kozhikode local

താലൂക്കാശുപത്രിയിലും സഹകരണ ആശുപത്രിയിലും ഹര്‍ത്താല്‍ പ്രതീതി

കുഞ്ഞബ്ദുല്ല വാളൂര്‍
പേരാമ്പ്ര: പേരാമ്പ്രയില്‍ പനി ഭീതിയെ തുടര്‍ന്ന് രോഗികള്‍ കുട്ടത്തോടെ ഒഴിഞ്ഞു പോയതോടെ താലൂക്കാശുപത്രിയിലും സഹകരണ ആശുപത്രിയിലും ഹര്‍ത്താല്‍ പ്രതീതി. ഇവിടെ രണ്ടിടത്തും രോഗികള്‍ നന്നേ കുറഞ്ഞു.
നിത്യേന നൂറു കണക്കിന് രോഗികള്‍ ചികില്‍സ തേടിയെത്തിയിരുന്ന പേരാമ്പ്ര താലൂക്കാശുപത്രിയിലും ഇഎംഎസ് സഹകരണാശുപത്രിയിലും രോഗികള്‍ ഗണ്യമായി കുറഞ്ഞു. നിപാ വൈറസ് പനി സ്ഥിരീകരിക്കപ്പെട്ടതോടെ താലൂക്കാശുപത്രിയില്‍ പ്രത്യേകവാര്‍ഡ് ക്രമികരിച്ച് ചികില്‍സയ്ക്ക് സജ്ജമായപ്പോള്‍ ഭയന്ന മറ്റ് രോഗികളും ഇവിടെ എത്താത്ത സ്ഥിതിയാണുള്ളത്. ശരാശരി ആയിരത്തോളം രോഗികള്‍ ഒപിയില്‍ ചികില്‍സ തേടിയെത്തുന്ന സാഹചര്യത്തില്‍ നിന്ന് മാറി ചൊവ്വാഴ്ച നൂറും ബുധനാഴ്ച 72 ഉം രോഗികളാണ് എത്തിയത്. സഹകരണ ആശുപത്രിയില്‍ നൂറിലേറെ രോഗികള്‍ ദിവസവും എത്തിയത് കഴിഞ്ഞ ദിവസങ്ങളില്‍ 50ഉം കുറഞ്ഞു. ഇവിടെ രണ്ടു ആശുപത്രികളിലും ചികില്‍സയിലുണ്ടായിരുന്ന രോഗികള്‍ 80 ശതമാനവും ഡിസ്ച്ചാര്‍ജ് ചെയ്ത് പോവുകയും ചെയ്തു. രോഗികള്‍ എത്താത്ത സാഹചര്യത്തില്‍ വിവിധ വിഭാഗത്തിലെ എംഡിയും അത്യാഹിത വിഭാഗത്തിലെ ഡോക്ടര്‍മാരും അവധിയെടുത്തു.
കഴിഞ്ഞ ദിവസങ്ങളില്‍ രാത്രി ഡ്യുട്ടിക്കുണ്ടായിരുന്ന ഡോക്ടറും പനി പേടിച്ച് ഇവിടെ എത്തിയിരുന്നില്ല. ചെറിയ രോഗങ്ങള്‍ക്ക് ഇവിടെ വരേണ്ടതില്ലെന്ന സന്ദേശം ആശുപത്രിയില്‍ നിന്ന് നല്‍കുന്നുണ്ട്. ആശുപത്രിയില്‍ എത്തുന്ന രോഗികള്‍ക്കും കൂടെ വരുന്നവര്‍ക്കും മാസ്‌ക്കും ഗ്ലൗസും നല്‍കുന്നുണ്ട്. താലൂക്കാശുപത്രിയില്‍ നിന്ന് ചികില്‍സ തേടിയ മരിച്ച സ്വാലിഹും ചികില്‍സിച്ച നഴ്‌സും മരണപ്പെട്ടതോടെയാണ് ജനങ്ങളിലും രോഗികളിലും ആശങ്കയുണ്ടായത്. സഹകരണാശുപത്രിയില്‍ ചികില്‍സക്കെത്തിയ സാബിത്തിന്റെ മരണമാണ് ഇവിടെ രോഗികള്‍ കുറയാന്‍ കാരണമായത്.
എന്നാല്‍ തൊട്ടടുത്തുള്ള കായണ്ണ, നൊച്ചാട് പ്രൈമറി ഹെല്‍ത്ത് സെന്ററുകളില്‍ നേരത്തെയുള്ളതിനേക്കാള്‍ രോഗികള്‍  ചികില്‍സ തേടിയെത്തിയിട്ടുണ്ട്. ആശുപത്രിയിലെ ജീവനക്കാരും ചികില്‍സക്കെത്തുന്നവരും മാസ്‌ക് ധരിക്കാന്‍ തയ്യാറായിട്ടുണ്ട്. ചെറുവണ്ണൂര്‍ പിഎച്ച്‌സിയില്‍ താരതമ്യേന ഒപിയില്‍ എത്തിയ രോഗികള്‍ കുറവാണ്. ചങ്ങരോത്തും ഇതേ അവസ്ഥയാണുള്ളത്. പൊതുവെ നിപാ വൈറല്‍ പനി പേരാമ്പ്ര മേഖലയില്‍ ഹര്‍ത്താല്‍ പ്രതീതിയാണുണ്ടാക്കിയത്. പേരാമ്പ്ര പട്ടണത്തിലെ ആള്‍ തിരക്ക് ഇന്നലെയും കുറഞ്ഞു.
കടകളിലും കച്ചവട സ്ഥാപനങ്ങളിലും തിരക്കില്ലാത്ത ദിവസങ്ങള്‍. വാഹനങ്ങളും തിരക്കില്ലാതെ ഓടി. ജനങ്ങള്‍ വീടുകളില്‍ നിന്ന് പുറത്തിറങ്ങാത്ത സാഹചര്യത്തില്‍ ഓട്ടോ ഉള്‍പ്പെടെ ടാക്‌സി വാഹനങ്ങള്‍ നിരത്തിലിറങ്ങാന്‍ മടിച്ചു. പാരലല്‍ കോളജുകളും ട്യൂഷന്‍ സെന്ററുകളും അവധി പ്രഖ്യാപിച്ചതോടെ വിദ്യാര്‍ഥികളുടെ തിരക്കും കുറഞ്ഞു. നിപാ വൈറസ് പനി ഫലത്തില്‍ പേരാമ്പ്രയുടെ റംസാന്‍ വിപണിയെ ദോഷമായി ബാധിക്കുകയും ജനങ്ങളില്‍ കടുത്ത ഭീതി സൃഷ്ടിച്ചിരിക്കുകയുമാണ്.
Next Story

RELATED STORIES

Share it