Alappuzha local

താലൂക്ക് ആശുപത്രി അത്യാഹിത വിഭാഗത്തിലേക്കുള്ള റോഡ് തകര്‍ന്നു



ഹരിപ്പാട്: താലൂക്ക് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലേക്കുള്ള റോഡ് തകര്‍ന്നിട്ട് വര്‍ഷങ്ങളായിട്ടും നവീകരണത്തിന് നടപടിയില്ല.  ത്രിതല പഞ്ചായത്തുകളും ഹോസ്പിറ്റല്‍ മാനേജ്‌മെന്റെ കമ്മിറ്റിയും നിലവിലുള്ളപ്പോഴും നൂറ് മീറ്ററില്‍ താഴെ മാത്രം ദൈര്‍ഘ്യമുള്ള റോഡ് യാത്രായോഗ്യമാക്കാത്തതിനെതിരേ വ്യാപക പ്രതിഷേധം ഉയരുന്നു. പുതിയ ബ്‌ളോക്ക് ഉള്‍പ്പടെ 22 ഓളം കെട്ടിടങ്ങള്‍ നിലകൊള്ളുന്ന ആശുപത്രി കോംപൗണ്ടിനുള്ളില്‍ പുതിയതായി നിര്‍മിച്ച ഒപി വിഭാഗം ബഹുനില മന്ദിരത്തിന്റെ മുന്‍വശം മുതല്‍ മോര്‍ച്ചറിയിലേക്കുള്ള പാതവരെയാണ് പൂര്‍ണമായും തകര്‍ന്നത്. മെറ്റല്‍ ഇളകി കുഴിയായി കിടക്കുന്ന ഇവിടെ മഴയില്‍ വെള്ളക്കെട്ടായി മാറും. പ്രതിദിനം ആയിരക്കണക്കിനാളുകള്‍ ചികില്‍സതേടിയെത്തുന്ന ഇതുവഴി ഗുരുതരാവസ്ഥയിലായ രോഗികളുമായി അത്യാഹിത വിഭാഗത്തിലേക്ക് പോവുമ്പോളേക്കും രോഗിയുടെ നില ഏറെ ബുദ്ധിമുട്ടിലാവും. ഗര്‍ഭണികളുമായി എത്തുന്നവരാണ് കൂടുതല്‍ ബുദ്ധമുട്ടുന്നത്.  കെട്ടിടങ്ങളില്‍ മാത്രം വികസനം ഒതുങ്ങാതെ രോഗികള്‍ക്കും യാത്രക്കാര്‍ക്കും സുരക്ഷിതമായി യാത്രചെയ്യാനുള്ള മാര്‍ഗങ്ങളും ഒരുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.അതേസമയം റോഡ് കോണ്‍ക്രീറ്റ് ചെയ്ത് യാത്രായോഗ്യമാക്കാനായി നഗരസഭ 8.5 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. എന്നാല്‍ ജിഎസ്ടി പ്രശ്‌നങ്ങള്‍ കാരണം കരാറുകാര്‍ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാത്തതാണ് റോഡ് നവീകരണം വൈകാന്‍ കാരണമെന്ന് നഗരസഭാ അധികൃതര്‍ പറഞ്ഞു.
Next Story

RELATED STORIES

Share it