thrissur local

തിടമ്പേറ്റിയിരുന്ന പുകള്‍പെറ്റ കൊമ്പന്‍മാര്‍ ഓര്‍മമാത്രം

തൃശൂര്‍: തൃശൂര്‍ പൂരത്തിന് എക്കാലത്തും തിടമ്പേറ്റിയിരുന്നത് പുകള്‍പെറ്റ കൊമ്പന്മാരായിരുന്നു. തിരുവമ്പാടിയുടെയും പാറമേക്കാവിന്റെയും തിടമ്പേറ്റിയിരുന്ന പ്രശസ്തരായ മിക്ക ആനകളും മണ്‍മറഞ്ഞു കഴിഞ്ഞു.
ഈ ഗജവീരന്മാരെ അനുസ്മരിക്കുകയാണിവിടെ. അഴകും പെരുമയും ഗാംഭീര്യവുമുള്ള ആനകളായിരുന്നു എക്കാലത്തും തൃശൂര്‍ പൂരത്തില്‍ പാറമേക്കാവിന്റെയും തിരുവമ്പാടിയുടെയും തിടമ്പേറ്റിയിട്ടുള്ളത് .
ഇരുവിഭാഗങ്ങളിലുമായി തിടമ്പേറ്റിയിട്ടുള്ള, ഉയരത്തില്‍ പുകള്‍പ്പെറ്റ കൊമ്പന്‍മാരുടെ ചന്തം എക്കാലത്തും പൂരപ്രേമികളുടെ മനംകവര്‍ന്നിട്ടുള്ളതുമാണ്. തിരുവമ്പാടിക്കും പാറമേക്കാവിനും നികത്താനാകാത്ത നഷ്ടം എന്നു പറയുന്ന ഗജവീരന്‍മാരാണ് തിരുവമ്പാടി ചന്ദ്രശേഖരനും, തിരുവമ്പാടി ശിവസുന്ദറും പാറമേക്കാവ് പരമേശ്വരനും.
പൂരത്തിന് തിടമ്പേറ്റാന്‍ മികച്ച ആനകളില്ലാതിരുന്ന കാലത്ത് പാറമേക്കാവ് വിഭാഗം പരമേശ്വരനെയും, തിരുവമ്പാടി വിഭാഗം ചന്ദ്രശേഖരനെയും വാങ്ങുകയായിരുന്നു. വര്‍ഷങ്ങളായി തിടമ്പേറ്റിയിരുന്ന ഈ ആനകള്‍ മണ്‍ മറഞ്ഞപ്പോള്‍ ഇന്ന് പാറമേക്കാവ് വിഭാഗത്തിന് പത്മനാഭനും തിരുവമ്പാടി വിഭാഗത്തിന് ചന്ദ്രശേഖരനുമാണ് കോലമേന്തുന്നത്.
തിരുവമ്പാടി ശിവസുന്ദറില്ലാത്ത ഈ പൂരം ആരാധകരെയും തട്ടകക്കാരെയും കണ്ണീരിലാഴ്ത്തുകയാണ്. ആദ്യകാലത്ത് പാറമേക്കാവിന് വേണ്ടി തിടമ്പേറ്റിയിരുന്നത് പൂമുള്ളി മന ശേഖരനായിരുന്നു. പുറത്തെ എല്ല് കാണാത്തവിധം കൊഴുത്തുരുണ്ട ശേഖരന്റെ പുറത്ത് 4 പേര്‍ ഇരുന്നാലും പിന്നെയും 2 പേര്‍ക്ക് ഇരിക്കാവുന്ന സ്ഥലം ബാക്കിയുണ്ടാകുമായിരുന്നുവത്രേ. അക്കാലത്ത് തിരുവമ്പാടി വിഭാഗത്തിന് തിടമ്പേറ്റിയിരുന്നത് ഏറ്റവും ഉയരം കൂടിയ ആനയായ ചെങ്ങല്ലൂര്‍ രംഗനാഥനായിരുന്നു.
തമിഴ്‌നാട്ടിലെ ശ്രീരംഗം ക്ഷേത്രത്തിലേയ്ക്ക് വെള്ളം കൊണ്ടു വന്നിരുന്ന, ആനയായ രംഗനാഥനെ ക്ഷേത്രഗോപുരം കടക്കാതെ വന്നതിനെ തുടര്‍ന്ന് വില്‍ക്കുകയും പിന്നീട് അന്തിക്കാട്ടെ ചെങ്ങല്ലൂര്‍ മനയിലേയ്ക്ക് വാങ്ങുകയായിരുന്നു. തൃശൂര്‍ മൃഗശാലയില്‍ സൂക്ഷിച്ചുള്ള ചെങ്ങല്ലൂര്‍ രംഗനാഥന്റെ അസ്ഥിക്കൂടംകണ്ടാല്‍ തന്നെ ആനയ്ക്ക് എത്ര വലിപ്പമുണ്ടായിരുന്നുവെന്ന് മനസ്സിലാക്കാന്‍ കഴിയും.
ഈ കരിവീരന്‍മാര്‍ക്ക് പുറമെ ഗുരുവായൂര്‍ കേശവന്‍, ഗുരുവായൂര്‍ പഴയ പത്മനാഭന്‍, കീരങ്ങാട്ട് കേശവന്‍, കൂടലാറ്റുപുരം രാമചന്ദ്രന്‍, പനമന രാമചന്ദ്രന്‍, വരിക്കാശ്ശേരി ഗോപാലന്‍, കിഴക്കി വീട്ടിലെ ആനകളായ ഗോപി, ദാമോദരന്‍, നാരായണന്‍, കാച്ചാംകുറിശ്ശി കേശവന്‍, കുംഭകോണം സ്വാമിയാര്‍ തുടങ്ങി തലയെടുപ്പില്‍ പുകള്‍പെറ്റ നിരവധി ആനകള്‍ പാറമേക്കാവിനും തിരുവമ്പാടി വിഭാഗത്തിനുമായി തിടമ്പേറ്റിയിട്ടുണ്ട്. മണ്‍മറഞ്ഞ പഴയ ഗജവീരകേസരികള്‍ ഇന്നും തൃശൂര്‍ പൂരത്തിന്റെ ഓര്‍മ്മകുറിപ്പില്‍ ഒളിമങ്ങാതെ തലയെടുപ്പോടെ നിലകൊള്ളുകയാണ്.
Next Story

RELATED STORIES

Share it