kannur local

താവം മേല്‍പാലം ഈ ആഴ്ച തുറന്നുകൊടുക്കും

പഴയങ്ങാടി: പാപ്പിനിശ്ശേരി-പിലാത്തറ കെഎസ്ടിപി റോഡിലെ താവം റെയില്‍വേ മേല്‍പാലം ഉദ്ഘാടനം ഒഴിവാക്കി ഗതാഗതത്തിനായി ഈ ആഴ്ച തുറന്നുകൊടുക്കാന്‍ തീരുമാനം. 21 കിലോമീറ്റര്‍ റോഡിന്റെയും മേല്‍പാലങ്ങളുടെയും പണി പൂര്‍ത്തിയായി. സിഗ്നല്‍ സംവിധാനങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ സജ്ജീകരിക്കും. മേല്‍പാലത്തിലെ വളവ് അപകടം വര്‍ധിപ്പിക്കുമെന്ന ആശങ്ക വേണ്ടെന്ന് കെഎസ്ടിപി അധികൃതര്‍ പറഞ്ഞു.
കേരള സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ടേഴ്‌സ് പ്രൊജക്റ്റിന്റെ ഭാഗമായാണ് പിലാത്തറ-പാപ്പിനിശ്ശേരി റോഡ് നിര്‍മാണം തുടങ്ങിയത്. 2013 ഏപ്രില്‍ 23ന് പ്രവൃത്തി ആരംഭിച്ചു. 118 കോടി രൂപയാണു പദ്ധതിത്തുക. 24 മാസം കൊണ്ട് പൂര്‍ത്തിയാക്കാനായിരുന്നു കരാര്‍. എന്നാല്‍ പ്രവൃത്തി അനന്തമായി നീളുകയായിരുന്നു.
താവം പാപ്പിനിശ്ശേരി മേല്‍പാലവും രാമപുരത്ത് പുതിയ പാലവും നിര്‍മിക്കാന്‍ കാലതാമസം നേരിട്ടതാണ് പ്രവൃത്തി പൂര്‍ത്തിയാവാന്‍ തടസ്സം നേരിട്ടത്. കൊച്ചിയിലെ ആര്‍ഡിഎസ് കമ്പനിക്കായിരുന്നു നിര്‍മാണച്ചുമതല. കണ്ണൂര്‍-പയ്യന്നൂര്‍ ദേശീയപാതയിലൂടെ കടന്നുപോവുന്ന വാഹനങ്ങള്‍ക്ക് എട്ടുകിലോമീറ്റര്‍ ദൂരക്കുറവില്‍ ഇതുവഴി യാത്ര ചെയ്യാം. കയറ്റിറക്കങ്ങള്‍ ഇല്ല. ദേശീയപാതയേക്കാള്‍ റോഡ് വീതി കൂടുതലുണ്ട് എന്നതും ഇതുവഴി യാത്ര സുഗമമാക്കും. കെഎസ്ടിപി റോഡില്‍ അപകടങ്ങള്‍ ഒഴിവാക്കാന്‍ നടപടി സ്വീകരിച്ചുവരുന്നുണ്ട്. ദേശീയ റോഡ് സുരക്ഷാ ഏജന്‍സി പഠനം നടത്തി റിപോര്‍ട്ട് സമര്‍പ്പിച്ചു. നിരീക്ഷണ കാമറകളും ഒരുക്കുന്നുണ്ട്.
താവം മേല്‍പാലം തുറന്നുകൊടുക്കുന്നതോടെ പഴയങ്ങാടി നഗരത്തില്‍ ഗതാഗതക്കുരുക്ക് രൂക്ഷമാവാന്‍ സാധ്യതയുണ്ട്. സ്റ്റാന്റ് നിര്‍മാണം പൂര്‍ത്തിയാവാത്തതിനാല്‍ ബസ്സുകള്‍ റോഡില്‍ നിര്‍ത്തിയിട്ടാണ് ആള്‍ക്കാരെ കയറ്റുന്നതും ഇറക്കുന്നതും. പഴയങ്ങാടി നഗരത്തില്‍ കാല്‍നടയാത്രികര്‍ക്ക് റോഡ് മുറിച്ചുകടക്കാന്‍ പോലും പറ്റാത്ത അവസ്ഥയാണ്.

Next Story

RELATED STORIES

Share it