Flash News

തായ്‌ലന്‍ഡ്: നാലു കുട്ടികള്‍ കൂടി പുറത്തെത്തി

ബാങ്കോക്ക്: താം ലുവാങ് ഗുഹയില്‍ കുടുങ്ങിയ 12 കുട്ടികളില്‍ നാലുപേരെ കൂടി രക്ഷപ്പെടുത്തി പുറത്തെത്തിച്ചു. ഇതോടെ എട്ടു കുട്ടികള്‍ സുരക്ഷിതരായി പുറത്തെത്തി. ഇവരെ ആശുപത്രിയിലേക്കു മാറ്റി. ഇനി നാലു കുട്ടികളും ഫുട്‌ബോള്‍ പരിശീലകനുമാണ് ഗുഹയില്‍ ശേഷിക്കുന്നത്. ഇതില്‍ ചിലരെ ഗുഹാമുഖത്തു നിന്ന് രണ്ടു കിലോമീറ്റര്‍ അകലെയുള്ള ചേംബര്‍ 3 എന്ന സുരക്ഷിതസ്ഥാനത്ത് എത്തിച്ചിട്ടുണ്ട്.
ഇന്നലെ വൈകീട്ട് അഞ്ചോടെയാണ് അഞ്ചാമത്തെ കുട്ടിയെ പുറത്തെത്തിച്ചത്. 7.40ഓടെ എട്ടാമത്തെ കുട്ടിയെയും പുറത്തു കൊണ്ടുവന്നു. നാലു കുട്ടികളും പൂര്‍ണ ആരോഗ്യവാന്മാരാണ്. എന്നാല്‍, അണുബാധയേല്‍ക്കാന്‍ സാധ്യതയുള്ളതിനാല്‍ കുട്ടികളെ സ്പര്‍ശിക്കാന്‍ ബന്ധുക്കളെ അനുവദിക്കില്ലെന്ന് വൈദ്യസംഘം അറിയിച്ചു.താം ലുവാങ് ഗുഹാമുഖം ഉള്‍പ്പെടുന്ന പ്രദേശത്ത് തിങ്കളാഴ്ച രാവിലെ മുതല്‍ കനത്ത മഴ പെയ്തിരുന്നുവെങ്കിലും രക്ഷാപ്രവര്‍ത്തനത്തെ ഒരുതരത്തിലും ബാധിച്ചില്ല. ഇന്നലെ രാവിലെ 11ഓടെയായിരുന്നു രക്ഷാപ്രവര്‍ത്തനം ആരംഭിച്ചത്.
മഴവെള്ളം ഗുഹയ്ക്കു പുറത്തേക്ക് പമ്പ് ചെയ്തുകളയുന്നതിനാല്‍ ഗുഹയ്ക്കകത്തു വെള്ളം കെട്ടിനില്‍ക്കുന്നില്ല. രക്ഷാപ്രവര്‍ത്തനത്തെ മഴ ബാധിക്കാതിരിക്കാന്‍ കനത്ത മുന്‍കരുതലുകള്‍ എടുത്തതായി തായ്‌ലന്‍ഡ് ഗവര്‍ണര്‍ നാരോങ്‌സാക് ഒസാട്ടനകൊണ്‍ പറഞ്ഞു. ആദ്യഘട്ടത്തില്‍ നാലു കുട്ടികളെ പുറത്തെത്തിച്ച മുങ്ങല്‍വിദഗ്ധര്‍ തന്നെയാണ് ഇന്നലെ വീണ്ടും രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങിയത്. ഗുഹയിലെ ദുര്‍ഘട പാത ഇവര്‍ക്കു കൃത്യമായി അറിയുന്നതിനാലാണ് ഇവരെ തന്നെ വീണ്ടും നിയോഗിച്ചത്. ചളി നിറഞ്ഞ വെള്ളക്കെട്ടുകളും ഇടുങ്ങിയ തുരങ്കങ്ങളും കടന്ന് കുട്ടികളെ പുറത്തെത്തിക്കാന്‍ എട്ടു മണിക്കൂര്‍ വീതമെടുത്തു. രക്ഷാപ്രവര്‍ത്തനം വിലയിരുത്താന്‍ തായ് പ്രധാനമന്ത്രി ജനറല്‍ പ്രയുത് ചനോച്ച ഇന്നലെ വൈകീട്ടോടെ താം ലുവാങ്ങില്‍ എത്തിയിട്ടുണ്ട്.
90 നീന്തല്‍ വിദഗ്ധരാണ് പ്രത്യേക ദൗത്യസംഘത്തിലുള്ളത്. ഇതില്‍ 50 പേര്‍ തായ് നാവികസേനാംഗങ്ങളും 40 പേര്‍ വിദേശികളുമാണ്.ജൂണ്‍ 23ന് വൈകീട്ട് ഫുട്‌ബോള്‍ പരിശീലനത്തിനുശേഷം ഉത്തര തായ്‌ലന്‍ഡിലെ ചിയാങ് റായ് മേഖലയിലുള്ള താം ലുവാങ് ഗുഹയ്ക്കുള്ളില്‍ കയറിയതാണ് കൗമാരക്കാരായ 12 കുട്ടികളും അവരുടെ 25 വയസ്സുള്ള കോച്ചും. ഇവര്‍ ഉള്ളില്‍ കയറിയ ഉടന്‍ മഴ പെയ്തതിനെ തുടര്‍ന്നാണ് അകത്തു കുടുങ്ങിയത്. പത്താം ദിവസം ഗുഹയുടെ നാലു കിലോമീറ്റര്‍ ഉള്ളില്‍ ഇവരെ കണ്ടെത്തുകയായിരുന്നു.
Next Story

RELATED STORIES

Share it