malappuram local

താഴികക്കുടം തട്ടിപ്പ്:  പണം നഷ്ടപ്പെട്ടെന്ന പരാതിയുമായി മൂന്നുപേര്‍; കേസില്‍ രണ്ടുപേര്‍ കൂടി അറസ്റ്റില്‍

എടപ്പാള്‍: ദിവ്യശക്തിയുണ്ടെന്ന പ്രചാരണം നടത്തി താഴികക്കുടം വില്‍ക്കാന്‍ ശ്രമിച്ച് ലക്ഷങ്ങള്‍ തട്ടിയെടുത്ത സംഭവത്തില്‍ രണ്ടുപേര്‍ കൂടി അറസ്റ്റില്‍. കോഴിക്കോട് കുറ്റിയാടി പശുക്കടവ് പാറച്ചവീട്ടില്‍ മനോജ്(42), തിരൂര്‍ ചേന്നര അരങ്ങത്ത് പറമ്പില്‍ മുഹമ്മദ്കുട്ടി എന്ന മാനു (44) എന്നിവരെയാണ് ചങ്ങരംകുളം എസ്‌ഐ വിനോദ് അറസ്റ്റ് ചെയ്തത്. അതേസമയം തട്ടിപ്പിനിരയായി ലക്ഷങ്ങള്‍ നഷ്ടപ്പട്ടെ മൂന്നുപേര്‍ കൂടി ചങ്ങരംകുളം പോലിസില്‍ പരാതി നല്‍കി.
നേരത്തെ അറസ്റ്റിലായവര്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ ഇരുവരേയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയായിരുന്നു. അറസ്റ്റ് ചെയ്ത ഇരുവരേയും കോടതി റിമാന്‍ഡ് ചെയ്തു. ദിവ്യശക്തിയുള്ള താഴികക്കുടം വില്‍ക്കാനുണ്ടെന്ന് പ്രചരിപ്പിച്ച് സംസ്ഥാനത്തിനകത്തും പുറത്തുനിന്നുമായി ലക്ഷക്കണക്കിനു രൂപയാണ് സംഘം തട്ടിയെടുത്തിരുന്നത്. തട്ടിപ്പ് സംഘത്തെ പിടികൂടിയ വിവരമറിഞ്ഞ് തട്ടിപ്പിനിരയായവര്‍ ചങ്ങരംകുളം പോലിസില്‍ ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണ്.
കുന്ദംകുളത്തെ ആക്രിക്കടയില്‍ നിന്നും 1250 രൂപയ്ക്ക് വാങ്ങിയ പഴയ പിച്ചളതാഴികക്കുടം കാണിച്ചായിരുന്നു തട്ടിപ്പ്. ഇതില്‍ അമൂല്യ ലോഹമായ ഇറിഡിയം അടങ്ങിയിട്ടുണ്ടെന്നും അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ 2500 കോടി വില കിട്ടുമെന്നും പ്രചരിപ്പിക്കുകയായിരുന്നു.
എടപ്പാളിലെ ഒരു ടൂറിസ്റ്റ് ഹോമില്‍ രഹസ്യമായി തട്ടിപ്പു സംഘം ക്യാംപ് ചെയ്തിട്ടുണ്ടെന്ന വിവരത്തെ തുടര്‍ന്നായിരുന്നു പോലിസ് ഇവരെ അറസ്റ്റ് ചെയ്തത്. തട്ടിപ്പുമായി ബന്ധപ്പെട്ട ഒട്ടേറെ ആളുകളുണ്ടെന്നും ഇവര്‍ക്കുവേണ്ടി അന്വേഷണം നടന്നുവരികയാണെന്നും എസ്‌ഐ വിനോദ് പറഞ്ഞു.
Next Story

RELATED STORIES

Share it