kozhikode local

താമരശ്ശേരി ചുരം: ടണല്‍ റോഡിനായി ഡിപിആര്‍ തയ്യാറാക്കും

കോഴിക്കോട്: താമരശ്ശേരി ചുരത്തിലെ ഗതാഗതക്കുരുക്കിന് ടണല്‍ റോഡ് നിര്‍മാണം പരിഗണനയില്‍. രണ്ട് ടണല്‍ റോഡ് നിര്‍മാണ പദ്ധതികള്‍ പരിഗണനയിലുണ്ട്. ചുരം റോഡ് നവീകരണത്തിനായി സ്ഥിരം സംവിധാനമുണ്ടാക്കാനും യോഗത്തില്‍ തീരുമാനമായി. മരുതിലാവ്- വൈത്തിരി- കല്‍പ്പറ്റ, ആനക്കാംപൊയില്‍-കള്ളാടി- മേപ്പാടി ഭൂഗര്‍ഭ പാതകളുടെ ഡിപിആര്‍ (ഡീറ്റേയില്‍ഡ് പ്രൊജക്റ്റ് റിപോര്‍ട്ട്) കൊങ്കണ്‍ റെയില്‍വേയുടെ സഹായത്തോടെ ഉണ്ടാക്കി സര്‍ക്കാറിന് സമര്‍പ്പിക്കുമെന്നും പദ്ധതിയ്ക്കായി കിഫ്ബിയില്‍ പണം കണ്ടെത്തുന്ന കാര്യം ധനകാര്യ മന്ത്രി അംഗീകരിച്ചിട്ടുണ്ടെന്നും ജോര്‍ജ് എം തോമസ് എംഎല്‍എ യോഗത്തില്‍ അറിയിച്ചു. താമരശ്ശേരി ചുരം റോഡ് അവലോകനത്തിനായി കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.ആനക്കാംപൊയില്‍-കള്ളാടി-മേപ്പാടി ടണല്‍ റോഡിന് ആറരകിലോമീറ്റര്‍ ദൈര്‍ഘ്യമുണ്ടായിരിക്കും. മരുതിലാവ് -വൈത്തിരി വരെ ആറു കിലോമീറ്ററും കല്‍പ്പറ്റ വരെയുള്ള ടണല്‍ റോഡിന് 13 കിലോമീറ്ററും ദൈര്‍ഘ്യമുണ്ടായിരിക്കും. പദ്ധതി യാഥാര്‍ഥ്യമാക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനം സര്‍ക്കാരിന്റെതായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ചുരം റോഡിന്റെ കോണ്‍ക്രീറ്റിംങ്ങും ടാറിങ്ങും ഉള്‍പ്പെടെയുള്ള അറ്റകുറ്റപ്പണികള്‍ ഒരു മാസത്തിനകം പൂര്‍ത്തീകരിക്കും. വലിയ വാഹനങ്ങള്‍ക്ക് ഒരു മാസം നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന് പിഡബ്ല്യുഡി നിര്‍ദേശിച്ചിട്ടുണ്ട്. പ്രതിദിനം 14,000 വാഹനങ്ങള്‍ കടന്ന് പോവുന്ന റോഡില്‍ ഉല്‍സവ സീസണുകളില്‍ 20,000 വാഹനങ്ങള്‍ വരെ കടന്നുപോവുന്നുണ്ട്. കുഴികള്‍ അതത് സമയത്ത് തന്നെ അടച്ച് റോഡ് ഗതാഗതയോഗ്യമാക്കാ ന്‍ സൗകര്യമുണ്ടാക്കാനും യോഗത്തില്‍ തീരുമാനിച്ചു. ചുരത്തിലെ എല്ലാ ഹെയര്‍പിന്‍ വളവുകളും ടൈല്‍ പാകുന്നതിന് നടപടിയുണ്ടാകും. ചുരം റോഡിന്റെ വീതി കൂട്ടുന്ന പ്രവൃത്തി ഉടന്‍ ആരംഭിക്കും. വനംവകുപ്പില്‍ നിന്ന് 0.98 ഹെക്ടര്‍ ഭൂമി വിട്ടുകിട്ടുന്ന മുറയ്ക്ക് റോഡ് വീതി കൂട്ടല്‍ പ്രവൃത്തി ആരംഭിക്കും. ഭൂമി വിട്ടുകിട്ടാനുള്ള നടപടികളെല്ലാം അന്തിമഘട്ടത്തിലാണെന്ന് ജില്ലാ കലക്ടര്‍ യു വി ജോസ് അറിയിച്ചു. 11 മീറ്റര്‍ നീളമുള്ള സ്‌കാനിയ ബസ്സുകള്‍ കടന്ന് പോവുന്നത് ചുരം റോഡിന് ആഘാതമേല്‍പ്പിക്കുന്നുണ്ട്. അതാത് സമയത്ത് ചുരത്തിലെ കാനകള്‍ വൃത്തിയാക്കാത്തത് മൂലം മഴക്കാലത്ത് വെള്ളം കുത്തിയൊഴുകി റോഡ് കേടാവുന്നത് തടയും. ചുരം റോഡില്‍ വ്യൂ പോയിന്റിലുള്‍പ്പെടെ വാഹന പാര്‍ക്കിങ് നിരോധിച്ചിട്ടുണ്ട്. ലക്കിടിയില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനുള്ള സൗകര്യം ഫെബ്രുവരി 1 ഓടെ സജ്ജമാകും. പിഡബ്ല്യുഡി പ്രിന്‍സിപ്പല്‍ സെക്രട്ടറി ജി കമല വര്‍ധന റാവു, പിഡബ്ല്യുഡി എന്‍എച്ച് സൂപ്രണ്ടിങ് എന്‍ജിനീയര്‍ ടി എസ് സിന്ധു, പിഡബ്ല്യുഡി എന്‍ എച്ച് എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍ വിനയരാജ്, പിഡബ്ല്യുഡി എന്‍ എച്ച് ചീഫ് എന്‍ജിനീയര്‍ പി ജി  സുരേഷ്, വയനാട് എഡിഎം കെ എം രാജു, പുതുപ്പാടി പഞ്ചായത്ത് പ്രസിഡന്റ് കെ നന്ദകുമാര്‍ തുടങ്ങി വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it