താമരശ്ശേരി ചുരത്തില്‍ ചരക്കുവാഹനങ്ങള്‍ നിരോധിച്ചു

കല്‍പ്പറ്റ: താമരശ്ശേരി ചുരം റോഡ് പൊട്ടിപ്പൊളിഞ്ഞ് യാത്രക്കാരുടെ സുരക്ഷയ്ക്കു ഭീഷണിയായ സാഹചര്യത്തില്‍ ചുരത്തിലൂടെ ചരക്കു വാഹനങ്ങളുടെയും മള്‍ട്ടി ആക്‌സില്‍ ബസ്സുകളുടെയും ഗതാഗതം വയനാട് പോലിസ് ഇന്നലെ മുതല്‍ നിരോധിച്ചു. ചുരം അറ്റകുറ്റപ്പണി കഴിയുന്നതു വരെയാണു നിരോധനം. ലക്കിടി, സുല്‍ത്താന്‍ ബത്തേരി എന്നിവിടങ്ങളില്‍ പോലിസ് ചരക്കുവാഹനങ്ങള്‍ തടഞ്ഞ് നാലാംമൈല്‍-നിരവില്‍പുഴ-കുറ്റിയാടി ചുരം വഴി കോഴിക്കോട്ടേക്ക് അയച്ചുതുടങ്ങി. നിലവില്‍ രണ്ട്, മൂന്ന്, നാലുചക്ര വാഹനങ്ങളും കെഎസ്ആര്‍ടിസി, സ്വകാര്യ ബസ്സുകളും മാത്രമാണ് ചുരത്തിലൂടെ കടത്തിവിടുക. ചുരത്തിലെ വന്‍ ഗര്‍ത്തങ്ങളില്‍ കുടുങ്ങി വാഹനങ്ങള്‍ മറിയാനുള്ള സാധ്യത കണക്കിലെടുത്താണു നടപടി. ആദ്യം കെഎസ്ആര്‍ടിസി, സ്വകാര്യ ബസ്സുകളെയും ചുരത്തിലൂടെ കടത്തിവിടേണ്ടെന്ന് പോലിസ് തീരുമാനിച്ചിരുന്നു. ഇതു കടുത്ത ബുദ്ധിമുട്ട് സൃഷ്ടിക്കുമെന്നു കണ്ടാണ് ബസ്സുകളെ ഒഴിവാക്കിയത്. എല്ലാതരത്തിലുള്ള ചരക്കുവാഹനങ്ങളും കെ.എസ്ആര്‍ടിസിയുടേതടക്കമുള്ള മള്‍ട്ടി ആക്‌സില്‍ ബസ്സുകളും കുറ്റിയാടി വഴിയാണു പോവേണ്ടത്. നിരോധനം അവഗണിച്ച് ചുരം കയറിയെത്തുന്ന ചരക്കുവാഹനങ്ങള്‍ ലക്കിടിയില്‍ നിന്നു തിരിച്ചയക്കുമെന്ന് ജില്ലാ പോലിസ് ചീഫ്് അറിയിച്ചു.
Next Story

RELATED STORIES

Share it