thrissur local

താലൂക്ക് വികസന സമിതിയില്‍ അസി. ഓഫിസറുടെ പ്രതിഷേധം

ചാവക്കാട്: ഗുരുവായൂരിലെ അഗ്‌നിശമന സേനാ ഓഫിസിലെ ജീവനക്കാര്‍ക്കു കുടിവെള്ളം തടഞ്ഞ ഗുരുവായൂര്‍ ദേവസ്വം നടപടിയില്‍ പ്രതിഷേധവുമായി ഫയര്‍സ്‌റ്റേഷന്‍ അസിസ്റ്റന്റ് ഓഫിസര്‍ താലൂക്ക് വികസന സമിതിയില്‍.
ഗുരുവായൂര്‍ മുനിസിപ്പല്‍ ചെയര്‍പഴ്‌സന്‍ പ്രഫ. പി കെ ശാന്തകുമാരി ഇല്ലായിരുന്നെങ്കില്‍ ജീവനക്കാര്‍ വെള്ളം കുടിക്കാതെ കഴിയേണ്ടിവരുമായിരുന്നുവെന്നും ഉദ്യോഗസ്ഥന്‍ വികസന സമിതിയെ അറിയിച്ചു. ഒന്നര മാസം മുന്‍പാണ് ഇവിടേക്കുള്ള ജലഅതോറിറ്റിയുടെ വെള്ളം ദേവസ്വം അധികൃതര്‍ തടഞ്ഞത്. തുടര്‍ന്നു മുനിസിപ്പല്‍ ചെയര്‍പഴ്‌സന്‍ സഹായവുമായെത്തുകയായിരുന്നു. മുനിസിപ്പാലിറ്റി ടാങ്കറില്‍ നല്‍കുന്ന വെള്ളമാണു ജീവനക്കാര്‍ ഇപ്പോള്‍ കുടിക്കുന്നത്. കിഴക്കെനടയില്‍ പ്രവര്‍ത്തിക്കുന്ന ഫയര്‍സ്‌റ്റേഷന്‍ ഓഫിസ് കെട്ടിടവും സ്ഥലവും ഒഴിഞ്ഞുകൊടുക്കണമെന്നും ദേവസ്വം ആവശ്യപ്പെട്ടിരുന്നു.
കെട്ടിടം ഏതുസമയവും തകര്‍ന്നുവീഴാവുന്ന സ്ഥിതിയിലാണ്. പുതിയ സ്ഥലം കണ്ടെത്താന്‍ ഗുരുവായൂര്‍, ചാവക്കാട് നഗരസഭകളോടും മേഖലയിലെ 12 പഞ്ചായത്തുകളോടും അഗ്‌നിശമന സേനാ അധികൃതര്‍ ആവശ്യപ്പെട്ടിരുന്നു.
സ്ഥലം കണ്ടെത്താന്‍ കഴിയാതെവന്നാല്‍ ഗുരുവായൂരിലെ ഫയര്‍സ്‌റ്റേഷന്‍ നാട്ടിക, കുന്നംകുളം എന്നിവിടങ്ങളിലേക്കു മാറ്റാനാണ് ആലോചിക്കുന്നതെന്നും ഉദ്യോഗസ്ഥന്‍ യോഗത്തെ അറിയിച്ചു. കടപ്പുറം പഞ്ചായത്തിലെ മാട്ടുമ്മലില്‍ സ്ഥാപിക്കുന്ന കണ്ടെയ്‌നര്‍ സബ്‌സ്‌റ്റേഷനുവേണ്ടി ദേശീയപാതയില്‍ പോസ്റ്റുകള്‍ സ്ഥാപിക്കുന്നത് അളന്നു തിട്ടപ്പെടുത്തിയ സ്ഥലത്താവരുതെന്ന് അധികൃതരെ അറിയിക്കാനും തീരുമാനിച്ചു.
ദേശീയപാതയില്‍ അധികൃതര്‍ അപായസൂചന ബോര്‍ഡുകള്‍ സ്ഥാപിക്കണമെന്നും ആവശ്യപ്പെട്ടു. നഗരസഭ ചെയര്‍മാന്‍ എന്‍ കെ അക്ബര്‍ അധ്യക്ഷത വഹിച്ചു. പുന്നയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ബുഷറ ഷംസുദ്ദീന്‍, തഹസില്‍ദാര്‍ കെ പ്രേംചന്ദ്, അംഗങ്ങളായ ടി പി ഷാഹു, കറുത്താക്ക ഹൈദ്രാലി സംസാരിച്ചു.

Next Story

RELATED STORIES

Share it