thiruvananthapuram local

താല്‍ക്കാലിക ജോലിക്ക് ഇനി വിട; സജി കോട്ടുകാല്‍ പഞ്ചായത്ത് ഭരിക്കും

കോവളം: ഇത്രയും നാള്‍ പഞ്ചായത്തിലെ താല്‍ക്കാലിക ജീവനക്കാരിയായി സേവനം അനുഷ്ടിച്ചിരുന്ന ടി സജി ഇനിമുതല്‍ കോട്ടുകാല്‍ ഗ്രാമപ്പഞ്ചായത്ത് ഭരിക്കും.
പഞ്ചായത്ത് പ്രസിഡന്റായി എത്തുന്ന സജി എന്ന റൂബിക്ക് വേദനനിറഞ്ഞ കഥകളാണ് പറയാനുള്ളത്. ലാസ്റ്റ് ഗ്രേഡ് ജോലിമുതല്‍ പഞ്ചായത്തിലെത്തുന്നവര്‍ക്ക് വേണ്ടവിധത്തിലുള്ള സഹായങ്ങള്‍ ചെയ്ത് വന്ന വനിതയാണ് മണ്ണക്കല്ല് വാര്‍ഡില്‍ നിന്നും വിജയിച്ച സജി. കൂലിവേലക്കാരനായ ഭര്‍ത്താവ് പുരുഷോത്തമനോടൊപ്പം കുടുംബം പോറ്റാന്‍ പെട്രോള്‍ ബങ്കിലെ ജോലി വരെ നോക്കേണ്ടിവന്നു. അങ്കണവാടി വര്‍ക്കറായിട്ടായിരുന്നു തുടക്കം. 2005ല്‍ കോട്ടുകാല്‍ പഞ്ചായത്തില്‍ താല്‍ക്കാലിക ജോലി. ഗ്രാമപ്പഞ്ചായത്ത് സഭകള്‍ കൂടുമ്പോള്‍ ജനപ്രതിനിധികള്‍ക്ക് ചായ എത്തിക്കുന്നത് വരെ സജിയായിരുന്നു.
ഒരിക്കലും സജി മനസുകൊണ്ടുപോലും വിചാരിച്ചി—ല്ല താന്‍ പഞ്ചായത്തിന്റെ അധ്യക്ഷപദവിയില്‍ എത്തുമെന്ന്. പക്ഷേ എല്ലാം യാദൃശ്ചികമായിരുന്നു. മണ്ണക്കല്ല് വാര്‍ഡില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി ആദ്യം നിശ്ചയിച്ചിരുന്നത് സജിയെയായിരുന്നു. എന്നാല്‍ പിന്നീട് ആ പ്രഖ്യാപനം മുക്കി. മല്‍സരരംഗത്തുനിന്നും സജി പിന്‍വാങ്ങാതെ പ്രദേശവാസികളുടെ പിന്തുണയോടെ സ്വതന്ത്രയായി മല്‍സരിച്ച് 29 വോട്ടന്റെ ഭൂരിപക്ഷത്തില്‍ വിജയം നേടി.
ഭര്‍ത്താവും മൂന്ന് മക്കളുമടങ്ങുന്നതാണ് സജിയുടെ കുടുംബം. കഷ്ടതനിറഞ്ഞ കുടുംബങ്ങളിലെ കണ്ണ്‌നീരൊപ്പുന്നതായിരുക്കും തന്റെ പ്രവര്‍ത്തനമെന്ന് സജി പറഞ്ഞു. എല്‍ഡിഎഫ് കണ്‍വീനറും കോട്ടുകാല്‍ സിപിഎം ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയും ഓഫിസ് വാര്‍ഡില്‍നിന്നും വിജയിച്ച യുവാവുമാണ് വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട കെ എസ് സജി.
Next Story

RELATED STORIES

Share it