താലിബാനിലെ ഇരു വിഭാഗങ്ങള്‍ ഏറ്റുമുട്ടി; 47 മരണം

കാബൂള്‍: തെക്കുകിഴക്കന്‍ അഫ്ഗാനില്‍ താലിബാന്‍ സംഘങ്ങള്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയതായി അഫ്ഗാന്‍ വൃത്തങ്ങള്‍ അറിയിച്ചു. മൂന്നു ദിവസമായി തുടരുന്ന ഏറ്റുമുട്ടലില്‍ 47 പേര്‍ കൊല്ലപ്പെട്ടതായും സാബൂള്‍ പ്രവിശ്യാ ഗവര്‍ണറുടെ വക്താവ് ഗുല്‍ ഇസ്‌ലാം സയാല്‍ അറിയിച്ചു.
53 പേര്‍ക്കു പരിക്കേറ്റിട്ടുണ്ട്. വിമത താലിബാന്‍ സംഘത്തിലെ 18 പേരെ മറുവിഭാഗം തട്ടിക്കൊണ്ടുപോയതായും വക്താവ് അറിയിച്ചു. താലിബാനില്‍ നിന്നു വേര്‍പെട്ട വിമതവിഭാഗം, മുന്‍ താലിബാന്‍ ഗവര്‍ണറായ മുല്ല മുഹമ്മദ് റസൂലിനെ കഴിഞ്ഞയാഴ്ച നേതാവായി തിരഞ്ഞെടുത്തിരുന്നു.
താലിബാന്‍ നേതാവ് മുല്ല മുഹമ്മദ് ഉമറിന്റെ മരണം സ്ഥിരീകരിച്ചതിനു പിന്നാലെ നേതാവായി അവരോധിക്കപ്പെട്ട മുല്ല അക്തര്‍ മന്‍സൂറിന്റെ നേതൃത്വത്തോട് വിമതവിഭാഗം പുറംതിരിഞ്ഞു നില്‍ക്കുകയാണ്. മുല്ല ഉമര്‍ രണ്ടു വര്‍ഷം മുമ്പ് മരിച്ചതായി താലിബാനും അഫ്ഗാന്‍ ആഭ്യന്തര മന്ത്രാലയവും വ്യക്തമാക്കിയിരുന്നു.
Next Story

RELATED STORIES

Share it