തിയേറ്റര്‍ പീഡനക്കേസ് പോലിസിന് വീഴ്ചപറ്റി; അന്വേഷണച്ചുമതല ഡിവൈഎസ്പി ഉല്ലാസ് കുമാറിന്

മലപ്പുറം: എടപ്പാളിലെ തിയേറ്ററില്‍ ബാലികയെ പീഡിപ്പിച്ച കേസില്‍ പോലിസിന് വീഴ്ച സംഭവിച്ചെന്നു ക്രൈംബ്രാഞ്ച് കണ്ടെത്തി. ആദ്യം അന്വേഷിച്ച സംഘത്തിനു കേസന്വേഷണത്തില്‍ വീഴ്ചയുണ്ടായെന്നാണ് ക്രൈംബ്രാഞ്ച് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്. പീഡനവിവരം ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തകരെ അറിയിച്ച തിയേറ്റര്‍ ഉടമയെ അറസ്റ്റ് ചെയ്തത് വിവാദമായ സാഹചര്യത്തിലായിരുന്നു ക്രൈംബ്രാഞ്ച് അന്വേഷണം പ്രഖ്യാപിച്ചത്. തിയേറ്റര്‍ ഉടമയുടെയും മൂന്നു ജീവനക്കാരുടെയും മൊഴി ക്രൈംബ്രാഞ്ച് വീണ്ടും രേഖപ്പെടുത്തി.
എസ്പി സന്തോഷ് കുമാറിന്റെ മേല്‍നോട്ടത്തില്‍ ഡിവൈഎസ്പി ഉല്ലാസ് കുമാറിനാണ് അന്വേഷണ ചുമതല. ചങ്ങരംകുളം പോലിസിന് സംഭവിച്ച വീഴ്ചകള്‍ക്കു പുറമെ അന്വേഷണ സംഘത്തിന്റെ പാളിച്ചകളും വിവാദത്തിലായിരുന്നു. പ്രധാന സാക്ഷികളെ പ്രതിപ്പട്ടികയില്‍ പെടുത്തിയതും വിവാദത്തിന് കാരണമായി. തുടര്‍ന്നാണ് അന്വേഷണം ക്രൈംബ്രാഞ്ചിലേക്കെത്തിയത്.
ഏപ്രില്‍ 18നാണ് മൊയ്തീന്‍കുട്ടി എന്നയാള്‍ എടപ്പാള്‍ ശാരദാ തിയേറ്ററില്‍ വച്ച് കുട്ടിയെ പീഡിപ്പിച്ചത്. തുടര്‍ന്ന് വിവരം സിസിടിവിയിലൂടെ ശ്രദ്ധയില്‍പ്പെട്ട തിയേറ്റര്‍ അധികൃതര്‍ വിവരം ചൈല്‍ഡ് ലൈനില്‍ അറിയിക്കുകയായിരുന്നു. ഏപ്രില്‍ 26ന് ചൈല്‍ഡ് ലൈന്‍ അധികൃതര്‍ വിഷയം ചങ്ങരംകുളം പോലിസില്‍ അറിയിച്ചെങ്കിലും നടപടിയെടുക്കുന്നത് പോലിസ് മനപ്പൂര്‍വം വൈകിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് സംഭവത്തെക്കുറിച്ചുള്ള വാര്‍ത്തയും ദൃശ്യങ്ങളും മാധ്യമങ്ങള്‍ പുറത്തുവിട്ടതിനെ തുടര്‍ന്നാണ് തൃത്താല സ്വദേശി മൊയ്തീന്‍കുട്ടി അറസ്റ്റിലായത്. സംഭവത്തില്‍ ചങ്ങരംകുളം എസ്‌ഐ കെ ജെ ബേബിയെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.
Next Story

RELATED STORIES

Share it