിദ്ധീകരിച്ച ആദ്യ കഥ.
നിര്‍മാതാവ് കുഞ്ചാക്കോയുടെ അഭ്യര്‍ഥന പ്രകാരം ഉമ്മ എന്ന സിനിമയ്ക്കു വേണ്ടി സംഭാഷണം എഴുതിയെങ്കിലും പൂര്‍ത്തീകരിക്കാനായില്ല. തുടര്‍ന്ന് മദ്രാസിലേക്കു പോയ ആലപ്പി ശരീഫിന്റെ ആദ്യ ചിത്രം തന്നെ ഹിറ്റായി. അവളുടെ രാവുകള്‍, ഈറ്റ, ഉല്‍സവം, അലാവുദ്ദീനും അദ്ഭുതവിളക്കും തുടങ്ങി എഴുപതോളം ചിത്രങ്ങളുടെ ഭാഗമായി. ആരോഹണം (1980), അസ്തമിക്കാത്ത പകലുകള്‍ (1981), നസീമ (1983) എന്നിവയാണ് സംവിധാനം ചെയ്ത ചിത്രങ്ങള്‍.
1972ല്‍ പുറത്തിറങ്ങിയ എ ബി രാജിന്റെ കളിപ്പാവയാണ് തിരക്കഥയെഴുതിയ ആദ്യചിത്രം. അതിനു മുമ്പ് 1971ല്‍ പുറത്തിറങ്ങിയ വിപിന്‍ദാസിന്റെ പ്രതിധ്വനിക്കുവേണ്ടി സംഭാഷണം രചിച്ചു. ഐ വി ശശിക്കുവേണ്ടിയാണ് ഏറ്റവും കൂടുതല്‍ തിരക്കഥകള്‍ ഒരുക്കിയത്. ഐ വി ശശിയുടെ ആദ്യചിത്രമായ ഉല്‍സവത്തിന്റെ തിരക്കഥ രചിച്ചതും ശരീഫായിരുന്നു. ഐ വി ശശിയുടെ മോഹന്‍ലാല്‍ ചിത്രമായ അനുരാഗിയാണ് കഥയും സംഭാഷണവുമെഴുതിയ അവസാന ചിത്രം. തിരക്കഥ ഒരുക്കിയ അവസാന ചിത്രം സ്വന്തം മാളവികയും. മുപ്പതിലേറെ ചിത്രങ്ങള്‍ക്ക് തിരക്കഥ ഒരുക്കിയിട്ടുണ്ട്. അത്രതന്നെ ചിത്രങ്ങള്‍ക്ക് കഥാരചനയും നടത്തിയിട്ടുണ്ട്. മമ്മൂട്ടിയെ നായകനായി ആദ്യം വെള്ളിത്തിരയിലെത്തിച്ചത് ആലപ്പി ശരീഫായിരുന്നു. സ്‌ഫോടനം എന്ന സിനിമയിലെ നായകനായി നിശ്ചയിച്ചിരുന്ന ജയന്‍ അന്തരിച്ചതിനെ തുടര്‍ന്നാണ് മമ്മൂട്ടിയെ നായകനായി പരിഗണിക്കുന്നത്.
സക്കരിയ്യ ബസാറിലെ കൊപ്രക്കടയില്‍ ഹമീദ്ബാവയുടെയും റഹ്മാ ബീവിയുടെയും മകനായി 1936ലായിരുന്നു ജനനം. ഭാര്യ: നസീമ. മക്കള്‍: ഷഫീസ്, ഷിഹാസ്, ഷര്‍ന. മരുമക്കള്‍: ഷബ്‌നം, ഷാമില, ഷഹ്‌നാസ് (ദുബയ്). സഹോദരങ്ങള്‍: ഷംസു ബീവി, ബഷീര്‍, ഖമറുന്നിസ, നസീം, കലാം, തങ്കമ്മ. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മന്ത്രിമാരായ രമേശ് ചെന്നിത്തല, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, കെ സി ജോസഫ്, നടന്‍ മമ്മൂട്ടി സംവിധായകന്‍ ഫാസില്‍, തുടങ്ങിയവര്‍ അനുശോചനം അറിയിച്ചു.
Next Story

RELATED STORIES

Share it