താലിബാന്‍ ഗ്രൂപ്പുകള്‍ക്കിടയില്‍ വെടിനിര്‍ത്തലിന് ധാരണ

കാബൂള്‍: പരസ്പരം പോരടിക്കുന്ന താലിബാന്‍ വിഭാഗങ്ങള്‍ക്കിടയില്‍ വെടിനിര്‍ത്തലിനും തടവുകാരെ കൈമാറുന്നതിനും ധാരണ. താലിബാന്റെയും വിമത താലിബാന്റെയും പ്രതിനിധികള്‍ പാകിസ്താനിലെ ക്വറ്റയില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് വെടിനിര്‍ത്തലിന് ധാരണയിലെത്തിയത്. വെടിനിര്‍ത്തല്‍, തടവുകാരുടെ കൈമാറ്റം തുടങ്ങിയവ സംബന്ധിച്ചുള്ള വിശദാംശങ്ങള്‍ താലിബാന്‍ പുറത്തുവിട്ടിട്ടില്ല. താലിബാന്‍ സ്ഥാപകന്‍ മുല്ലാ ഉമറിന്റെ മരണം സ്ഥിരീകരിച്ചതിനു പിന്നാലെ മുല്ലാ അക്തര്‍ മന്‍സൂര്‍ ഏകപക്ഷീയമായി പദവി ഏറ്റെടുത്തതോടെയാണ് സംഘത്തിനിടയില്‍ വിള്ളല്‍ വീണത്.
മന്‍സൂറിന്റെ നേതൃത്വത്തെ അംഗീകരിക്കാത്തവര്‍ മുല്ല മുഹമ്മദ് റസൂല്‍ അക്കുന്തിന്റെ നേതൃത്വത്തില്‍ വിമത താലിബാന്‍ രൂപീകരിക്കുകയായിരുന്നു. ഇരു വിഭാഗവും ചേരി തിരിഞ്ഞ് ഏറ്റുമുട്ടിയത് വന്‍ ആള്‍നാശത്തിനു കാരണമായതിനു പിന്നാലെയാണ് ഇരു വിഭാഗവും വെടിനിര്‍ത്തലിന് നിര്‍ബന്ധിതമായത്. ഐക്യ താലിബാന്‍ അഫ്ഗാന്‍ സൈന്യത്തിന് കനത്ത തലവേദന സൃഷ്ടിക്കുമെന്നാണ് കരുതുന്നത്. തര്‍ക്കങ്ങള്‍ക്കിടയിലും അടുത്തിടെ താലിബാന്‍ കനത്ത മുന്നേറ്റം നടത്തിയിരുന്നു.
Next Story

RELATED STORIES

Share it