kasaragod local

താലൂക്കാശുപത്രി വൈദ്യുതീകരണം: ട്രാന്‍സ്‌ഫോമര്‍ കമ്മീഷന്‍ ചെയ്തില്ല

തൃക്കരിപ്പൂര്‍: തൃക്കരിപ്പൂര്‍ താലൂക്കാശുപത്രി സമുച്ചയത്തിലെ വൈദ്യുതീകരണ നടപടികള്‍ 13 മാസം പിന്നിടുന്നു. വയറിങ് ജോലികള്‍ പൂര്‍ത്തീകരിച്ച റിപോര്‍ട്ട് ലഭിക്കാത്ത സാഹചര്യത്തില്‍ ഇവിടേക്ക് അനുവദിച്ച ട്രാന്‍സ്‌ഫോമര്‍ കമ്മീഷന്‍ ചെയ്യാന്‍ സാധിക്കാത്ത സാഹചര്യമാണ്.
കഴിഞ്ഞ വര്‍ഷം ജൂലൈയിലാണ്, എട്ടുലക്ഷം രൂപ ചെലവില്‍ ട്രാന്‍സ്‌ഫോമര്‍ സ്ഥാപിച്ചത്. മികച്ച താലൂക്കാശുപത്രിക്കുള്ള സംസ്ഥാന സര്‍ക്കാറിന്റെ കായകല്‍പം പുരസ്‌കാരം നേടിയ തൃക്കരിപ്പൂര്‍ താലൂക്കാശുപത്രിയിലാണ് വൈദ്യുതി തടസം മൂലം രോഗികളും ജീവനക്കാരും ദുരിതമനുഭവിക്കുന്നത്.  കഴിഞ്ഞ രാത്രി കാറ്റിലും മഴയിലും വൈദ്യുതി ബന്ധം മുടങ്ങിയപ്പോള്‍ ആശുപത്രി ഇരുട്ടിലായി.
കഴിഞ്ഞ ദിവസം 24 മണിക്കൂറോളം വൈദ്യുതി മുടങ്ങിയപ്പോള്‍ ഒപികളില്‍ മെഴുകുതിരി വെളിച്ചത്തിലാണ് പരിശോധന നടന്നത്. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 15നാണ് ആശുപത്രി കെട്ടിടം തുറന്നുകൊടുത്തത്. 13 മാസം പിന്നിടുമ്പോഴും ആശുപത്രി സമുച്ചയത്തിലെ വൈദ്യുതീകരണ നടപടികള്‍ പൂര്‍ത്തിയായിട്ടില്ല.
നേരത്തെയുള്ള സിംഗിള്‍ ഫേസ് ലൈനില്‍ നിന്നാണ് താലൂക്കാശുപത്രി മുഴുവന്‍ വൈദ്യുതി എത്തിക്കുന്നത്. ത്രീ ഫേസ് വൈദ്യുതി കണക്ഷനാണ് താലൂക്കാശുപത്രിയിലേക്ക് ആവശ്യം. ഇവിടേക്ക് അനുവദിച്ച പ്രത്യേക ട്രാന്‍സ്‌ഫോര്‍മര്‍ ആശുപത്രി കേംപൗണ്ടില്‍ സ്ഥാപിച്ചിട്ടുണ്ട്. പക്ഷെ ഇതില്‍ നിന്ന് ആശുപത്രിയിലേക്ക് വൈദ്യുതി നല്‍കാനുള്ള നടപടികള്‍ പൂര്‍ത്തിയായില്ല. ശസ്ത്രക്രിയാ മുറിയിലും ബോഡി ഫ്രീസറില്‍ ഉപയോഗിക്കാനുമായി ശേഷി കുറഞ്ഞ രണ്ട് ജനറേറ്ററുകള്‍ ഇവിടെയുണ്ട്. ഇവ അധികനേരം ഉപയോഗിക്കാന്‍ കഴിയാത്തത്ര പഴക്കമേറിയവയാണ്.
എക്‌സ് റേ മെഷീന്‍ ഇവിടേക്ക് അനുവദിച്ചിട്ടുണ്ടെങ്കിലും വൈദ്യുതി പ്രശ്‌നം കാരണം വാങ്ങാനുള്ള നടപടി സ്വീകരിച്ചിട്ടില്ല. ഡയാലിസിസ് യൂനിറ്റ് നിര്‍മാണം അവസാന ഘട്ടത്തിലാണ്. ഇതിന്റെയൊക്കെ വൈദ്യുതി ഉപഭോഗം മുന്‍കൂട്ടി ആസൂത്രണം ചെയ്തില്ലെങ്കില്‍ താലൂക്കാശുപത്രിയുടെ പ്രവര്‍ത്തനം അവതാളത്തിലാവും.
Next Story

RELATED STORIES

Share it