Flash News

തിയറ്റര്‍ ഉടമയെ അറസ്റ്റ് ചെയ്ത സംഭവം: പോലിസിലും പ്രതിഷേധം; തെറ്റായ നടപടിയെന്ന് നിയമവിദഗ്ധര്‍

തിയറ്റര്‍ ഉടമയെ അറസ്റ്റ് ചെയ്ത സംഭവം: പോലിസിലും പ്രതിഷേധം;  തെറ്റായ നടപടിയെന്ന് നിയമവിദഗ്ധര്‍
X
എടപ്പാള്‍: തിയേറ്റര്‍ പീഡനക്കേസില്‍ യഥാസമയം പോലിസിനെ വിവരമറിയിച്ചില്ലെന്നും പീഡനദൃശ്യങ്ങള്‍ പുറത്തുവിട്ടെന്നും ആരോപിച്ച് തിയേറ്റര്‍ ഉടമ സതീശനെ എടപ്പാള്‍ പോലിസ് അറസ്റ്റ് ചെയ്ത സംഭവത്തില്‍ പോലിസ് സംഘടനകള്‍ക്കും അതൃപ്തി. ജനമൈത്രി പോലിസെന്ന കാഴ്ചപാടിന് വിരുദ്ധമാണ് ഇതെന്നും കുറ്റകൃത്യങ്ങള്‍ അറിഞ്ഞാല്‍ ജനം പോലിസിനെ അറിയിക്കാതിരിക്കാന്‍ ഇത്തരം സംഭവങ്ങള്‍ കാരണമാകുമെന്നും പോലിസ് സംഘടനകള്‍ ഡിജിപിയെയും മുഖ്യമന്ത്രിയെയും ഇന്നലെ തന്നെ അറിയിച്ചതായാണ് വിവരം.അതിനിടെ പോലിസ് നടപടി നിയമപരമായി നിലനില്‍ക്കുന്നതല്ലെന്ന് നിയമ വിദ്ഗ്ധരും ചൂണ്ടികാട്ടിയിട്ടുണ്ട്.



അതേസമയം, സതീശന് സ്റ്റേഷനില്‍ നിന്നു ജാമ്യം ലഭിക്കാനിടയായത് ഈ വിഷയത്തില്‍ ഉയര്‍ന്നുവന്ന പ്രതിഷേധങ്ങള്‍ കൊണ്ടാണ്. പീഡനദൃശ്യങ്ങള്‍ ചൈല്‍ഡ് ലൈനിന് കൈമാറി കുറ്റവാളിയെ പുറത്തു കൊണ്ടുവന്ന സതീശനെ വനിതാ കമ്മീഷന്‍ അധ്യക്ഷ എം സി ജോസഫൈന്‍ തിയേറ്ററിലെത്തി അഭിനന്ദിച്ചിരുന്നു. എന്നാല്‍ ഇന്നലെ സതീശനെ പോലിസ് അറസ്റ്റ് ചെയ്‌തെന്ന വാര്‍ത്ത മാധ്യമങ്ങളില്‍ വന്നയുടന്‍ തന്നെ വനിതാ കമ്മീഷന്‍ അധ്യക്ഷ ഇതു തികച്ചും അന്യായമാണെന്നും പോലിസ് സതീശനെതിരേ കള്ളക്കേസ് ചമച്ചതാണെന്നുമാണു പ്രതികരിച്ചത്.  സംഭവമറിഞ്ഞയുടന്‍ വിവിധ രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക നായകന്മാര്‍ പോലിസിനെതിരേ കടുത്ത ഭാഷയില്‍ പ്രതികരിക്കുകയായിരുന്നു. മുന്‍ പോലിസ് ഡയറക്ടര്‍ ടി പി സെന്‍കുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ പോലിസിന്റെ ഈ അന്യായ നടപടിക്കെതിരേ പ്രതികരണവുമായി രംഗത്തുവന്നിരുന്നു. ഇതോടെയാണു മുകളില്‍ നിന്നുള്ള ഉത്തരവു പ്രകാരം സതീശനെതിരേ എടുത്ത കേസുകളുടെ വകുപ്പുകളില്‍ മാറ്റംവരുത്തി സ്‌റ്റേഷന്‍ ജാമ്യം കൊടുക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ തയ്യാറായത്.
Next Story

RELATED STORIES

Share it