thrissur local

താല്‍ക്കാലിക തടയണ പഴയ സ്ഥലത്ത് തന്നെ നിര്‍മിക്കാന്‍ തീരുമാനം

മാള: ചാലക്കുടി പുഴയിലേക്ക് ഉപ്പ് വെളളം കയറുന്നത് തടയാനായി കണക്കന്‍കടവിനടുത്തുളള കോഴിത്തുരുത്തില്‍ നിര്‍മ്മിക്കുന്ന താല്‍കാലിക തടയണ പഴയ സ്ഥലത്ത് തന്നെ നിര്‍മ്മിക്കാന്‍ തീരുമാനം. സാധാരണയായി തടയണ നിര്‍മ്മിക്കുന്ന സ്ഥലത്ത് നിന്ന് പുറകിലേക്ക് മാറ്റി തടയണ നിര്‍മ്മിക്കണമെന്ന നാട്ടുകാരുടെ ആവശ്യം പരിഗണിച്ചെങ്കിലും പഴയ സ്ഥലത്ത് തന്നെ നിര്‍മ്മിക്കാനാണ് മേജര്‍ ഇറിഗേഷന്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ തീരുമാനിച്ചത്. കോഴിത്തുരുത്തില്‍ സ്ഥിരമായി കെട്ടുന്ന ഭാഗത്ത് തന്നെ തടയണ കെട്ടുന്നതിനാണ് അനുമതി കിട്ടിയിരിക്കുന്നത്. പുതിയ സ്ഥലത്ത് തടയണ കെട്ടണമെങ്കില്‍ സര്‍ക്കാരില്‍ നിന്ന് അനുമതി കിട്ടേണ്ടതായുണ്ട്. ഇതിന് കാലതാമസം വരുമെന്നതിനാലാണ് പഴയ സ്ഥലത്ത് തന്നെ താല്‍കാലിക തടയണ നിര്‍മ്മിക്കാന്‍ മേജര്‍ ഇറിഗേഷന്‍ വകുപ്പധികൃതര്‍ തീരുമാനിച്ചത്. കോഴിത്തുരുത്തില്‍ സാധാരണ കെട്ടുന്ന സ്ഥലത്ത് നിന്ന് തടയണ പുറകിലേക്ക് മാറ്റണമെന്നാവശ്യവുമായി നാട്ടുകാര്‍ രംഗത്തെത്തിയതോടെയാണ് മേജര്‍ ഇറിഗേഷന്‍ വകുപ്പുദ്യോഗസ്ഥര്‍ അനുയോജ്യമായ സ്ഥലം കണ്ടെത്തുന്നതിന് കണക്കന്‍കടവിലെത്തിയത്. വിവിധ സ്ഥലങ്ങള്‍ പരിഗണിച്ചെങ്കിലും പുതിയ സ്ഥലത്ത് തടയണ കെട്ടുന്നതിന് അനുമതി  നേടിയെടുക്കേണ്ട കാര്യം ഉദ്യഗസ്ഥര്‍ സൂചിപ്പിച്ചു. ഇത് തടയണ നിര്‍മ്മാണം അനിശ്ചിതമായി നീളുന്നതിന് ഇടയാക്കുമെന്ന് കണ്ടതോടെയാണ് പഴയ സ്ഥലത്ത് തന്നെ തടയണ നിര്‍മ്മിക്കാന്‍ തീരുമാനിച്ചത്. ഈ വര്‍ഷം നവംബറില്‍ തന്നെ കണക്കന്‍കടവില്‍ താല്‍കാലിക ബണ്ട് നിര്‍മ്മിക്കുന്നതിന് അനുമതിയായെങ്കിലും ഡ്രഡ്ജര്‍ വിട്ടുകിട്ടുന്നത് വൈകിയതാണ് തടയണ നിര്‍മ്മാണം വൈകാനിടയാക്കിയത്. ഡ്രഡ്ജറിന്റെ യന്ത്രസാമഗ്രികള്‍ വെല്‍ഡ് ചെയ്‌തെത്തുന്നതിന് കാലതാമസവും നേരിട്ടു.ഇതിനിടയിലാണ് തടയണ പുതിയ സ്ഥലത്ത് നിര്‍മ്മിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ രംഗത്തെത്തിയത്. അതിനിടെ ഡ്രഡ്ജര്‍ പ്രവര്‍ത്തിപ്പിക്കുന്നതിനുളള തയ്യാറെടുപ്പുകളും തുടങ്ങി. മണ്ണെടുക്കുന്നതിനുളള കുഴലുകള്‍ ഡ്രഡ്ജറുമായി കൂട്ടിയിണക്കുന്ന ജോലിയും ആരംഭിച്ചിട്ടുണ്ട്. തടയണ നിര്‍മ്മിക്കുന്നതോടെ പുത്തന്‍വേലിക്കര, കുഴൂര്‍, പൊയ്യ, അന്നമനട, പാറക്കടവ്, കുന്നുകര തുടങ്ങിയ പഞ്ചായത്തുകളിലെ ജനങ്ങള്‍ക്കാണ് ഏറെ ഗുണകരമാകുക. ചാലക്കുടിപുഴയില്‍ ഉപ്പ് വെളളം കയറിയതിനെതുടര്‍ന്ന് കഴിഞ്ഞ വര്‍ഷം വിവിധ ജലസേച പദ്ധതികള്‍ നിര്‍ത്തിവെക്കുകയുമുണ്ടായി. ഇത്തവണയും കുണ്ടൂരിലെ രണ്ട് പമ്പിംഗ് സ്‌റ്റേഷനുകള്‍ നിര്‍ത്തി വെച്ചിരുന്നു.
Next Story

RELATED STORIES

Share it