Pravasi

താല്‍ക്കാലിക മത്വാഫ് മൂന്നു മാസത്തിനുള്ളില്‍ പൊളിക്കും

നിഷാദ് അമീന്‍

ജിദ്ദ: മക്കയിലെ വിശുദ്ധ കഅ്ബാലയം പ്രദക്ഷിണം (ത്വവാഫ്) ചെയ്യാനുള്ള സൗകര്യാര്‍ത്ഥം സ്ഥാപിച്ച താല്‍ക്കാലിക മത്വാഫ് പാലം മൂന്ന് മാസത്തിനുശേഷം പൊളിച്ചുനീക്കും. മത്വാഫ് വികസനം ഉള്‍പ്പെടെയുള്ള ഹറം വികസന പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാലാണ് താല്‍ക്കാലിക മതാഫ് നിര്‍മിച്ചിരുന്നത്.
റമദാന് മുമ്പ് താല്‍ക്കാലിക മത്വാഫ് പൂര്‍ണമായും പൊളിച്ചുനീക്കാനാവുമെന്ന് അധികൃതര്‍ അറിയിച്ചു. നിര്‍മാണ ജോലികള്‍ ഏതാണ്ട് പൂര്‍ത്തിയായി കഴിഞ്ഞു. കൂടുതല്‍ ഉംറ തീര്‍ത്ഥാടകരെത്തുന്ന റമദാന്‍ മാസത്തില്‍ വിശ്വാസികള്‍ക്ക് കൂടുതല്‍ സൗകര്യത്തോടെ ത്വവാഫ് നിര്‍വഹിക്കാനാവും. മണിക്കൂറില്‍ 1.05 ലക്ഷം തീര്‍ത്ഥാടകര്‍ക്ക് കഅ്ബ പ്രദക്ഷിണം ചെയ്യാവുന്ന വിധമാണ് മത്വാഫ് വിപുലീകരിക്കുന്നത്. പഴയ മതാഫില്‍ മണിക്കൂറില്‍ 48,000 പേര്‍ക്കു മാത്രമായിരുന്നു ത്വവാഫ് സാധിച്ചിരുന്നത്.
ഈ വര്‍ഷം 60 ലക്ഷം ഉംറ തീര്‍ത്ഥാടകരെയാണ് പ്രതീക്ഷിക്കുന്നത്. ഹറം വികസനത്തിന്റെ മൂന്നാംഘട്ടം പൂര്‍ത്തിയായാല്‍ 16 ലക്ഷം പേര്‍ക്കു കൂടി ഉംറ വിസ നല്‍കാന്‍ സാധിക്കും. 15,000 തൊഴിലാളികളാണ് മതാഫ് വികസന ജോലിയില്‍ വ്യാപൃതരായിട്ടുള്ളത്. മസ്ദിജുല്‍ ഹറാമിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വികസന പ്രവര്‍ത്തനങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്.
Next Story

RELATED STORIES

Share it