kozhikode local

താമരശ്ശേരി ചുരം വീതികൂട്ടല്‍: രണ്ടേകാല്‍ ഏക്കര്‍ ഭൂമി കൈമാറി

താമരശ്ശേരി: ദുരിത യാത്രക്കറുതി വരുത്തുന്നതിനു താമരശ്ശേ രി ചുരത്തിലെ വളവുകളില്‍ വീതികൂട്ടുന്നതിനാവശ്യമായി ഭൂമി വിട്ടുകൊടുത്തു വനംവകുപ്പ് അധികൃതര്‍. ഏറെ വിവാദങ്ങള്‍ക്കും പ്രക്ഷോഭങ്ങള്‍ക്കും ശേഷം ദേശീയപാതയില്‍ കോഴിക്കോട് - വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്ന താമരശ്ശേരി ചുരം റോഡ് വീതികൂട്ടി നവീകരിക്കുന്നതിനാവശ്യമായ നടപടികള്‍ക്കാണ് തുടക്കമായത്.
തങ്ങളുടെ കൈവശമുള്ള രണ്ടേകാല്‍ ഏക്കര്‍ വനം ഭൂമി നാഷനല്‍ ഹൈവേ വിഭാഗത്തിന് വനംവകുപ്പ് അധികൃതര്‍ ഇന്നലെ ചുരത്തില്‍ വച്ച് കൈമാറി. രാവിലെ 11ന് ദേശീയപാത എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ജമാല്‍ മുഹമ്മദ്, എഇ എം പി ലക്ഷ്മണന്‍, ആന്റോ പോള്‍, സലീം വനംവകുപ്പ് ഉദ്യോഗസ്ഥരായ ഡെപ്യൂട്ടി റേഞ്ച് ഓഫിസര്‍ മനോജ് തുടങ്ങിയവരുടെ സാന്നിധ്യത്തിലാണ് രേഖകള്‍ കൈമാറിയത്.
ചുരം വളവുകള്‍ വീതികൂട്ടുന്നതിന് തടസ്സമായി നിന്നിരുന്നത് വനംവകുപ്പിന് കീഴിലുള്ള ഭൂമി ലഭ്യമാക്കാത്തത്‌കൊണ്ടായിരുന്നു. ചുരത്തിലെ ഒന്ന്, മൂന്ന്, ആറ്, ഏഴ്, എട്ട് എന്നീ മുടിപ്പിന്‍ വളവുകളാണ് ഇതുവഴി വീതികൂട്ടുക.
ചുരത്തിലെ ഒമ്പത് മുടിപ്പിന്‍ വളവുകളില്‍ രണ്ട്്, നാല്, ഒമ്പത് വളവുകള്‍ നേരത്തെ തന്നെ വീതി കൂട്ടി ഇന്റര്‍ലോക്ക് ചെയ്തിട്ടുണ്ട്. ഇതിനെ തുടര്‍ന്ന് മറ്റ് വളവുകളില്‍ കൂടി ഇത്തരത്തിലുള്ള വീതികൂട്ടലും ഇന്റര്‍ലോക്ക് പതിക്കലും എന്ന ആവശ്യം ശക്തമായിരുന്നു. എന്നാല്‍ വനംവകുപ്പിന്റെ അധീനതയിലുള്ള ഭൂമി വിട്ടുകിട്ടാനുണ്ടായ സാങ്കേതിക തടസ്സമാണ് വീതികൂട്ടല്‍ നീണ്ടുപോയത്. കേന്ദ്ര അനുമതി ലഭിച്ചതോടെ ചുരത്തിലെ സാങ്കേതിക തടസ്സങ്ങള്‍ക്ക് പരിഹാരമാവുമെന്ന പ്രതീക്ഷയിലാണ് യാത്രക്കാരും അധികൃതരും.
Next Story

RELATED STORIES

Share it