തിയേറ്റര്‍ ഉടമയുടെ അറസ്റ്റ്; ഡിവൈഎസ്പിക്ക് സ്ഥലംമാറ്റം

തിരുവനന്തപുരം: എടപ്പാളില്‍ തിയേറ്ററിനുള്ളില്‍ ബാലികയെ പീഡിപ്പിച്ച സംഭവത്തില്‍ ചൈല്‍ഡ് ലൈനിന് വിവരങ്ങള്‍ കൈമാറിയ തിയേറ്റര്‍ ഉടമ ഇ സി സതീശനെ അറസ്റ്റ് ചെയ്ത പോലിസ് ഉദ്യോഗസ്ഥന് സ്ഥലംമാറ്റം. മലപ്പുറം ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഷാജു വര്‍ഗീസിനെയാണു സ്ഥലംമാറ്റിയത്.
പോലിസ് ആസ്ഥാനത്തേക്കാണു മാറ്റം. തിയേറ്റര്‍ ഉടമയുടെ അറസ്റ്റ് ചട്ടം ലംഘിച്ചാണെന്ന് ഡിജിപിക്ക് ലഭിച്ച നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. തിയേറ്റര്‍ ഉടമയെ അറസ്റ്റ് ചെയ്തത് ഡിവൈഎസ്പി സ്വന്തം തീരുമാനപ്രകാരമാണെന്നും ഉന്നത ഉദ്യോഗസ്ഥര്‍ക്ക് ഇതുസംബന്ധിച്ച് അറിവില്ലായിരുന്നുവെന്നും ഐജി എം ആര്‍ അജിത്കുമാര്‍ ഡിജിപിക്ക് റിപോര്‍ട്ട് നല്‍കിയിരുന്നു. ഇതുംകൂടി പരിഗണിച്ചായിരുന്നു വേഗത്തിലുള്ള നടപടി. പോലിസ് ആസ്ഥാനത്ത് റിപോര്‍ട്ട് ചെയ്യാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും ഷാജുവിന് പുതിയ നിയമനം നല്‍കിയിട്ടില്ല. അതിനിടെ തിയേറ്റര്‍ പീഡനക്കേസ് അന്വേഷണം ഡിജിപി ക്രൈംബ്രാഞ്ചിന് കൈമാറി.
കഴിഞ്ഞദിവസം രാവിലെ ചോദ്യംചെയ്യാനെന്ന രീതിയില്‍ ചങ്ങരംകുളം പോലിസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയ ശേഷമാണ് സതീശനെ അറസ്റ്റ് ചെയ്തത്. പോക്‌സോ ചുമത്തി മഞ്ചേരി കോടതിയില്‍ ഹാജരാക്കാനായിരുന്നു പോലിസിന്റെ നീക്കം. എന്നാല്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നതോടെ പോലിസ് വെട്ടിലായി. പോലിസ് നടപടിക്കെതിരേ സിപിഎം, സിപിഐ സംസ്ഥാന സെക്രട്ടറിമാരും വനിതാ കമ്മീഷന്‍ അധ്യക്ഷ അടക്കമുള്ളവര്‍ രംഗത്തെത്തി. പിന്നാലെ അറസ്റ്റില്‍ നീരസം പ്രകടിപ്പിച്ച മുഖ്യമന്ത്രി ഡിജിപിയോട് വിഷയത്തില്‍ റിപോര്‍ട്ട് ആവശ്യപ്പെട്ടു. തിയേറ്റര്‍ ഉടമയുടെ അറസ്റ്റ് ചട്ടം ലംഘിച്ചാണെന്നാണ് ഡിജിപിക്ക് ലഭിച്ച നിയമോപദേശം. ഇതിന്റെ അടിസ്ഥാനത്തില്‍ കേസ് പുനപ്പരിശോധിക്കാനും നീക്കം നടക്കുന്നുണ്ട്.
ഏപ്രില്‍ 18നായിരുന്നു എടപ്പാള്‍ ശാരദ ടാക്കീസില്‍ വച്ച് മാതാവിനൊപ്പം സിനിമ കാണാനെത്തിയ 10 വയസ്സുകാരിയെ തൃത്താല സ്വദേശി മൊയ്തീന്‍കുട്ടി പീഡിപ്പിച്ചത്.

