താന്‍ മനോരോഗിയാണെന്ന് നിസാം

തൃശൂര്‍: തന്നെ പ്രതിയാക്കിയത് ഗൂഢാലോചനയാണെന്നും താന്‍ മാനസികവിഭ്രാന്തിക്ക് (ബൈപോളാര്‍) ചികില്‍സ തേടുന്നയാളാണെന്നും ചന്ദ്രബോസ് വധക്കേസ് പ്രതി മുഹമ്മദ് നിസാം. ജില്ലാ അഡീഷനല്‍ സെഷന്‍സ് കോടതി ജഡ്ജി കെ പി സുധീറിന്റെ ചോദ്യംചെയ്യലില്‍ നല്‍കിയ 12 പേജുള്ള മറുപടിയിലാണ് നിസാം ഇക്കാര്യം വിശദീകരിച്ചത്.

തനിക്കെതിരായ തെളിവുകള്‍ കൃത്രിമമായി ഉണ്ടാക്കിയതാണ്.  തെളിവെടുപ്പിന്റെ പേരില്‍ തന്നെ കൊണ്ടുനടന്നതിനാല്‍ അസുഖം കൂടിയെന്നും ഇതു മജിസ്‌ട്രേറ്റിനെ ധരിപ്പിച്ചെന്നും വിശദീകരണത്തിലുണ്ട്. ക്രിമിനല്‍ നടപടിക്രമം 313 (5) ചട്ടമനുസരിച്ചുള്ള അധിക മറുപടിയാണ് ഇന്നലെ നിസാം കോടതിയില്‍ സമര്‍പ്പിച്ചത്. വാഹനത്തിനു മുന്നിലേക്കു ചാടിയതിനെ തുടര്‍ന്ന് പരിക്കേറ്റ ചന്ദ്രബോസിനെ രക്ഷപ്പെടുത്താനാണ് താന്‍ ശ്രമിച്ചത്. രാഷ്ട്രീയക്കാര്‍ക്ക് പിരിവോ മാധ്യമങ്ങള്‍ക്കു പരസ്യമോ നല്‍കാത്തതിലുള്ള വിരോധമാണ് തനിക്കെതിരേ കള്ളക്കഥകളുണ്ടാക്കി ആഘോഷിക്കുന്നതിനു കാരണം.

പരിക്കേറ്റ തനിക്ക് അന്വേഷണ ഉദ്യോഗസ്ഥന്‍ പേരാമംഗലം സിഐ ആവശ്യമായ ചികില്‍സ ലഭ്യമാക്കിയില്ല. ഇവരുടെയെല്ലാം ഗൂഢാലോചനയാണ് തന്നെ കേസില്‍ പ്രതിയാക്കിയതിനു പിന്നിലുള്ളത്.  സംഭവദിവസം രാത്രിയില്‍ ബിസിനസ് മീറ്റിങുകള്‍ കഴിഞ്ഞ് ഏറെ ക്ഷീണിതനായാണ് താനെത്തിയത്. ശോഭാസിറ്റിയുടെ ഗേറ്റ് അടഞ്ഞുകിടക്കുന്നതു കണ്ട് ഭാര്യയെ വിളിച്ചു ഹര്‍ത്താലാണോയെന്നു ചോദിച്ചു. ഇതിനിടയില്‍ യൂനിഫോമിലല്ലാതെ ചന്ദ്രബോസ് വന്നു. സ്റ്റിക്കര്‍ പതിക്കുന്നതു സംബന്ധിച്ച തര്‍ക്കത്തെത്തുടര്‍ന്ന് ചന്ദ്രബോസും താനുമായി അടിപിടിയുണ്ടായി. തുടര്‍ന്ന് ചന്ദ്രബോസ് തന്നെ ആക്രമിക്കുകയായിരുന്നു. ഹമ്മര്‍ വാഹനം ഓടിച്ച് തനിക്കു പരിചയമില്ലായിരുന്നു. ഓടിച്ചിരുന്ന വാഹനം കിട്ടിയിട്ട് രണ്ടു ദിവസമേ ആയിരുന്നുള്ളൂ. ഇതിനിടയിലാണ് ചന്ദ്രബോസ് വണ്ടിക്കു മുമ്പില്‍ ചാടിയത്. ബ്രേക്ക് ചവിട്ടിയെങ്കിലും തട്ടിവീണു. പരിക്കേറ്റ ഇയാള ആശുപത്രിയില്‍ കൊണ്ടുപോവാനായി വാഹനത്തില്‍ കയറ്റിയെങ്കിലും ചന്ദ്രബോസ് ഇറങ്ങണമെന്ന് ആവശ്യപ്പെട്ടു. ഇറങ്ങുന്നതിനിടയില്‍ താഴെവീണു. ഇതിനിടയില്‍ പോലിസും മറ്റുള്ളവരും എത്തി ചന്ദ്രബോസിനെ ആശുപത്രിയിലേക്കു കൊണ്ടുപോയി. എന്നാല്‍, പരിക്കേറ്റ തനിക്ക് ചികില്‍സ വേണമെന്നാവശ്യപ്പെട്ടെങ്കിലും പേരാമംഗലം സിഐ അതു നിഷേധിക്കുകയായിരുന്നെന്നും നിസാം കോടതിയെ ബോധിപ്പിച്ചു.
Next Story

RELATED STORIES

Share it