World

തായ്‌വാനില്‍ വന്‍ ഭൂചലനം: ഏഴുപേര്‍ മരിച്ചു

തായ്‌പേയി: തായ്‌വാന്റെ കിഴക്കന്‍ തീരത്തുണ്ടായ ഭൂചലനത്തില്‍ ഏഴുപേര്‍ മരിച്ചു. 256 പേര്‍ക്കു പരിക്കേറ്റതായും 88 പേരെ കാണാതായതായും അഗ്‌നിശമന സേന അറിയിച്ചു. തീരനഗരമായ ഹുവാലിയന് വടക്കുകിഴക്ക് 22 കിലോമീറ്റര്‍ ചുറ്റളവിലാണ് ഭൂചലനമുണ്ടായത്. റിക്റ്റര്‍ സ്‌കെയിലില്‍ 6.4 തീവ്രതയിലുള്ള ഭൂചലനമാണ് അനുഭവപ്പെട്ടതെന്നു യുഎസ് ജിയോളജിക്കല്‍ സര്‍വേ അധികൃതര്‍ അറിയിച്ചു. നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു. പല കെട്ടിടങ്ങളും ഭൂമിക്കടിയിലേക്ക് താഴ്ന്നു. ഹുവാലിയനിലെ ആഡംബര ഹോട്ടലായ മാര്‍ഷലിനും മറ്റൊരു അപ്പാര്‍ട്ട്‌മെന്റിനുമാണ് കൂടുതല്‍ കേടുപാടുകള്‍ സംഭവിച്ചത്. ഭൂമിക്കടിയിലേക്ക് താഴ്ന്ന അപ്പാര്‍ട്ട്‌മെന്റിന്റെ  ഒരുവശം ചരിഞ്ഞിമുണ്ട്.  നിലംപതിക്കാറായ അവസ്ഥയിലുള്ള  കെട്ടിടങ്ങളില്‍ അതിസാഹസികമായാണു രക്ഷാപ്രവര്‍ത്തനം നടക്കുന്നത്.പ്രാദേശിക സമയം രാത്രി 11.50ഓടെയായിരുന്നു ഭൂകമ്പം. തൊള്ളായിരത്തോളം പേര്‍ ദുരിതാശ്വാസ കേന്ദ്രങ്ങളിലാണ്. രണ്ടായിരത്തോളം വീടുകളില്‍ വൈദ്യുതിബന്ധം വിച്ഛേദിക്കപ്പെട്ടു.  തകര്‍ന്ന കെട്ടിടങ്ങള്‍ക്കിടയില്‍ നിന്നു മൃതദേഹങ്ങള്‍ കണ്ടെത്തിക്കൊണ്ടിരിക്കുകയാണെന്നും മരണനിരക്ക് ഉയരാന്‍ സാധ്യതയുണ്ടെന്നും രക്ഷാപ്രവര്‍ത്തകര്‍ അറിയിച്ചു. ഭൂചലനത്തിനു പിന്നാലെ നൂറോളം ചെറിയ തുടര്‍ ചലനങ്ങളുണ്ടായി.നഗരത്തിലെ ആശുപത്രി ഉള്‍പ്പെടെ അഞ്ചിലധികം കെട്ടിടങ്ങള്‍ക്കും നാശനഷ്ടങ്ങള്‍ സംഭവിച്ചിട്ടുണ്ട്.   തായ്‌വാനിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമാണു ഹുവാലിന്‍.
Next Story

RELATED STORIES

Share it