wayanad local

താല്‍ക്കാലിക ഭവനനിര്‍മാണത്തിന് സഞ്ചാരികളുടെ സഹായം

കല്‍പ്പറ്റ: കാലവര്‍ഷത്തിനിടെ ഉരുള്‍പൊട്ടിയും മണ്ണിടിഞ്ഞും വെള്ളംകയറിയും വീടു നശിച്ചവര്‍ക്കായുള്ള താല്‍ക്കാലിക ഭവനനിര്‍മാണത്തില്‍ വിനോദസഞ്ചാരികളുടെ സേവനവും ഉപയോഗപ്പെടുത്തി ബംഗളൂരു പ്രൊജക്റ്റ് വിഷന്‍. ബംഗളൂരു കെയേഴ്‌സ് ഫോര്‍ കേരള പദ്ധതിയില്‍ പ്രൊജക്റ്റ് വിഷന്‍ ആവിഷ്‌കരിച്ച സോഷ്യല്‍ ടൂറിസം പരിപാടിയുടെ ഭാഗമായാണ് വിനോദസഞ്ചാരികള്‍ വയനാട്ടില്‍ സന്നദ്ധപ്രവര്‍ത്തനം നടത്തുന്നത്. കെടുതികള്‍ മൂലം ജില്ലയില്‍ തകര്‍ന്നടിഞ്ഞ വിനോദസഞ്ചാര മേഖലയുടെ വീണ്ടെടുപ്പും ലക്ഷ്യമിട്ട് പ്രൊജക്റ്റ് വിഷന്‍ വടുവന്‍ചാല്‍ പാടിവയല്‍ എന്റര്‍പ്രൈസസിന്റെ സഹകരണത്തോടെ ആസൂത്രണം ചെയ്തതാണ് സോഷ്യല്‍ ടൂറിസം. യാത്രയ്ക്ക് ഒഴികെ മുഴുവന്‍ ചെലവുകളും വഹിച്ച് സഞ്ചാരികളെ ജില്ലയിലെത്തിച്ച് വിനോദസഞ്ചാര കേന്ദ്രങ്ങള്‍ കാണാന്‍ സൗകര്യം ഒരുക്കുകയും താല്‍ക്കാലിക ഭവനനിര്‍മാണത്തില്‍ പങ്കാളികളാക്കുകയുമാണ് പരിപാടിയിലൂടെ ചെയ്യുന്നത്.
സോഷ്യല്‍ ടൂറിസത്തിന്റെ ആദ്യഘട്ടത്തില്‍ കര്‍ണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളില്‍ നിന്നുള്ള 60 സഞ്ചാരികളാണ് ജില്ലയിലെത്തിയത്. സപ്തംബര്‍ 30 മുതല്‍ ഒക്ടോബര്‍ രണ്ടുവരെ ജില്ലയില്‍ തങ്ങിയ ഇവര്‍ പനമരം കൊളത്താറ, തൊണ്ടര്‍നാട്, വിളമ്പുകണ്ടം എന്നിവിടങ്ങളിലായി 50 താല്‍ക്കാലിക വീടു നിര്‍മാണത്തില്‍ പങ്കാളികളായി.
വയനാട്ടില്‍ ജില്ലാ ഭരണകൂടം 650 താല്‍ക്കാലിക ഭവനങ്ങളുടെ നിര്‍മാണമാണ് സന്നദ്ധ സംഘടനകള്‍ മുഖേന നടത്തുന്നത്. ഇതില്‍ 328 വീടുകളാണ് സുവര്‍ണ കര്‍ണാടക കേരള സമാജം, ഐഫോ, ഹാബിറ്റാറ്റ്, ഫിഡലിറ്റി, ക്ലൂണി സിസ്‌റ്റേഴ്‌സ് കോണ്‍ഗ്രിഗേഷന്‍ എന്നിവയുടെ സഹകരണത്തോടെ പ്രൊജക്റ്റ് വിഷന്‍ പണിയുന്നത്.
