ernakulam local

തായ്‌ലന്റില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്

കൊച്ചി: തായ്‌ലന്റില്‍ ജോലി വാഗ്ദാനം ചെയ്ത് 6 വിദ്യാര്‍ത്ഥികളില്‍ നിന്നും 1.50 ലക്ഷം രൂപ വീതം തട്ടിയെടുത്ത കേസില്‍ കലൂരിലെ ഫയര്‍ സേഫ്റ്റി ഫോറം എന്ന സ്ഥാപനത്തിന്റെ മാനേജരെ നോര്‍ത്ത് പോലിസ് അറസ്റ്റ് ചെയ്തു. നോര്‍ത്ത് പറവൂര്‍ സ്വദേശി സെബാസ്റ്റ്യനെ(48)യാണ് എറണാകുളം നോര്‍ത്ത് സബ് ഇന്‍സ്‌പെക്ടര്‍ എസ് സനലിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. ഡല്‍ഹിയില്‍ സ്ഥിരതാമസക്കാരനും ചെറായി സ്വദേശിയുമായ ആഷിലിന്റെ ഉടമസ്ഥതയിലുള്ളതാണ് ഈ സ്ഥാപനം. ഫയര്‍ സേഫ്റ്റി മാനേജ്‌മെന്റ് കോഴ്‌സ് നടത്തുന്ന സ്ഥാപനം അവിടെ പഠനം പൂര്‍ത്തിയാക്കിയ കോട്ടയം കണ്ണൂര്‍ സ്വദേശികളായ 6 വിദ്യാര്‍ത്ഥികളെയാണ് തായ്‌ലാന്റില്‍ ജോലി വാഗ്ദാനം ചെയ്ത് 1.50 ലക്ഷം രൂപാ വീതം തട്ടിയെടുത്തത്. സ്ഥാപനത്തിന്റെ മാനേജര്‍ പറഞ്ഞതനുസരിച്ച് തായ്‌ലാന്റില്‍ എത്തിയശേഷം എയര്‍പോര്‍ട്ടില്‍ കാത്തുനിന്ന സ്ഥാപനത്തിന്റെ ഏജന്റായ രമേശ് നമ്പ്യാര്‍ എന്നയാളുടെ പ്രതിനിധിയായ സുജിത് എന്ന ഇടനിലക്കാരന് ഇവര്‍ തുക കൈമാറുകയായിരുന്നു. ഇയാള്‍ ഈ വിദ്യാര്‍ഥികള്‍ക്ക് ഹോട്ടലില്‍ മുറിയെടുത്ത് നല്‍കിയതിന് ശേഷം മുങ്ങുകയായിരുന്നു. തുടര്‍ന്ന് വിദ്യാര്‍ഥികള്‍ അവിടെ നിന്നും തങ്ങളുടെ വീടുകളിലേക്ക് ബന്ധപ്പെടുകയും, അവരുടെ സഹായത്തോടെ നാട്ടിലെത്തി സ്ഥാപനത്തിനെതിരെ പരാതി നല്‍കുകയായിരുന്നു. സുജിത്തിനേയും രമേശ് നമ്പ്യാരേയും തനിക്ക് അറിയില്ലെന്ന മൊഴിയാണ് പോലിസിന്റെ ചോദ്യം ചെയ്യലില്‍ അറസ്റ്റിലായ മാനേജര്‍ സെബാസ്റ്റ്യന്‍ നല്‍കിയിരിക്കുന്നത്. സ്ഥാപന ഉടമയ്ക്ക് സംഭവുമായി ബന്ധമുണ്ടോയെന്ന കാര്യത്തില്‍ ഒരു സ്ഥിരീകരണം നല്‍കാന്‍ പോലിസ് വൃത്തങ്ങള്‍ തയ്യാറായിട്ടില്ല. അതേസമയം സ്ഥാപനത്തിന്റെ പ്രവര്‍ത്തന രീതികളും സംശയാസ്പദമാണെന്നാണ് പോലിസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന. പരസ്യം നല്‍കാതെ വാട്‌സ്ആപ്പ് സന്ദേശങ്ങളിലൂടെയാണ് ഇവര്‍ വിദ്യാര്‍ഥികളെ കോഴ്‌സുകളിലേക്ക് ക്യാന്‍വാസ് ചെയ്തിരുന്നത്. ഇത് സാമ്പത്തിക തട്ടിപ്പ് നടത്തുന്നതിനാണെന്നാണ് പോലിസ് സംശയിക്കുന്നത്. എറണാകുളം നോര്‍ത്ത് സബ് ഇന്‍സ്‌പെക്ടര്‍ എസ് സനലിന്റെ നേതൃത്വത്തില്‍ സിപിഒ മധു, സിപിഒ പ്രസന്നന്‍, സീനിയര്‍ സിപിഒ സന്തോഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Next Story

RELATED STORIES

Share it