താലിബാന്‍ ശക്തിയാര്‍ജിക്കുകയാണെന്ന് യുഎന്‍ റിപോര്‍ട്ട്; അഫ്ഗാനില്‍ അധിനിവേശ സേനയ്ക്ക് കനത്ത തിരിച്ചടി

പെഷാവര്‍: നാറ്റോ പിന്തുണയോടെ നടത്തിയ വന്‍ പ്രത്യാക്രമണം മൂലം ഉത്തര അഫ്ഗാന്‍ നഗരമായ കുന്ദുസില്‍ നിന്നു പിന്‍വാങ്ങാന്‍ നിര്‍ബന്ധിതമായെങ്കിലും താലിബാന്‍ കൂടുതല്‍ ശക്തിയാര്‍ജിക്കുകയാണെന്ന് യുഎന്‍ റിപോര്‍ട്ട്. അഫ്ഗാനിസ്ഥാനിലെ യുഎന്‍ മിഷന്‍ തയാറാക്കിയ റിപോര്‍ട്ടിലെ വിവരങ്ങള്‍ അനുസരിച്ച് 13 പ്രവിശ്യകളില്‍ നാലിടത്തുനിന്ന് യുഎന്‍ അതിന്റെ ഉദ്യോഗസ്ഥരെ പിന്‍വലിച്ചിരിക്കുകയാണ്. രാജ്യത്തെ മൊത്തം ജില്ലകളില്‍ പാതിയെങ്കിലും താലിബാന്‍ ഭീഷണിയുടെ നിഴലിലാണ്. ഏതു നിമിഷവും തലസ്ഥാന നഗരമായ കാബൂള്‍ വീണേക്കും. അഫ്ഗാനിസ്ഥാനിലെ പ്രധാന നഗരങ്ങളെ ബന്ധിപ്പിക്കുന്ന ഹൈവേ പലപ്പോഴും താലിബാനാണു നിയന്ത്രിക്കുന്നതെന്നും റിപോര്‍ട്ട് പറയുന്നു. പല നഗരങ്ങളിലും പേരിനു മാത്രമാണ് സര്‍ക്കാര്‍ നിയന്ത്രണം. ഹെല്‍മന്തിലെ മുസ്ഖലയും ഒറുസ്ഗാനിലെ ചര്‍ച്ചിനോയും ഏതു നിമിഷവും കീഴടങ്ങാനാണു സാധ്യത. മുമ്പു സാന്നിധ്യമില്ലാതിരുന്ന പല പ്രദേശങ്ങളിലും താലിബാന്‍ പ്രവര്‍ത്തിച്ചുതുടങ്ങിയെന്ന് റിപോര്‍ട്ട് തുടരുന്നു. എന്നാല്‍, അമേരിക്കന്‍ സൈനിക മേധാവിയായ ജന. ജോണ്‍ എഫ് കാംബല്‍ യുഎസ് കോണ്‍ട്രസ്റ്റിനു നല്‍കിയ സത്യവാങ്മൂലത്തിനു വിരുദ്ധമാണിത്. പഷ്തൂണുകള്‍ കുറവായ വടക്കന്‍ പ്രവിശ്യകളിലെ ചെറുത്തുനില്‍പ്പു ശക്തമായത് പ്രസിഡന്റ് അഷ്‌റഫ് ഗാനിയെയും പ്രധാനമന്ത്രി അബ്ദുല്ലാ അബ്ദുല്ലയെയും കുഴയ്ക്കുകയാണ്്. രണ്ടുപേരും വിദേശരാജ്യങ്ങളുടെ ഏജന്റുമാരാണെന്നാണ് ഭൂരിപക്ഷം അഫ്ഗാനികളും കരുതുന്നത്. അഫ്ഗാനിസ്ഥാനിലെ 376 ജില്ലകളില്‍ 186 എണ്ണത്തിന്റെ നിയന്ത്രണം ഇപ്പോള്‍ത്തന്നെ കാബൂളിനു നഷ്ടമായിരിക്കുകയാണ്. തലസ്ഥാനത്തിനു സമീപമുള്ള ബഗ്്‌ലന്‍ പ്രവിശ്യ കടുത്ത ഭീഷണിയിലാണെന്നാണു വിലയിരുത്തല്‍. കുന്ദുസില്‍ ഫ്രഞ്ച് സന്നദ്ധസംഘടനയായ എംഎസ്എഫിന്റെ ഡോക്ടര്‍മാരടക്കമുള്ള അനേകം പേരെ ഡ്രോണ്‍ ആക്രമണത്തില്‍ കൊലപ്പെടുത്തിയത് ബോധപൂര്‍വമാണെന്നാണ് പൊതുവെയുള്ള ധാരണ. താലിബാന്‍ രോഗികളെ മനുഷ്യകവചമാക്കിയാണ് ആക്രമണം നടത്തിയത് എന്ന് വാര്‍ത്തവന്നിരുന്നെങ്കിലും ഇത് വ്യാജവാര്‍ത്തയായിരുന്നെന്ന് പിന്നീടു തെളിഞ്ഞിരുന്നു. നാറ്റോ പരിശീലനം നല്‍കിയ അഫ്ഗാന്‍ സൈന്യത്തിലെ ഓഫിസര്‍മാരിലധികവും കടുത്ത അഴിമതിക്കാരാണെന്നാണു കരുതപ്പെടുന്നത്. ഇറാഖിലെ പോലെ അഫ്ഗാന്‍ ഭരണകൂടവും കത്തുന്ന പുരയില്‍നിന്ന് ഊരുന്ന കഴുക്കോല്‍ ലാഭം എന്ന നിലപാടുകാരായതിനാല്‍ നാറ്റോ സഹായമില്ലെങ്കില്‍ പിടിച്ചുനില്‍ക്കാനാവില്ല എന്നതാണവസ്ഥ.
Next Story

RELATED STORIES

Share it