kozhikode local

താമരശ്ശേരി ചുരത്തിലെ ഗതാഗതക്കുരുക്ക്്: പത്ത് ദിവസത്തിനകം റീ ടാറിങ്

താമരശ്ശേരി: ചുരത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍   പത്ത് ദിവസത്തിനകം ചുരത്തിലെ റോഡുകളില്‍ റീ ടാറിങ് നടത്താനും നിലവിലുള്ള കണ്ടെയ്‌നര്‍ നിയന്ത്രണം ഉള്‍പ്പെടെ കാര്യക്ഷമമാക്കാനും യോഗം തീരുമാനിച്ചു.താമരശ്ശേരി ചുരത്തില്‍ ഗതാഗതക്കുരുക്ക് നിത്യ സംഭവമായ സാഹചര്യത്തിലാണ് ജില്ലാ കലക്ടര്‍ യു വി ജോസ് ഉന്നത ഉദ്യോഗസ്ഥരുടെ അടിയന്തര യോഗം വിളിച്ചു ചേര്‍ത്തത്.
ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ താമരശ്ശേരി താലൂക്ക് ഓഫിസില്‍ നടന്ന യോഗത്തില്‍ വയനാട് എഡിഎം  കെ എം രാജന്‍, ജില്ലാ ഫോറസ്റ്റ് ഓഫിസര്‍ സുനില്‍ കുമാര്‍, താമരശ്ശേരി ഡിവൈഎസ്പി പി സി സജീവന്‍, താമരശ്ശേരി സഹസില്‍ദാര്‍ സി മുഹമ്മദ് റഫീഖ്, വൈത്തിരി എല്‍ ആര്‍ തഹസില്‍ദാര്‍ വി എസ് വിജയകുമാര്‍, വയനാട് ജോയിന്റ് ആര്‍ ടി ഒ എസ് മനോജ്, ദേശീയപാതാ വിഭാഗം എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ കെ വിനയരാജ്, അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ പി കെ ജമാല്‍ മുഹമ്മദ്, കൊടുവള്ളി മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ വി വി ഫ്രാന്‍സിസ്, പുതുപ്പാടി ഗ്രാപമഞ്ചായത്ത് പ്രസിഡന്റ് കെ കെ നന്ദകുമാറും പങ്കെടുത്തു. ചുരത്തിലെ ഗതാഗത പ്രശ്‌നങ്ങല്‍ പരിഹരിക്കാന്‍ നേരത്തെ ഇറക്കിയ രണ്ട് ഉത്തരവുകള്‍ നടപ്പിലാക്കാന്‍ കഴിഞ്ഞില്ലെന്ന് യോഗം വിലയിരുത്തി.
പോലിസില്‍ അംഗബലം കുറവായതിനാലും ഉള്ളവരെ ഗെയില്‍ പ്രവൃത്തിക്കുള്ള സംരക്ഷണം ഉള്‍പ്പെടെയുള്ള ജോലികള്‍ക്ക് നിയോഗിച്ചതിനാലും ചുരത്തില്‍ ആവശ്യത്തിന് പോലിസിനെ നിയോഗിക്കാന്‍ കഴിഞ്ഞില്ല.റോഡിന്റെ തകര്‍ച്ചയാണ് ഗതാഗതക്കുരുക്കിന്റെ പ്രധാന കാരണം. ഇത് പരിഹരിക്കാന്‍ ഈ മാസം 23ന് അടിയന്തര അറ്റകുറ്റ പണി നടത്തണമെന്ന് കാണിച്ച് പൊതുമരാമത്ത് വകുപ്പ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ക്ക് കത്ത് നല്‍കിയതായി ജില്ലാ കലക്ടര്‍ യോഗത്തെ അറിയിച്ചു.
രണ്ട് തവണ ടെന്‍ഡര്‍ ക്ഷണിച്ചെങ്കിലും കരാറുകാര്‍ ആരും പ്രവൃത്തി ഏറ്റെടുത്തില്ലെന്നും മലപ്പുറം ആസ്ഥാനമായുള്ള കമ്പനി ഇപ്പോള്‍ പ്രവൃത്തി ഏറ്റെടുത്തതായും പൊതുമരാമത്ത് വകുപ്പ് അധികൃതര്‍ യോഗത്തെ അറിയിച്ചു. പ്രാരംഭ പ്രവൃത്തികള്‍ ആരംഭിച്ചു. നാല് ദിവസത്തിനകം കുഴികള്‍ അടക്കും. പത്ത് ദിവത്തിനകം റീ ടാറിങ് നടത്തും. വലിയ കണ്ടെയ്‌നര്‍ ലോറികള്‍ക്കും അമിത ഭാരം കയറ്റുന്ന ടിപ്പര്‍ ഉള്‍പ്പെടെയുള്ള ലോറികള്‍ക്കുമുള്ള നിരോധനം കര്‍ശനമായി നടപ്പാക്കാന്‍ യോഗത്തില്‍ തീരുമാനിച്ചു. സ്‌കാനിയ ബസ്സുകള്‍ വളവുകളില്‍ കുടുങ്ങി ഗതാഗതം തടസ്സപ്പെടുന്ന സാഹചര്യത്തില്‍ ഇവ വഴി തിരിച്ചു വിടണമെന്നും ആവശ്യമുയര്‍ന്നു.
ഇക്കാര്യത്തില്‍ ഉന്നത തല ചര്‍ച്ച അനിവാര്യമാണെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു. എന്നാല്‍ ടാറിങ് നടക്കുന്ന സമയത്ത് 24 മണിക്കൂറെങ്കിലും സ്‌കാനിയ ബസ്സുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തുമെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു. ലക്കിടിയിലെ ഫോറസ്റ്റ് ചെക്ക് പോസ്റ്റില്‍ പോലിസിന്റെ സാന്നിധ്യം ഉറപ്പാക്കാനും അടിവാരത്ത് പുതിയ ചെക്ക് പോസ്റ്റ് ആരംഭിക്കാനും യോഗം തീരുമാനിച്ചു.
Next Story

RELATED STORIES

Share it