താല്‍ക്കാലിക ഒഴിവുകള്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ റിപോര്‍ട്ട് ചെയ്യുന്നുണ്ടോയെന്ന് ഉറപ്പാക്കണം

തിരുവനന്തപുരം: താല്‍ക്കാലിക ഒഴിവുകള്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ റിപോര്‍ട്ട് ചെയ്യണമെന്ന നിബന്ധന കൃത്യമായി പാലിക്കുന്നുണ്ടോയെന്ന് ബന്ധപ്പെട്ട വകുപ്പുകള്‍ ഉറപ്പുവരുത്തണമെന്ന് യുവജനക്ഷേമവും യുവജനകാര്യവും സംബന്ധിച്ച നിയമസഭാസമിതി സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തു.
പിഎസ്‌സി റാങ്ക്‌ലിസ്റ്റ് നിലവിലില്ലാത്ത എല്ലാ തസ്തികകളിലെയും ഒഴിവുകളില്‍ കരാര്‍, ദിവസവേതന നിയമനങ്ങള്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴിയാവണം. പൊതുമേഖലാ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ള എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളിലെയും എല്ലാ താല്‍ക്കാലിക ഒഴിവുകളിലും എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴി നിയമനം നടത്തണമെന്നത് സംബന്ധിച്ച് സര്‍ക്കാരിന്റെ പരിഗണനയിലുള്ള ബില്ലില്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും സമിതി ശുപാര്‍ശ ചെയ്തു.
ജോസഫ് വാഴയ്ക്കന്‍ ചെയര്‍മാനായ സമിതിയുടെ റിപോര്‍ട്ട് നിയമസഭയുടെ മേശപ്പുറത്തുവച്ചു. ഏകീകൃത മാതൃകയിലുള്ള സീനിയോറിറ്റി ലിസ്റ്റ് ഏതൊരാള്‍ക്കും മനസ്സിലാവുന്നവിധം എല്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലും തയ്യാറാക്കി പ്രദര്‍ശിപ്പിക്കണം. സീനിയോറിറ്റി മറികടന്ന് ഉദ്യോഗാര്‍ഥികളെ യാതൊരു കാരണവശാലും നാമനിര്‍ദേശം ചെയ്യരുത്.
നിയമനം ലഭിക്കുന്ന ഉദ്യോഗാര്‍ഥിയെ നിശ്ചിതകാലയളവ് കഴിയുമ്പോള്‍ പിരിച്ചുവിട്ടോയെന്ന് അന്വേഷിക്കുന്നതിനും ബന്ധപ്പെട്ട സ്ഥാപനത്തില്‍നിന്ന് ഡിസ്ചാര്‍ജ് സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കിയിട്ടുണ്ടോയെന്നും പരിശോധിക്കാന്‍ നടപടിക്രമമുണ്ടാവണം. സീനിയോറിറ്റി സംബന്ധിച്ച പരാതികള്‍ പരിശോധിക്കാന്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളില്‍ പരാതി പരിഹാര സെല്ലുകള്‍ രൂപീകരിക്കണം. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ ഓണ്‍ലൈന്‍ സേവനം യൂസര്‍ ഫ്രന്‍ഡ്‌ലി ആവണം. ഓണ്‍ലൈന്‍ രജിസ്റ്റര്‍ ചെയ്യുന്ന ഉദ്യോഗാര്‍ഥികള്‍ക്ക് എസ്എംഎസ് അലര്‍ട്ട് നല്‍കുന്നതിനും സംവിധാനമുണ്ടാവണം. വാട്ടര്‍ അതോറിറ്റിയിലെ പമ്പ് ഓപറേറ്റര്‍ നിയമനങ്ങള്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ പരിധിയില്‍ കൊണ്ടുവരണം. കെഎസ്എഫ്ഇയിലെ നിയമനങ്ങള്‍ക്കായുണ്ടാക്കിയ കരാര്‍ കാലാവധി തീരുന്ന മുറയ്ക്ക് റദ്ദാക്കണം. ഈ നിയമനങ്ങളെല്ലാം പിഎസ്‌സി അല്ലെങ്കില്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴിയാക്കണമെന്നും നിയമസഭാസമിതി ശുപാര്‍ശ ചെയ്തു.
Next Story

RELATED STORIES

Share it