Kollam Local

താലൂക്ക് സര്‍വേ ഓഫിസുകളില്‍ വിജിലന്‍സ് റെയ്ഡ്

കൊല്ലം: ജില്ലയിലെ താലൂക്ക് സര്‍വേ ഓഫിസുകളില്‍ വിജിലന്‍സ് നടത്തിയ റെയ്ഡില്‍ നിരവധി ക്രമക്കേടുകള്‍. കൈക്കൂലി നല്‍കാതെ സര്‍വേയ്ക്ക് പോകാന്‍ ഉദ്യോഗസ്ഥര്‍ തയ്യാറാകുന്നില്ലെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ ജില്ലയിലൊട്ടാകെ 5423 അപേക്ഷകള്‍ കെട്ടിക്കിടക്കുന്നതായി കണ്ടെത്തി. കൊല്ലം, കൊട്ടാരക്കര, കുന്നത്തൂര്‍, കരുനാഗപ്പള്ളി, പത്തനാപുരം, പുനലൂര്‍ എന്നിവിടങ്ങളിലാണ് പരിശോധന നടന്നത്. കൊല്ലത്ത് 2273 അപേക്ഷകളാണ് തീര്‍പ്പാകാതെയുള്ളത്. കുന്നത്തൂരില്‍ 1104 ഉം കൊട്ടാരക്കരയില്‍ 998 ഉം കരുനാഗപ്പള്ളിയില്‍ 397 ഉം പത്തനാപുരത്ത് 355 ഉം പുനലൂരില്‍ 296 ഉം അപേക്ഷകള്‍ തീര്‍പ്പാകാതെ കിടപ്പുള്ളതായി കണ്ടെത്തി.ഓഫിസില്‍ വാഹനമുണ്ടെങ്കിലും ആവശ്യക്കാര്‍ വാഹനവുമായി വന്നാല്‍ മാത്രമേ റീസര്‍വേയ്ക്ക് ഉദ്യോഗസ്ഥര്‍ പോകുകയുള്ളു. മൂവ്‌മെന്റ് രജിസ്റ്ററും ക്യാഷ് രജിസ്റ്ററും ഒരു ഓഫിസിലും സൂക്ഷിക്കുന്നില്ലെന്നും കണ്ടെത്തിയിട്ടുണ്ട്. സീനിയോറിട്ടി അനുസരിച്ച് അപേക്ഷ തീര്‍പ്പാക്കണമെന്ന നിയമവും പാലിക്കപ്പെടുന്നില്ല. ഡിവൈഎസ്പി കെ അശോക്കുമാറിന്റെ നേതൃത്വത്തില്‍ സിഐമാരായ പ്രമോദ് കൃഷ്ണ, സുധീഷ്, പ്രസാദ്, എംഎം ജോസ്, അല്‍ജബ്ബാര്‍, എസ്‌ഐ സുനില്‍കുമാര്‍ എന്നിവര്‍ റെയ്ഡില്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it