Flash News

താമരശ്ശേരിയില്‍ അജ്ഞാതന്‍ പെട്രോളൊഴിച്ചു കത്തിച്ച ധനകാര്യ സ്ഥാപന ഉടമ മരിച്ചു

താമരശ്ശേരിയില്‍ അജ്ഞാതന്‍ പെട്രോളൊഴിച്ചു കത്തിച്ച ധനകാര്യ സ്ഥാപന ഉടമ മരിച്ചു
X
താമരശ്ശേരി: പെട്രോള്‍ ഒഴിച്ചു കത്തിച്ചതിനെ തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റ സ്വകാര്യ ധനകാര്യ സ്ഥാപന ഉടമ മരിച്ചു. പുതുപ്പാടി കൈതപ്പൊയിലില്‍ പ്രവര്‍ത്തിക്കുന്ന മലബാര്‍ ഫൈനാന്‍സിയേഴ്‌സ് ഉടമ കോടഞ്ചേരി കുപ്പായക്കോട് ഇലവ കുന്നേല്‍ സജി കുരുവിള(52)യാണ് കൊല്ലപ്പെട്ടത്. ഇന്നലെ ഉച്ചക്ക രണ്ട് മണിയോടെ കൈതപ്പൊയില്‍ ബസ് സ്‌റ്റോപ്പിനു സമീപം സുബൈദ കോംപ്ലക്‌സില്‍ തന്റെ സ്ഥാപനത്തില്‍ ജോലിക്കിടയിലാണ് അജ്ഞാതനായ യുവാവ് അക്രമം നടത്തിയത്. ആദ്യം കുരുവിളയുടെ മുഖത്ത് മുളക് പൊടി വിതറുകയും കയ്യില്‍ കരുതിയ പെട്രോള്‍ ഒഴിച്ചു തീകൊടുക്കുകയുമായിരുന്നു.



ശരീരത്തില്‍ തീപടര്‍ന്ന സജി തന്റെ കാബിനില്‍ നിന്നും പുറത്തിറങ്ങി താഴേക്ക് ചാടുകയായിരുന്നു.താഴെയുളള കടകളുടെ ഷീറ്റില്‍ തട്ടി വെള്ളത്തിലേക്ക് വീണു.ഓടിക്കൂടിയ നാട്ടുകാരും കച്ചവടക്കാരും തീ അണക്കുകയായിരുന്നു. 95 ശതമാനം പൊള്ളലേറ്റ് അതീവ ഗുരുതരാവസ്ഥയിലായ കുരുവിളയെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശപത്രിയില്‍ പ്രവേശിപ്പിച്ചു. ബഹളത്തിനിടയില്‍ അക്രമി കെട്ടിടത്തിന്റെ പിന്‍ ഭാഗത്തു കൂടി രക്ഷപ്പെട്ടു. ഇയാളുടെതെന്ന് കരുതുന്ന ബൈക്കിന്റെ താക്കോല്‍, ഹെല്‍മെറ്റ്,ഒരു കുപ്പി പെട്രോള്‍ എന്നിവ നാട്ടുകാര്‍ കണ്ടെടുത്തു. രണ്ട് ദിവസം മുമ്പ് ഇരിട്ടി സ്വദേശി സുമേശ് എന്ന ആള്‍ ഒന്നര ലക്ഷം രൂപക്കുള്ള സ്വര്‍ണവുമായി ഇവിടെയെത്തിയിരുന്നു. അയാള്‍ രണ്ട് ലക്ഷം രൂപയാണ് ആവശ്യപ്പെട്ടത്. എന്നാല്‍ ഇത് നല്‍കാനാവില്ലെന്നറിയിച്ചതോടെ സ്ഥലം വിട്ടു. ഇയാളുടെ പ്രവര്‍ത്തി സംശയം തോന്നിയ ഉടമ ഇത് വീഡിയോയില്‍ പകര്‍ത്തിയിരുന്നു. ഇയാള്‍ ഇന്നലെ ഉച്ചക്ക് പന്ത്രണ്ടരയോടെ വീണ്ടും സ്വര്‍ണം പണയം വയ്ക്കാനെന്ന വ്യാജേന ഈ സ്ഥാപനത്തിലെത്തി.കയ്യില്‍ പെട്രോളുമായാണ് എത്തിയത്. ഇത് പുറത്തുവെക്കാന്‍ സജി ആവശ്യപ്പെട്ടു. ഉടനെ കയ്യില്‍ കരുതിയ മുളകുപൊടി വിതറുകയും പെട്രോള്‍ ദേഹത്തേക്ക് ഒഴിക്കുകയും തീ കൊളുത്തുകയായിരുന്നുവെന്നും സജി മൊഴി നല്‍കിയിട്ടുണ്ട്. താമരശ്ശേരി പോലിസ് അന്വേഷണം ഊര്‍ജിതമാക്കി. സംശയമുള്ള ഒരാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
Next Story

RELATED STORIES

Share it