Kerala

തിന്നാനുള്ള അവകാശം സംരക്ഷിക്കുക; മതഭ്രാന്തിനെതിരേ പോപുലര്‍ ഫ്രണ്ട് കാംപയിന് ഇന്ന് തുടക്കം

കോഴിക്കോട്: അഭിപ്രായസ്വാതന്ത്ര്യം അടിച്ചമര്‍ത്തിയും മൗലികാവകാശങ്ങള്‍ക്ക് കൂച്ചുവിലങ്ങിട്ടും സംഘപരിവാര കാര്‍മികത്വത്തില്‍ രാജ്യത്ത് തുടര്‍ന്നുകൊണ്ടിരിക്കുന്ന ഫാഷിസ്റ്റ് തേര്‍വാഴ്ചയ്ക്കും മതഭ്രാന്തിനുമെതിരേ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ദേശീയതലത്തില്‍ പ്രചാരണമാരംഭിക്കുന്നു. 'ഇഷ്ടമുള്ളത് പറയുക; ഇഷ്ടമുള്ളത് തിന്നുക' എന്ന പ്രമേയവുമായി ഒക്ടോബര്‍ 9 മുതല്‍ 18 വരെയാണ് കാംപയിന്‍.

പോസ്റ്റര്‍, ലഘുലേഖാ വിതരണം, ജില്ലാ കേന്ദ്രങ്ങളില്‍ ഒക്ടോബര്‍ 16ന് ജനകീയ താക്കീത് തുടങ്ങി വിവിധ പരിപാടികള്‍ പ്രചാരണത്തിന്റെ ഭാഗമായി കേരളത്തില്‍ സംഘടിപ്പിക്കാന്‍ സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിച്ചു.   ദാദ്രിയില്‍ മുഹമ്മദ് അഖ്‌ലാഖിനെ പശുവിറച്ചി തിന്നുവെന്നാരോപിച്ചാണ് സംഘപരിവാര അക്രമികള്‍ അടിച്ചുകൊന്നത്. നരേന്ദ്ര ദബോല്‍ക്കര്‍, ഗോവിന്ദ് പന്‍സാരെ, എം എം കല്‍ബുര്‍ഗി തുടങ്ങിയവരെ ഫാഷിസ്റ്റുകള്‍ വെടിവച്ചുകൊന്നത് തങ്ങള്‍ക്ക് ഹിതകരമല്ലാത്ത ആശയങ്ങള്‍ വച്ചുപുലര്‍ത്തുകയും അത് നിര്‍ഭയം പറയുകയും ചെയ്തു എന്ന പേരിലാണ്.

തൃശൂര്‍ കേരളവര്‍മ കോളജില്‍ ബീഫ്‌ഫെസ്റ്റ് സംഘടിപ്പിച്ച വിദ്യാര്‍ഥികള്‍ക്കും ഭക്ഷ്യാവകാശത്തിനുവേണ്ടി സംസാരിച്ച അധ്യാപികയ്ക്കുമെതിരേ ഉയര്‍ത്തിയ ഭീഷണിയും കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ ഫാഷിസ്റ്റ് വിരുദ്ധ സെമിനാറിന് തടയിടാനുള്ള നീക്കവും ആര്‍.എസ്.എസിന്റെ വര്‍ഗീയഭൂതം കേരളത്തിലെ കലാലയങ്ങളിലും ആവേശിച്ചതിന്റെ പ്രത്യക്ഷ ദൃഷ്ടാന്തങ്ങളാണ്. ജനങ്ങളെ ഭിന്നിപ്പിച്ച് സങ്കുചിത ലക്ഷ്യങ്ങള്‍ക്ക് മണ്ണൊരുക്കുന്ന ആര്‍.എസ്.എസിന്റെ കുടിലനീക്കങ്ങള്‍ക്കെതിരേ ജനകീയ പ്രതിരോധം ഉയര്‍ത്തിയില്ലെങ്കില്‍ രാഷ്ട്രം ഇന്നോളം ഉയര്‍ത്തിപ്പിടിച്ച ജനാധിപത്യ-മതനിരപേക്ഷ മൂല്യങ്ങളും മൗലികാവകാശങ്ങളും സ്വാതന്ത്ര്യവുമാണ് നമുക്ക് നഷ്ടപ്പെടുക.

ഫാഷിസത്തിന്റെ ആയുധങ്ങളെ ഭരണഘടന ഉയര്‍ത്തിപ്പിടിച്ച് ചെറുത്തുതോല്‍പ്പിക്കാന്‍ പൗരന്മാര്‍ക്കു കഴിയേണ്ടതുണ്ടെന്നും രാജ്യസ്‌നേഹികളായ എല്ലാവരും ഒറ്റക്കെട്ടായി രംഗത്തുവരണമെന്നും യോഗം അഭ്യര്‍ഥിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് കെ മുഹമ്മദലി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി കെ എച്ച് നാസര്‍, സെക്രട്ടറി ബി നൗഷാദ്, കെ സാദത്ത്, ടി കെ അബ്ദുസ്സമദ് പങ്കെടുത്തു.
Next Story

RELATED STORIES

Share it