World

താലിബാനുമായി നിരുപാധിക ചര്‍ച്ചയ്ക്കു തയ്യാര്‍: ഗനി

കാബൂള്‍: താലിബാനുമായി ഉപാധികളില്ലാതെ ചര്‍ച്ചയ്ക്കു തയ്യാറാണെന്ന് അഫ്ഗാന്‍ പ്രസിഡന്റ് അഷ്‌റഫ് ഗനി. അഫ്ഗാനില്‍ 16 വര്‍ഷത്തോളമായി തുടരുന്ന യുദ്ധത്തിന് അറുതിവരുത്താനുള്ള സമാധാനശ്രമങ്ങളുടെ ഭാഗമായാണ് താലിബാനെ ചര്‍ച്ചയ്ക്കു ക്ഷണിച്ചത്.
ചര്‍ച്ചകള്‍ക്കുള്ള വേദിയൊരുക്കുന്നതിന്റെ ഭാഗമായി കാബൂളില്‍ 25 രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുത്ത യോഗത്തിന്റെ ഉദ്ഘാടനച്ചടങ്ങിലാണ് ഗനി ഇക്കാര്യം അറിയിച്ചത്. താലിബാനെ നിയമപരമായി പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയ സംഘടനയായി അംഗീകരിക്കുന്ന തരത്തിലായിരുന്നു ഗനിയുടെ സംഭാഷണം. സമാധാനശ്രമങ്ങളില്‍ താലിബാന്‍ പങ്കുകൊള്ളുമെന്നാണ് പ്രതീക്ഷിക്കുന്നത്.
സമാധാന ചര്‍ച്ചകളിലേക്ക് ഒരു സംഘടന എന്ന നിലയ്ക്കാണ് താലിബാനെ ക്ഷണിക്കുന്നത്. സമാധാനം കാംക്ഷിക്കുന്ന ഒരു സംഘടനയെക്കുറിച്ചും താന്‍ മുന്‍വിധി സ്വീകരിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
യുഎസ് പിന്തുണയുള്ള അഫ്ഗാന്‍ സര്‍ക്കാരും താലിബാനും നേരത്തേ ചര്‍ച്ചയ്ക്കു തയ്യാറാണെന്ന സൂചനകള്‍ നല്‍കിയിരുന്നു. സമാധാന ചര്‍ച്ചയുടെ ഭാഗമായി വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കല്‍, തടവുകാരെ വിട്ടയക്കല്‍, താലിബാനെ പങ്കെടുപ്പിച്ചു പുതിയ തിരഞ്ഞെടുപ്പ് നടത്തല്‍, ഭരണഘടനാ പരിഷ്‌കരണം എന്നീ നിര്‍ദേശങ്ങളും ഗനി മുന്നോട്ടുവച്ചിട്ടുണ്ട്.
നിലവിലെ സാഹചര്യങ്ങളെക്കുറിച്ച് താലിബാന്‍ ബോധവാന്‍മാരാണ്. സമാധാന ചര്‍ച്ചകള്‍ നിയന്ത്രിക്കാന്‍ താലിബാന് കാബൂളിലോ അവര്‍ അംഗീകരിക്കുന്ന മറ്റു സ്ഥലങ്ങളിലോ ഓഫിസ്് അനുവദിക്കും. താലിബാനെ നിയമാനുസൃതം പ്രവര്‍ത്തിക്കുന്ന സംഘടനയായി അംഗീകരിച്ചായിരിക്കും സമാധാന പ്രവര്‍ത്തനങ്ങള്‍ക്കു വേദിയൊരുക്കുകയെന്നും ഗനി കൂട്ടിച്ചേര്‍ത്തു.
ചര്‍ച്ചയ്ക്കു തയ്യാറാവാന്‍ സുഹൃദ് രാജ്യങ്ങളില്‍ നിന്നു തങ്ങള്‍ക്കു സമ്മര്‍ദ്ദമുണ്ടെന്നു താലിബാന്‍ അധികൃതരും സ്ഥിരീകരിച്ചു.
Next Story

RELATED STORIES

Share it