kannur local

താലൂക്ക് പരാതി പരിഹാര അദാലത്തില്‍ അപേക്ഷകര്‍ കുറയുന്നു

ഇരിട്ടി: ജില്ലാ കലക്്ടറുടെ നേതൃത്വത്തില്‍ നടത്തിയ മൂന്നാമത് ഇരിട്ടി താലൂക്കുതല പരാതി പരിഹാര അദാലത്തില്‍ എത്തിയത് 183 പരാതികള്‍. ഇതില്‍ 74 പരാതികളില്‍ തീര്‍പ്പ്കല്‍പ്പിച്ചു. ബാക്കിയുള്ള പരാതികള്‍ നടപടിള്‍ക്കായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി. മുഖ്യമന്തിയുടെ ദുരിതാശ്വാസ സഹായം, റേഷന്‍ കാര്‍ഡ് സംബന്ധമായ പരാതി എന്നിവ ഒഴിച്ചുള്ള മറ്റ് പരാതികളാണ് അദാലത്തില്‍ പരിഗണിച്ചത്.
മുന്‍ അദാലത്തില്‍ നിന്നു ഭിന്നമായി ഇത്തവണ അപേക്ഷകരുടെ എണ്ണവും കുറവായിരുന്നു. സര്‍ക്കാരിന്റെ വിവിധ വകുപ്പുകളില്‍ നിന്നു നേരത്തേ നിയമപരമായ സാങ്കേതികത്വത്തില്‍ കുടുങ്ങി തീര്‍പ്പാവാത്ത പരാതികളാണ് കലക്ടറുടെ മുന്നിലെത്തുന്നത്. പലപ്പോഴും ഇവിടെയും പരാതി പരിഹാരം അനിശ്—ചിതമായി നീണ്ടുപോവുന്നതാണ് അപേക്ഷകരുടെ എണ്ണം കുറയാന്‍ കാരണമായി പറയപ്പെടുന്നത്. ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ ജില്ലാ കലക്ടര്‍ മിര്‍ മൂഹമ്മദലിയുടെ ആമുഖ ഭാഷണത്തോടെയാണ് പരിപാടി തുടങ്ങിയത്. അദാലത്തില്‍ ബന്ധപ്പെട്ട വകുപ്പ് തലവന്‍മാര്‍ക്ക് കൈമാറിയ പരാതികളില്‍ ഉദ്ദേശിച്ച രീതിയില്‍ തീര്‍പ്പ് ലഭ്യമായില്ലെങ്കില്‍ തന്നെ നേരിട്ട് സമീപിക്കാമെന്നും അല്ലെങ്കില്‍ മൂന്നുമാസം കഴിഞ്ഞ് വീണ്ടും താലൂക്ക് തലത്തില്‍ നടത്തുന്ന അദാലത്തില്‍ സമീപിക്കാമെന്നും കലക്ടര്‍ പറഞ്ഞു.
സബ് കലക്ടര്‍ എസ് ചന്ദ്രശേഖരന്‍, തഹസില്‍ദാര്‍ കെ കെ ദിവാകരന്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍ ടി റോസമ്മ, ഇരിട്ടി നഗരസഭാ ചെയര്‍മാന്‍ പി പി അശോകന്‍, പായം പഞ്ചായത്ത് പ്രസിഡന്റ് എന്‍ അശോകന്‍, ജില്ലാ പഞ്ചായത്തംഗം തോമസ് വര്‍ഗീസ്, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ പ്രശാന്തന്‍ മുരിക്കോളി, കെ മോഹനന്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it