താന്‍സാനിയന്‍ വനിതയെ ആക്രമിച്ച കേസ് : നാലു പേര്‍ കൂടി അറസ്റ്റില്‍

ബംഗളുരു: താന്‍സാനിയന്‍ വനിതയെ നഗ്നയാക്കി നടത്തുകയും മര്‍ദ്ദിക്കുകയും ചെയ്ത കേസില്‍ നാലുപേരെ കൂടി പോലിസ് അറസ്റ്റ് ചെയ്തു. രണ്ടു പോലിസുകാരെ സസ്‌പെന്‍ഡ് ചെയ്തിട്ടുമുണ്ട്. ഇതോടെ സംഭവത്തോടനുബന്ധിച്ച് പോലിസ് പിടിയിലായവരുടെ എണ്ണം ഒമ്പതായി. ഞായറാഴ്ച രാത്രിയാണ് ബംഗളുരുവില്‍ താന്‍സാനിയന്‍ വിദ്യാര്‍ഥിനിയെ ജനക്കൂട്ടം ആക്രമിച്ചത്. സുഡാന്‍ സ്വദേശിയുടെ കാറിടിച്ച് ഒരു സ്ത്രീ മരിച്ചിരുന്നു. ഇതില്‍ ക്ഷുഭിതരായ ജനക്കൂട്ടമാണ് ആളുമാറി താന്‍സാനിയന്‍ വിദ്യാര്‍ഥിനിയെ മര്‍ദ്ദിച്ചത്.
ഇന്‍സ്‌പെക്ടര്‍ പ്രവീണ്‍ ബാബു, കോണ്‍സ്റ്റബിള്‍ മഞ്ജുനാഥ് എന്നിവരെയാണ് സസ്‌പെ ന്‍ഡ് ചെയ്തതെന്ന് പോലിസ് കമ്മീഷണര്‍ എന്‍ എസ് മെഘാരിക് അറിയിച്ചു. സംഭവത്തില്‍ ഉള്‍പ്പെട്ടവരെന്നു സംശയിക്കുന്ന കൂടുതല്‍ പേരെ ചോദ്യം ചെയ്തുവരുകയാണ്. അറസ്റ്റിലായവരില്‍ പഞ്ചായത്തംഗവും പെടുന്നു. താന്‍സാനിയന്‍ ഹൈക്കമ്മീഷണര്‍ ജോണ്‍ ഡബ്ല്യു എച്ച് കിജാസിയും വിദേശകാര്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരുമടങ്ങുന്ന സംഘം ആക്രമണത്തിനിരയായ വിദ്യാര്‍ഥിയെ കാണും. സംഭവത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ വിശദീകരണവും സംഘം കേള്‍ക്കും. എന്നാല്‍, താന്‍സാനിയന്‍ വിദ്യാര്‍ഥിനിയെ നഗ്നയാക്കി നടത്തിയിട്ടില്ലെന്ന് കര്‍ണാടക ആഭ്യന്തരമന്ത്രി ജി പരമേശ്വര പറഞ്ഞു. ഇതൊരു വംശീയാക്രമണമല്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, സംസ്ഥാനത്തെ വിദേശ വിദ്യാര്‍ഥികളെ വീക്ഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിക്കണമെന്ന് കേന്ദ്ര നിയമമന്ത്രി സദാനന്ദ ഗൗഡ കര്‍ണാടക സര്‍ക്കാരിനോടാവശ്യപ്പെട്ടു. കാറപകടത്തില്‍ മരിച്ച സ്ത്രീയുടെ വസതി സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദേശ വിദ്യാര്‍ഥികളുടെ പ്രവര്‍ത്തനങ്ങള്‍ക്കെതിരേ നാട്ടുകാര്‍ നല്‍കിയ പരാതി സംസ്ഥാന സര്‍ക്കാ ര്‍ പരിഗണിക്കുന്നില്ല. സംഭവത്തോടനുബന്ധിച്ച് നിരപരാധികളെ പോലിസ് അറസ്റ്റ് ചെയ്യുകയാണ്.
സംസ്ഥാനത്ത് ക്രമസമാധാനം നിലനിര്‍ത്തുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു. ഞായറാഴ്ച നടന്ന സംഭവത്തിലെ സത്യം കണ്ടെത്തുന്നതിനു കേന്ദ്രം ഇടപെടണം-മന്ത്രി ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it