kozhikode local

താമരശ്ശേരി യൂനിറ്റില്‍ നേതൃമാറ്റത്തിന് കളമൊരുങ്ങുന്നു



താമരശ്ശേരി: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി താമരശ്ശേരി യൂനിറ്റ് കമ്മിറ്റിയുടെ കാലാവധി അവസാനിച്ചതോടെ ഇന്നു നടക്കുന്ന പുതിയ കമ്മിറ്റി രൂപീകരണത്തില്‍ നേതൃമാറ്റത്തിന് കളമൊരുങ്ങുന്നു. നിലവിലെ പ്രസിഡന്റും ജനറല്‍ സെക്രട്ടറിയുമാണ് നേര്‍ക്കുനേര്‍ ഏറ്റുമുട്ടുന്നത്.തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പിനേക്കാളും വീറും വാശിയും നിറഞ്ഞ പ്രചാരണമാണ് നാളുകളായി നടന്നു വരുന്നത്. നിലവില്‍ ജില്ലാ വൈസ് പ്രസിഡന്റും യൂനിറ്റ് പ്രസിഡന്റുമായ പി സി അഷ്‌റഫും യൂനിറ്റ് ജനറല്‍ സെക്രട്ടറിയും ജില്ലാ കമ്മിറ്റിയംഗവുമായ അമീര്‍ മുഹമ്മദ് ഷാജിയുമാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് മല്‍സരിക്കുന്നത്. വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ഭരണഘടന പ്രകാരം രണ്ടു വര്‍ഷമാണ് കമ്മിറ്റിയുടെ കാലാവധി. ഭരണഘടന പ്രകാരം പ്രസിഡന്റിനെയാണ് വോട്ടെടുപ്പിലൂടെ തിരഞ്ഞെടുക്കുക. ബാക്കിയുള്ള ഭാരവാഹികളെ തിരഞ്ഞെടുക്കപ്പെടുന്ന പ്രസിഡന്റാണ് നിയമിക്കുക. കഴിഞ്ഞ 32 വര്‍ഷമായി താമരശ്ശേരി യൂനിറ്റ് പ്രസിഡന്റായി പ്രവര്‍ത്തിച്ചു വരുന്നയാളാണ് പി സി അഷ്‌റഫ്. അത് കൊണ്ടു തന്നെ നേതൃമാറ്റം അനിവാര്യമാണെന്ന അഭിപ്രായമാണ് ഭൂരിപക്ഷം വ്യാപാരികള്‍ക്കുമുള്ളത്. താമരശ്ശേരിയില്‍ ഇതിനു മുമ്പ് ഇത്തരത്തില്‍ വാശിയേറിയ തിരഞ്ഞെടുപ്പ് ഉണ്ടായിട്ടില്ല. ഐകകണ്‌ഠേനയാണ് തെരഞ്ഞെടുപ്പ് നടന്നിരുന്നത്. ഇന്ന് വൈകീട്ട് 4.30ാണ് ജനറല്‍ബോഡി യോഗം നടക്കുന്നത്. തുടര്‍ന്ന് 6.30ന് വ്യാപാരഭവനില്‍ വച്ച് തിരഞ്ഞെടുപ്പ് നടക്കും. ജില്ലാ സെക്രട്ടറി സി ജെ ടെന്നിസന്‍ ആണ് റിട്ടേര്‍ണിങ് ഓഫിസര്‍. സംസ്ഥാന പ്രസിഡന്റ് ടി നസീറുദ്ധീനും യോഗത്തില്‍ സംബന്ധിക്കും. സമവായത്തിനായി ജില്ലാ നേതൃത്വം കിണഞ്ഞു ശ്രമിച്ചിരുന്നെങ്കിലും ഇരു കൂട്ടരും വഴങ്ങാത്തതിനാല്‍ ആ ശ്രമം പരാജയപ്പെടുകയായിരുന്നു. 420 അംഗങ്ങളാണ് തെരഞ്ഞെടുപ്പില്‍ പങ്കെടുക്കുക. തിരഞ്ഞെടുപ്പുകളില്‍ രാഷ്ട്രീയപ്പാര്‍ട്ടികള്‍ നടത്തുന്ന പോലെ പ്രചാരണ പരിപാടികളാണ് ഷാജി വിഭാഗം നടത്തിയിട്ടുള്ളത്. മാറ്റത്തിനും വ്യാപാരി വികസനത്തിനുമായി ഒരു വോട്ട് എന്ന തലക്കെട്ടോടെ നോട്ടീസുകളും പോസ്റ്ററുകളും പ്രകടന പത്രികയും ഇവര്‍ പുറത്തിറക്കിയിട്ടുണ്ട്. വോട്ടര്‍മാരെ ഒറ്റയ്ക്കും പരസ്യമായും ഇരു കൂട്ടരും സമീപിച്ച് വോട്ടഭ്യര്‍ത്ഥന നടത്തിയിട്ടുണ്ട്. കൂടാതെ താമരശ്ശേരി ടൗണില്‍ ഇന്നലെ വൈകീട്ട് ഷാജിയെ പിന്തുണക്കുന്ന വിഭാഗം വോട്ടഭ്യര്‍ത്ഥിച്ച് പ്രകടനവും നടത്തി. പ്രകടനത്തിന് നൗഷാദ് ചെമ്പ്ര, മുര്‍ത്താസ്, ലത്തീഫ്, സാലി, റഫീക്ക്, മുഹമ്മദലി, മജീദ്, മുനീര്‍, ഇഖ്ബാല്‍, പ്രഭാകരന്‍, കുഞ്ഞന്‍, മോഹനന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
Next Story

RELATED STORIES

Share it