തിയേറ്റര്‍ ഉടമയുടെ അറസ്റ്റ് തെറ്റായ സന്ദേശമാണ്
നല്‍കുന്നതെന്ന് റിപോര്‍ട്ട്‌സ്വന്തം  പ്രതിനിധി

കൊച്ചി: എടപ്പാള്‍ തിയേറ്റര്‍ പീഡനക്കേസിലെ മുഖ്യസാക്ഷിയായ തിയേറ്റര്‍ ഉടമയെ പോലിസ് അറസ്റ്റ് ചെയ്തത് സമൂഹത്തിലേക്ക് തെറ്റായ സന്ദേശമാണ് അയക്കുകയെന്ന് പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറല്‍ (ഡിജിപി) അഡ്വ. മഞ്ചേരി ശ്രീധരന്‍ നായര്‍ സര്‍ക്കാരിന് റിപോര്‍ട്ട് നല്‍കി.
ദൃശ്യങ്ങള്‍ പോലിസിന് കൈമാറാന്‍ വൈകിയെന്നാരോപിച്ചാണ് പോലിസ് തിയേറ്റര്‍ ഉടമ സതീഷിനെ അറസ്റ്റ് ചെയ്തത്. പോക്‌സോ നിയമത്തിലെ 19, 21 വകുപ്പുകള്‍ പ്രകാരം നിശ്ചിത സമയത്തിനകം പരാതി നല്‍കണമെന്ന് പറയുന്നില്ല.
ആ നിലയ്ക്ക് ഈ വകുപ്പുകള്‍ പ്രകാരം സതീഷിനെ അറസ്റ്റ് ചെയ്തത് നിയമവിരുദ്ധമാണ്. സതീഷ് കുറ്റകൃത്യം മറച്ചുവയ്ക്കാന്‍ മനപ്പൂര്‍വം ശ്രമിച്ചോയെന്നാണ് പരിശോധിക്കേണ്ടിയിരുന്നത്.
സിസിടിവി ദൃശ്യങ്ങള്‍ റിക്കാര്‍ഡ് ചെയ്ത ഡിസ്‌കില്‍ സ്ഥലം കുറവായതിനാല്‍ ദൃശ്യങ്ങള്‍ നഷ്ടപ്പെടാന്‍ ഇടയാവുമെന്നും ഇത് മറ്റൊരു ഡിസ്‌കിലേക്ക് മാറ്റണമെന്നും സതീഷ് പറഞ്ഞതായി തിേയറ്റര്‍ മാനേജര്‍ മൊഴിനല്‍കിയിട്ടുണ്ട്.
ദൃശ്യങ്ങള്‍ നശിപ്പിക്കാനോ മറച്ചുവയ്ക്കാനോ സതീഷ് ശ്രമിച്ചില്ലെന്ന് ഇതില്‍ നിന്ന് വ്യക്തമാണ്. ഏപ്രില്‍ 18നാണ് സംഭവം നടന്നത്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ സതീഷ് സ്ഥലത്തുണ്ടായിരുന്നില്ല. എന്നിട്ടും പരാതി നല്‍കാന്‍ വൈകിയെന്ന പേരില്‍ അറസ്റ്റ് ചെയ്തത് തെറ്റാണ്.
ഭാവിയില്‍ ഇത്തരം കേസുകളില്‍ ആളുകള്‍ തെളിവു നല്‍കാനും സാക്ഷി പറയാനും മടിക്കുമെന്നും ഡിജിപിയുടെ നിയമോപദേശം പറയുന്നു.
Next Story

RELATED STORIES

Share it