തായ്‌വാന്‍-ചൈന ബന്ധത്തില്‍ മഞ്ഞുരുക്കം

ബെയ്ജിങ്: തായ്‌വാന്‍ പ്രസിഡന്റ് മാ യിങ്-ജോയും ചൈനീസ് പ്രസിഡന്റ് സി ജിന്‍പിങും ശനിയാഴ്ച സിംഗപ്പൂരില്‍ കൂടിക്കാഴ്ച നടത്തും. ഇരുരാജ്യങ്ങളിലെയും നേതാക്കള്‍ ചരിത്രത്തില്‍ ആദ്യമായാണ് കൂടിക്കാഴ്ച നടത്തുന്നത്. തെക്കന്‍ ചൈനാക്കടലിലെ തായ്‌വാന്‍ കടലിടുക്കുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ക്കായിരിക്കും ചര്‍ച്ചയില്‍ ഊന്നല്‍ നല്‍കുകയെന്ന് ഇരുവരും അറിയിച്ചു. തായ്‌വാന്‍ ചൈനയില്‍നിന്നു വിഘടിച്ചുപോയ പ്രവിശ്യയാണെന്നും ഇതിനെ മാതൃരാജ്യത്തോടു കൂട്ടിച്ചേര്‍ക്കുമെന്നുമാണ് തായ്‌വാനു നേരെ അവകാശവാദമുന്നയിച്ചുവരുന്ന ചൈനയുടെ വാദം. പൂര്‍ണ സ്വാതന്ത്ര്യം നേടാന്‍ ശ്രമിച്ചാല്‍ സൈനികശക്തി പ്രയോഗിക്കുമെന്നും ചൈന ഭീഷണിപ്പെടുത്തിയിരുന്നു.
2008ല്‍ തായ്‌വാന്‍ പ്രസിഡന്റായി മാ അധികാരമേറ്റെടുത്തതിനു പിന്നാലെയാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ പുരോഗതിയുണ്ടായത്. സമാധാനം പുനസ്ഥാപിക്കുന്നതിനായാണ് ചര്‍ച്ച നടത്തുന്നതെങ്കിലും ഉച്ചകോടിയില്‍ തായ്‌വാന്‍ പ്രസിഡന്റ് ചൈനയുമായി കരാറുകളിലൊന്നും ഒപ്പുവയ്ക്കില്ലെന്നും പ്രസ്താവനകളിറക്കില്ലെന്നും തായ്‌വാന്‍ വക്താവ് ചാള്‍സ് ചെന്‍ അറിയിച്ചു. ചൈനീസ് യുദ്ധത്തില്‍ മാവോ സെ തുങിന്റെ നേതൃത്വത്തിലുള്ള സൈന്യം രാജ്യത്തിന്റെ അധികാരം പിടിച്ചെടുത്തതോടെ പരാജിതനായ ചിയാങ് കൈഷക്കിന്റെ നേതൃത്വത്തിലുള്ള നാഷനലിസ്റ്റ് പാര്‍ട്ടി തായ്‌വാനിലേക്കു നീങ്ങുകയും തായ്‌പേയ് തലസ്ഥാനമാക്കി പുതിയ ഭരണകൂടം സ്ഥാപിക്കുകയുമായിരുന്നു. 2008ല്‍ മായുടെ നേതൃത്വത്തില്‍ കുമിങ്താങ് പാര്‍ട്ടി അധികാരത്തിലെത്തിയതിനു ശേഷമാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ പുരോഗതിയുണ്ടായത്.
Next Story

RELATED STORIES

Share it