Alappuzha local

താലൂക്ക് ആശുപത്രിയില്‍ കുഴല്‍ക്കിണര്‍ താഴ്ത്തിയതിനെ ചൊല്ലി തര്‍ക്കം

ചേര്‍ത്തല: താലൂക്ക് ആശുപത്രി വളപ്പില്‍ സഹകരണ ബാങ്കിന്റെ കീഴിലുള്ള നീതി മെഡിക്കല്‍ സ്‌റ്റോര്‍ അധികൃതര്‍ കുഴല്‍കിണര്‍ താഴ്ത്താന്‍ ശ്രമിച്ചതിനെ ചൊല്ലി തര്‍ക്കം. ആശുപത്രി അധികൃതരുടെ പരാതിയെ തുടര്‍ന്ന് പോലീസ് ഇടപെട്ട് കുഴല്‍കിണര്‍ താഴ്ത്തുന്നതു തടഞ്ഞു. തര്‍ക്കത്തില്‍ നഴ്‌സിങ് സൂപ്രണ്ടിനെതിരെ സിപിഎം പ്രാദേശിക നേതാവു കൂടിയായ സഹകരണബാങ്ക് സെക്രട്ടറി ഭീഷണിമുഴക്കിയെന്നു കാട്ടി ജീവനക്കാര്‍ പ്രതിഷേധവുമായെത്തി. ബുധനാഴ്ച രാത്രിയായിരുന്നു സംഭവം.
ആശുപത്രി വക കെട്ടിടത്തില്‍ തന്നെയാണ് നീതി മെഡിക്കല്‍ സ്‌റ്റോര്‍ പ്രവര്‍ത്തിക്കുന്നത്. ഇവിടേക്ക് വെള്ളത്തിനായാണ് കുഴല്‍കിണര്‍ താഴ്ത്താനെത്തിയത്.
എന്നാല്‍ നഗരസഭയുടെയോ ആശുപത്രിയുടെയോ അനുമതിയില്ലാതെയാണ് സഹകരണബാങ്കിന്റെ നടപടിയെന്നു കാട്ടി നഴ്‌സിങ് സൂപ്രണ്ട് എത്തി ഇതു നിര്‍ത്താന്‍ ആവശ്യപെടുകയായിരുന്നു.ഇതറിഞ്ഞ് ബാങ്ക് അധികൃതരും സ്ഥലത്തെത്തി വെള്ളം എടുക്കാന്‍ വാക്കാല്‍ അനുമതി ലഭിച്ചിട്ടുണ്ടെന്നു വാദിച്ചതോടെയാണ് വിഷയം തര്‍ക്കമായത്. ഇതേ തുടര്‍ന്നാണ് പോലീസ് ഇടപെട്ടത്.
വ്യാഴാഴ്ച രാവിലെയാണ് ജീവനക്കാര്‍ ജീവനക്കാരെ അധിക്ഷേപിച്ചവര്‍ക്കെതിരെ നടപടി ആവശ്യപെട്ട് പ്രതിഷേധ പ്രകടനവും സമ്മേളനവും നടത്തിയത്.  ബന്ധപെട്ട കേന്ദ്രത്തില്‍ പരാതിയും നല്‍കിയതായാണ് വിവരം.ആശുപത്രി വളപ്പില്‍ കയ്യേറുകയും നഴ്‌സിങ് സൂപ്രണ്ടിനോടു മോശമായി പെരുമാറുകയും ചെയ്ത  ബാങ്ക് ജീവനക്കാര്‍ക്കെതിരെ നടപടി വേണമെന്ന് മുനിസിപ്പല്‍ ചെയര്‍മാന്‍ ഐസക്ക്മാടവനയും ആവശ്യപെട്ടു.എന്നാല്‍ നാലു വനിതാ ജീവനക്കാര്‍ ജോലി നോക്കുന്ന സ്ഥാപനത്തില്‍ വെള്ളം ഇല്ലാതെ വന്ന സാഹചര്യത്തില്‍ നിലവില്‍ ഉണ്ടായിരുന്ന സ്ഥലത്ത് തന്നെ പുതിയ കുഴല്‍കിണര്‍ താഴ്ത്തുകയായിരുന്നെന്ന് ബാങ്ക് സെക്രട്ടറി എ.ടി.ചന്ദ്രബാബു പറഞ്ഞു.
വാക്കാല്‍ അനുമതി വാങ്ങിയായിരുന്നു പ്രവര്‍ത്തനം. ഇതിന്റെ പേരില്‍ ആരോടും അപമര്യാദയായോ ഭീഷണിമുഴക്കുകയോ ഉണ്ടായിട്ടില്ലെന്നും ഇത്തരത്തില്‍ ആരും പരാതിപെട്ടിട്ടില്ലെന്നും ചിലര്‍ ഇതിന്റെ പേരില്‍ രാഷ്ട്രീയ മുതലെടുപ്പിനു ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it