Idukki local

താലൂക്ക് ഓഫിസ് മോടി കൂട്ടാന്‍ 60 ലക്ഷം

മൂന്നാര്‍:  അഞ്ചുകോടി ചെലവിട്ടു നിര്‍മിച്ച മിനി സിവില്‍ സ്‌റ്റേഷന്‍ അടഞ്ഞുകിടക്കാന്‍ തുടങ്ങിയിട്ടു മൂന്നുവര്‍ഷം. അതേസമയം, ദേവികുളത്തെ താലൂക്ക് ഓഫിസ് മോടി കൂട്ടാന്‍ 60 ലക്ഷം രൂപ അനുവദിച്ചതും വിവാദമായി.
110 വര്‍ഷത്തിലധികം പഴക്കമുള്ള ഈ കെട്ടിടം പഴമ നിലനിര്‍ത്തിക്കൊണ്ട് അറ്റകുറ്റപ്പണി നടത്താനാണു തുക അനുവദിച്ചിരിക്കുന്നത്. ഇതേത്തുടര്‍ന്ന് താലൂക്ക് ഓഫിസിന്റെ പ്രവര്‍ത്തനം താല്‍ക്കാലികമായി പുതിയ മിനി സിവില്‍ സ്‌റ്റേഷന്‍ കെട്ടിടത്തിലേക്ക് മാറ്റി. പൊതുജനങ്ങളുടെ സൗകര്യാര്‍ഥം സര്‍ക്കാര്‍ ഓഫിസുകള്‍ ഒരു കുടക്കീഴില്‍ ആക്കുക എന്ന ലക്ഷ്യത്തോടെയാണ് 2015ല്‍ അഞ്ചു കോടി രൂപ ചെലവഴിച്ച് ദേവികുളത്ത് മിനി സിവില്‍ സ്‌റ്റേഷന്‍ പണിതീര്‍ത്തത്.
നിര്‍മാണം പൂര്‍ത്തീകരിച്ചെങ്കിലും മൂന്നു വര്‍ഷമായിട്ടും ഒരു സര്‍ക്കാര്‍ ഓഫിസും ഇതിലേക്കു മാറ്റിയില്ല. താലൂക്ക്, വില്ലേജ് ഓഫിസുകള്‍, സിവില്‍ സപ്ലൈസ്, സര്‍വേ, പട്ടികജാതി,പട്ടികവര്‍ഗ വികസന ഓഫിസുകളാണു പുതിയ കെട്ടിടത്തിലേക്കു മാറ്റാന്‍ നിശ്ചയിച്ചിരുന്നത്.15000 ചതുരശ്ര അടി വിസ്തൃതിയുണ്ടെങ്കിലും ഇത്രയും ഓഫിസുകള്‍ക്ക് ഇത് മതിയാവില്ലെന്നാണ് ആക്ഷേപം. അഞ്ചുകോടി മുടക്കി നിര്‍മിച്ച കെട്ടിടം വെറുതേ കിടക്കുമ്പോഴാണ് അവിടേക്ക് മാറ്റാന്‍ നിശ്ചയിച്ചിരുന്ന താലൂക്ക് ഓഫിസിന് മോടി കൂട്ടാന്‍ 65 ലക്ഷം ചെലവിടുന്നത്.
1911ല്‍ കോട്ടയം ജില്ലയ്ക്കു കീഴില്‍ ദേവികുളം താലൂക്ക് രൂപീകൃതമായതോടെയാണ് നിലവിലെ കെട്ടിടത്തില്‍ ഓഫിസ് പ്രവര്‍ത്തനം തുടങ്ങിയത്. അതിനു മുന്‍പ് തിരുവിതാംകൂര്‍ രാജകുടുംബത്തിന്റെ അതിഥി മന്ദിരമായിരുന്നു ഈ കെട്ടിടമെന്നു പറയപ്പെടുന്നു.
കരിങ്കല്ലും കളിമണ്ണും കൊണ്ടാണ് ഇതിന്റെ ഭിത്തികള്‍ നിര്‍മിച്ചിരിക്കുന്നത്. അറ്റകുറ്റപ്പണികള്‍ തീരുന്നതോടെ താലൂക്ക് ഓഫിസ് ഇവിടേക്കു മാറ്റുമോ അതോ മിനി സിവില്‍ സ്‌റ്റേഷനില്‍ തുടരുമോ എന്ന കാര്യത്തില്‍ ആര്‍ക്കും വ്യക്തത ഇല്ല. താലൂക്ക് ഓഫിസ് പ്രവര്‍ത്തിക്കാന്‍ വേണ്ട സൗകര്യങ്ങളൊന്നും പുതിയ കെട്ടിടത്തില്‍ ഇല്ലെന്നും ജീവനക്കാര്‍ക്കു പരാതിയുണ്ട്.
Next Story

RELATED STORIES

Share it