thrissur local

താല്‍ക്കാലിക തൊഴിലാളികളെ ചൂഷണം ചെയ്യുന്നതായി ആക്ഷേപം

പുതുക്കാട്: വനംവകുപ്പ് ഉദ്യോഗസ്ഥര്‍ താല്‍ക്കാലിക തൊഴിലാളികളെ ചൂഷണം ചെയ്യുന്നതായി ആക്ഷേപം. തേക്ക് തോട്ടത്തിലെ അടിക്കാട് വെട്ടാന്‍ തൊഴിലാളികളെ നിര്‍ബന്ധിച്ച് ഫണ്ട് തട്ടിയെടുക്കാന്‍ ശ്രമിക്കുന്നതായും പരാതി ഉയര്‍ന്നു. പാലപ്പിള്ളി റേഞ്ചിലെ കുട്ടഞ്ചിറ തേക്ക് തോട്ടത്തിലാണ് താല്‍ക്കാലിക തൊഴിലാളികളെ ഉപയോഗിച്ച് ഉദ്യോഗസ്ഥര്‍ അടിക്കാട് വെട്ടിക്കുന്നത്.
വകുപ്പിലെ വിവിധ മേഖലകളില്‍ താല്‍ക്കാലികമായി പണിയെടുക്കുന്ന തൊഴിലാളികളെ കൊണ്ട് കാടു വെട്ടിക്കുന്നതിലൂടെ കരാര്‍ തുക തട്ടിയെടുക്കാനാണ് ഉദ്യോഗസ്ഥരുടെ ശ്രമമെന്ന് പറയുന്നു. കരാര്‍ നടപടികള്‍ നടക്കാനിരിക്കെ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടേയും ടെണ്ടര്‍ ഏല്‍പ്പിക്കാന്‍ സാധ്യതയുള്ള കരാറുകാരന്റേയും അറിവോടെയാണ് നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. ഫലത്തില്‍ കരാര്‍ നല്‍കി ചെയ്യേണ്ട ജോലി സര്‍ക്കാര്‍ ശമ്പളം വാങ്ങുന്ന താല്‍ക്കാലിക ജീവനക്കാരെ ഉപയോഗിച്ച് ചെയ്യിക്കുകയാണിപ്പോള്‍. തൊഴിലാളികള്‍ അടിക്കാട് വെട്ടാന്‍ തുടങ്ങിയിട്ട് പത്ത് ദിവസത്തിലേറെയായി.
കുട്ടഞ്ചിറ തോട്ടത്തിലെ പത്തായപാറയില്‍ ആറര ഹെക്ടര്‍ വരുന്ന കാട് തൊഴിലാളികള്‍ വെട്ടിത്തെളിച്ചു കഴിഞ്ഞു. 25 ഹെക്ടര്‍ വരുന്ന തോട്ടത്തില്‍ ഒരു ഹെക്ടര്‍ കാടുവെട്ടുന്നതിന് പന്ത്രണ്ടായിരം രൂപയോളമാണ് കരാര്‍ നല്‍കുന്നത്. മുന്‍കൂട്ടി കാടുവെട്ടുന്നതുമൂലം നടക്കാനിരിക്കുന്ന ടെണ്ടര്‍ പ്രഹസനം മാത്രമാകും. കരാര്‍ ആരെ ഏല്‍പിക്കണമെന്ന് നേരത്തെ നിശ്ചയിച്ചുറപ്പിച്ച വകുപ്പിലെ ഉന്നതരുടെ അറിവോടെയാണ് ജീവനക്കാര്‍ നേരിട്ട് കാട് വെട്ടുന്നത്. നേരത്തേ വനം വകുപ്പിന്റെ താല്‍ക്കാലിക കണ്‍വീനര്‍മാരുടെ നേതൃത്വത്തിലാണ് കാട് വെട്ടുന്ന ജോലികള്‍ നടത്തിയിരുന്നത്.
Next Story

RELATED STORIES

Share it