Idukki local

താലൂക്കാശുപത്രിയിലെ ഓപറേഷന്‍ തിയേറ്ററുകള്‍ താല്‍ക്കാലികമായി അടച്ചു

നെടുങ്കണ്ടം: നെടുങ്കണ്ടം താലൂക്കാശുപത്രിയിലെ ഓപറേഷന്‍ തിയറ്ററുകള്‍ അണു വിമുക്തമാക്കാന്‍ രണ്ടാഴ്ചത്തേക്ക് അടച്ചതായി താലൂക്കാശുപത്രി സൂപ്രണ്ട് ഡോ. മെറിന്‍ ജോര്‍ജ് അറിയിച്ചു. ആറു മാസത്തിലൊരിക്കല്‍ ആശുപത്രിയിലെ ഓപറേഷന്‍ തിയറ്ററുകള്‍ പരിശോധന നടത്തി സാമ്പിളുകള്‍ ശേഖരിച്ച് വിദഗ്ധ പരിശോധന നടത്തും.
കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിലാണ് തിയറ്ററുകളിലെ ഫംഗസ് ബാധ ആശുപത്രിയധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് അടിയന്തരമായി തിയറ്ററുകള്‍ അടച്ച് അണുവിമുക്തമാക്കാന്‍ തീരുമാനിക്കുകയായിരുന്നു. എല്ലാ വര്‍ഷവും നടത്താറുള്ള അണുവിമുക്തമാക്കുന്ന പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് ഓപ്പറേഷന്‍ തിയേറ്റര്‍ അടയ്ക്കുന്നതെന്നും സൂപ്രണ്ട് പറഞ്ഞു. ചെറിയ ചില അറ്റകുറ്റപ്പണികളും ഇതോടൊപ്പം നടത്തും.
നവീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കഴിഞ്ഞ വര്‍ഷം പകുതിയോടെ ഓപറേഷന്‍ തിയേറ്റര്‍ രണ്ട് മാസത്തോളം അടച്ചിട്ടിരുന്നു. അന്ന് അണുവിമുക്തമാക്കുന്ന പ്രവര്‍ത്തനങ്ങളും ഒപ്പം നടത്തിയിരുന്നു. മഴ പെയ്ത് ഓപറേഷന്‍ തിയേറ്ററുകളിലുണ്ടാകുന്ന ചോര്‍ച്ചയും, ഈര്‍പ്പവുമാണ് അണുബാധയ്ക്ക് കാരണമെന്നാണ് ആശുപത്രിയധികൃതരുടെ വിശദീകരണം. ഓപറേഷന്‍ തിയേറ്റര്‍ അടച്ച സമയം ശസ്ത്രക്രിയകള്‍ അടിമാലി താലൂക്ക് ആശുപത്രിയിലേക്കോ, തൊടുപുഴ ജില്ലാ ആശുപത്രിയിലേക്കോ റഫര്‍ ചെയ്യുകയായിരുന്നു. എന്നാല്‍ ഇത്തവണ കാലതാമസമുണ്ടാവാതെ പ്രവര്‍ത്തനങ്ങള്‍ വേഗത്തില്‍ പൂര്‍ത്തീകരിക്കാനാണ് അശുപത്രി അധികൃതര്‍ക്ക് ആരോഗ്യവകുപ്പ് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം.  നൂറു കണക്കിനു രോഗികളാണ് നെടുങ്കണ്ടം താലൂക്കാശുപത്രിയില്‍ ചികിത്സക്കായെത്തുന്നത്.
Next Story

RELATED STORIES

Share it