താമസസ്ഥലത്ത് കുട്ടികള്‍ സുരക്ഷിതരാണെന്ന് ഉറപ്പാക്കണം

തിരുവനന്തപുരം: കുട്ടികള്‍ താമസിക്കുന്ന സ്ഥലത്ത് അവര്‍ സുരക്ഷിതരാണെന്ന് ഉറപ്പുവരുത്തേണ്ടത് തദ്ദേശസ്വയംഭരണ സര്‍ക്കാരുകളുടെ ഉത്തരവാദിത്തമാണെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്റെ പരിഗണനാവിഷയമാണെന്ന് ചെയര്‍മാന്‍ പി സുരേഷ് പറഞ്ഞു. അതിക്രമത്തിന് ഇരയായ കുട്ടികളുടെ സംരക്ഷണവും പുനരധിവാസവും എന്നപോലെ പ്രധാനമാണ് അവരുടെ സുരക്ഷിതത്വവും. പ്രശ്‌നങ്ങള്‍ ഉണ്ടാവുമ്പോള്‍ ഇടപെടുന്നതിനേക്കാള്‍ പ്രധാനമാണ് അവരുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നത്.
ജില്ല-ബ്ലോക്ക്-ഗ്രാമപ്പഞ്ചായത്ത് തലങ്ങളില്‍ കുട്ടികളുടെ സംരക്ഷണം ഉറപ്പുവരുത്തുന്നതിന് അതത് തലത്തിലുള്ള ബാലസംരക്ഷണ സമിതികള്‍ (ചൈല്‍ഡ് പ്രൊട്ടക്ഷന്‍ കമ്മിറ്റീസ്) ശക്തിപ്പെടുത്തുന്നതിനു മുന്‍ഗണന നല്‍കും. വിവിധ തലങ്ങളിലുള്ള ബാലസംരക്ഷണ സമിതികളെ ശാക്തീകരിക്കുന്നതിനു കമ്മീഷന്റെ നേതൃത്വത്തില്‍ ഈ സാമ്പത്തിക വര്‍ഷം കേരളത്തില്‍ ഉടനീളം 40 ശില്‍പശാലകള്‍ സംഘടിപ്പിക്കും. ശില്‍പശാലകളുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ തിരുവനന്തപുരം ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തിലെ ഭാഗ്യമാല ഓഡിറ്റോറിയത്തില്‍ നിര്‍വഹിക്കും.
ത്രിതല പഞ്ചായത്തിന്റെ ഓരോ തലത്തിലും കുട്ടികളുടെ സംരക്ഷണത്തിന് ഉതകുന്ന പ്ലാനും പദ്ധതിയും രൂപപ്പെടുത്തണമെന്നാണ് കമ്മീഷന്‍ വിഭാവനം ചെയ്യുന്നത്.
കുട്ടികള്‍ക്കു നേരെയുള്ള ലൈംഗിക അതിക്രമങ്ങള്‍ തടയുന്നതിനുള്ള നിയമം, ബാലനീതി നിയമം, ശൈശവ വിവാഹം നിരോധിച്ചുകൊണ്ടുള്ള നിയമം തുടങ്ങി ബാലസംരക്ഷണ നിയമങ്ങള്‍ സംബന്ധിച്ച് വിശദമായ ബോധവല്‍ക്കരണവും നടത്തും. ശില്‍പശാലകള്‍ക്ക് ബാലാവകാശ സംരക്ഷണ കമ്മീഷന്‍ അംഗങ്ങള്‍ നേതൃത്വം നല്‍കും.
ഉദ്ഘാടനച്ചടങ്ങില്‍ മന്ത്രി കെ കെ ശൈലജ ടീച്ചര്‍ അധ്യക്ഷത വഹിക്കും. എല്‍എസ്ജിഐ ഓംബുഡ്‌സ്മാന്‍ ജസ്റ്റിസ് കെ കെ ദിനേശന്‍ മുഖ്യപ്രഭാഷണം നടത്തും. മേയര്‍ വി കെ പ്രശാന്ത്, പോലിസ് മേധാവി ലോക്‌നാഥ് ബെഹ്‌റ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി കെ മധു, കലക്ടര്‍ കെ വാസുകി, വനിത-ശിശു വികസന വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി ബിജു പ്രഭാകര്‍, ജുവനൈല്‍ പോലിസ് യൂനിറ്റ് നോഡല്‍ ഓഫിസര്‍ എസ് നിശാന്തിനി, കമ്മീഷന്‍ അംഗങ്ങളായ ഡോ. എം പി ആന്റണി, ശ്രീല മേനോന്‍, സിസ്റ്റര്‍ ബിജി ജോസ്, സി ജെ ആന്റണി സംസാരിക്കും.

Next Story

RELATED STORIES

Share it