പനമരം പഞ്ചായത്തില്‍ 252ഉം എടവകയില്‍ 13ഉം തവിഞ്ഞാലില്‍ 38ഉം തൊണ്ടര്‍നാട് 15ഉം വെള്ളമുണ്ട പഞ്ചായത്തില്‍ പത്തും താല്‍ക്കാലിക വീടുകളുടെ നിര്‍മാണമാണ് ഏറ്റെടുത്തത്. കുറഞ്ഞ ചെലവ്, പെട്ടെന്നുള്ള പൂര്‍ത്തീകരണം, നിര്‍മാണവസ്തുക്കളുടെ പുനരുപയോഗം എന്നീ ഐക്യരാഷ്ട്ര സംഘടനാ മാനദണ്ഡങ്ങള്‍ പാലിച്ചാണ് നിര്‍മാണം. ഗുണഭോക്താക്കളുടെയും തദ്ദേശസ്ഥാപനങ്ങളുടെയും അസോസിയേഷന്‍ ഓഫ് എന്‍ജിനീയേഴ്‌സ് കേരളയുടെയും സഹകരണത്തോടെയാണ് പദ്ധതി നിര്‍വഹണം. 150 ചതുരശ്രയടി വിസ്തൃതിയുള്ളതാണ് പ്രൊജക്റ്റ് വിഷന്‍ പണിയുന്ന താല്‍ക്കാലിക ഭവനം. യൂനിറ്റിന് 20,000 രൂപയാണ് ഏകദേശ നിര്‍മാണച്ചെലവ്. ഗുണഭോക്താക്കളില്‍ ഏറെയും ആദിവാസികളാണ്.
സോഷ്യല്‍ ടൂറിസം പരിപാടിയില്‍ ജില്ലയിലെത്തിയ സഞ്ചാരികള്‍ക്കു റിസോര്‍ട്ടുകളിലാണ് താമസ-ഭക്ഷണ സൗകര്യം ഒരുക്കിയത്. ഇതിനുള്ള ചെലവ് പ്രോഗ്രാം സ്‌പോണ്‍സര്‍ ചെയ്ത പാടിവയല്‍ എന്റര്‍പ്രസൈസാണ് വഹിച്ചതെന്നു പ്രൊജക്റ്റ് വിഷന്‍ ജില്ലാ രക്ഷാധികാരി ഫാ. തോമസ് ജോസഫ് തേരകം, വീടുനിര്‍മാണത്തിനു നേതൃത്വം നല്‍കുന്ന ഷനൂപ് ജോര്‍ജ്, ജോമോന്‍ ജോസഫ്, റോണി ജോസ് എന്നിവര്‍ പറഞ്ഞു. ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ സുരക്ഷിതവും വിജ്ഞാനആനന്ദദായകവുമാണെന്ന് ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള സഞ്ചാരികളെ ബോധ്യപ്പെടുത്താനും സോഷ്യല്‍ ടൂറിസം ഉതകിയെന്ന് അവര്‍ അഭിപ്രായപ്പെട്ടു. പകല്‍ സന്നദ്ധസേവനത്തിലും സായാഹ്‌നം മുതല്‍ ഏതാനും മണിക്കൂറുകള്‍ വിനോദസഞ്ചാരത്തിലും ഏര്‍പ്പെടുന്ന വിധത്തിലാണ് സോഷ്യല്‍ ടൂറിസം ക്രമീകരണം. തൊഴില്‍ നൈപുണ്യം ഉള്ളവരടക്കം സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവരെ പങ്കാളികളാക്കുന്ന സോഷ്യല്‍ ടൂറിസത്തിന്റെ രണ്ടാംഘട്ടം 19 മുതല്‍ 21 വരെ നടത്തും.
Next Story

RELATED STORIES

Share it