palakkad local

താഴേത്തട്ടിലുള്ളവരുടെ ഉന്നമനത്തിനായി ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കും: മന്ത്രി

പാലക്കാട്: സംസ്ഥാനത്ത് പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്കായി 392 സ്‌കൂളുകളില്‍ ഗോത്രസാരഥി പദ്ധതിയും സൗജന്യ മെഡിക്കല്‍-എന്‍ജിനീയറിങ് പരിശീലനവും നല്‍കുന്നതിന് പദ്ധതി ആവിഷ്‌കരിച്ചു നടപ്പാക്കിയതായി മന്ത്രി പി കെ ജയലക്ഷ്മി പ്രഖ്യാപിച്ചു. പട്ടികവര്‍ഗ വികസന വകുപ്പിന്റെ 50 ശതമാനം ഫണ്ടും വിദ്യാഭ്യാസ മേഖലയിലെ പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിനാണ് ഉപയോഗിച്ചത്. താഴേത്തട്ടിലുള്ളവരുടെ ഉന്നമനത്തിനായി ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കുന്ന സര്‍ക്കാരിന്റെ മികവാണ് ഇതിലൂടെ വ്യക്തമാകുന്നതെന്നും അവര്‍ പറഞ്ഞു.
പട്ടികവര്‍ഗ വികസന വകുപ്പിന് കീഴില്‍ ആണ്‍കുട്ടികള്‍ക്കായി പണിപൂര്‍ത്തീകരിച്ച മാത്തൂരിലെ മൂന്നുനില പ്രീ മെട്രിക് ഹോസ്റ്റലിന്റെ ഉദ്ഘാടനം ഹോസ്റ്റല്‍ അങ്കണത്തില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അവര്‍. ഇപ്പോള്‍ അനുവാദം നല്‍കിയ മൂന്ന് റസിഡന്‍ഷ്യല്‍ സ്‌കൂളുകള്‍ക്ക് പുറമെ കേന്ദ്രസര്‍ക്കാരിന്റെ സഹായത്തോടെ സംസ്ഥാനത്ത് പത്ത് മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകള്‍ കൂടി ആരംഭിക്കുന്നതിനുള്ള പദ്ധതി സമര്‍പ്പിച്ചിട്ടുണ്ട്. സൗജന്യമായി സ്ഥലം ലഭ്യമാക്കിയ സംസ്ഥാനത്തെ എല്ലാ പട്ടിക വര്‍ഗ സ്‌കൂളുകളിലും പ്രീമെട്രിക് ഹോസ്റ്റല്‍ സര്‍ക്കാര്‍ പൂര്‍ത്തീകരിച്ചു കഴിഞ്ഞു. കേരള സര്‍ക്കാര്‍ ആവിഷ്‌കരിച്ച വിദ്യോദയം പദ്ധതി, സര്‍ഗോല്‍സവം, കളിക്കളം 2015 എന്നിവയെല്ലാം വിദ്യാഭ്യാസരംഗത്ത് മുതല്‍ക്കൂട്ടാണെന്നും അവര്‍ ചൂണ്ടിക്കാട്ടി. മാത്തൂര്‍ പ്രീമെട്രിക് ഹോസ്റ്റലിലേക്കുള്ള റോഡിന്റെ സ്ഥിതി ശോചനീയമാണെന്നും റോഡ് നേരെയാക്കുന്നതിന് ഫണ്ട് അനുവദിക്കണമെന്നും ചടങ്ങില്‍ അധ്യക്ഷതവഹിച്ച ഷാഫി പറമ്പില്‍ എം എല്‍എ ആവശ്യപ്പെട്ടു.
ഷാഫി പറമ്പിലിന്റെ ആവശ്യത്തെ തുടര്‍ന്ന് റോഡ് വികസനത്തിന് ഫണ്ട് അനുവദിക്കുമെന്നും മന്ത്രി സദസിനെ അറിയിച്ചു. കുഴല്‍മന്ദം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി ഷേളി, മാത്തൂര്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ടി എം പുഷ്പദാസ്, പട്ടികവര്‍ഗ വികസന വകുപ്പ് ഡയറക്ടര്‍ ഡോ. പി പുകഴേന്തി, ജില്ലാ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫിസര്‍ സി രാജലക്ഷ്മി, ബ്ലോക്ക് പഞ്ചായത്ത് മെംബര്‍ ലീലാവതി, മാത്തൂര്‍ ഗ്രാമ പഞ്ചായത്ത് അംഗങ്ങള്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it