kannur local

താവക്കര ബിഒടി സ്റ്റാന്റ് ഫീസ് വര്‍ധന; ബസ്സുടമകളും കരാറുകാരും തമ്മില്‍ പോര് മൂര്‍ച്ഛിക്കുന്നു

കണ്ണൂര്‍: സ്വകാര്യബസ്സുകള്‍ക്ക് താവക്കര ബിഒടി സ്റ്റാന്റില്‍ പ്രവേശിക്കാന്‍ ഏര്‍പ്പെടുത്തിയ ഫീസ് വര്‍ധിപ്പിച്ചതിനെച്ചൊല്ലി ബസ്സുടമകളും സ്റ്റാന്റിന്റെ നടത്തിപ്പുകാരായ കെ കെ ബില്‍ഡേഴ്‌സും തമ്മില്‍ പോര് മൂര്‍ച്ഛിക്കുന്നു. ഫീസ് വര്‍ധിപ്പിച്ചത് ബസ് ഓപറേറ്റേഴ്‌സ് അസോസിയേഷന്‍ കോ-ഓഡിനേഷന്‍ കമ്മിറ്റി ഉള്‍പ്പെടെയുള്ള സംഘടനകളുടെ അംഗീകാരത്തോടെയാണെന്നും തീരുമാനവുമായി സഹകരിക്കണമെന്നും കെ കെ ബില്‍ഡേഴ്‌സ് മാനേജിങ് പാര്‍ട്ണര്‍ കെ കെ മോഹന്‍ദാസ് അറിയിച്ചു.
എന്നാല്‍, ജനുവരി ഒന്നുമുതല്‍ താവക്കര സ്റ്റാന്റ് ബഹിഷ്‌കരിക്കാനാണ് ബസ്സുടമകളുടെ തീരുമാനം. കേന്ദ്ര സര്‍ക്കാര്‍ സര്‍വീസ് ടാക്‌സ് ഏര്‍പ്പെടുത്തിയതിനാല്‍ ഫീസ് വര്‍ധനയുടെ കാര്യത്തില്‍ പുനപ്പരിശോധനയില്ലെന്ന നിലപാടിലാണ് കരാറുകാര്‍. തുടക്കത്തില്‍ 25 രൂപയായിരുന്ന ഫീസ് മൂന്നുവര്‍ഷത്തിന് ശേഷം 25 ശതമാനം വര്‍ധിപ്പിക്കുന്ന ഘട്ടത്തില്‍ ബസ്സുടമകളുടെ അഭ്യര്‍ഥന മാനിച്ച് ഒരുവര്‍ഷം കൂടി പഴയ നിരക്ക് തുടരുകയായിരുന്നു. നാലാമത്തെ വര്‍ഷം വരുന്ന വര്‍ധന സംഘടനയുടെ ആവശ്യപ്രകാരം ചില്ലറയുടെ പ്രയാസമുള്ളതിനാല്‍ 32 രൂപ വാങ്ങേണ്ട സ്ഥാനത്ത് 30 രൂപയായി നിശ്ചയിച്ചു. അടുത്ത മൂന്നുവര്‍ഷത്തിനു ശേഷം 40 രൂപ ആകാമെന്ന് ബസ്സുടമകള്‍ അന്ന് സമ്മതിച്ചിരുന്നു.
ഇതേത്തുടര്‍ന്നാണ് ടോള്‍ 40 രൂപയായി പുതുക്കി നിശ്ചയിച്ചത്. ഇതില്‍ യാതൊരു നിയമലംഘനവും നടന്നിട്ടില്ലെന്നും കെ കെ ബില്‍ഡേഴ്‌സ് പ്രതിനിധി പറഞ്ഞു.
കേരളത്തിലെ മറ്റു ബസ്സ്റ്റാന്റുകളെല്ലാം സര്‍ക്കാര്‍ നേരിട്ട് നടത്തുന്നതിനാല്‍ അവിടെ സര്‍വീസ് ടാക്‌സ് വേണ്ട. ബസ്സുകളുടെ ടോളിന് സര്‍വീസ് ടാക്‌സ് പിരിക്കുന്നത് നിയമവിരുദ്ധമല്ലെന്നും കരാറുകാര്‍ വ്യക്തമാക്കി. അതേസമയം, കെ കെ ബില്‍ഡേഴ്‌സിന്റെ തീരുമാനം ഒരു കാരണവശാലും അംഗീകരിക്കില്ലെന്നും ഫീസ് വര്‍ധിപ്പിച്ചാല്‍ ബസ്സുകള്‍ ബിഒടി സ്റ്റാന്റില്‍ പ്രവേശിക്കില്ലെന്നും ജില്ലാ ബസ് ഓപറേറ്റേഴ്‌സ് ഓര്‍ഗനൈസേഷന്‍ ഭാരവാഹികള്‍ അറിയിച്ചു. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള നീക്കത്തില്‍നിന്ന് കെ കെ ബില്‍ഡേഴ്‌സ് പിന്‍മാറണം. പഴയ മുനിസിപ്പല്‍ സ്റ്റാന്റില്‍ ബസ്സുകള്‍ക്കും മറ്റു സ്വകാര്യ വാഹനങ്ങള്‍ക്കും പാര്‍ക്കിങിന് സൗകര്യം ഏര്‍പ്പെടുത്തണമെന്നും യോഗം ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it