താന്‍സാനിയന്‍ തിരഞ്ഞെടുപ്പ്:ഫലം ഭരണകക്ഷിക്ക് വെല്ലുവിളിയായേക്കും

ദാറുസ്സലാം: അരനൂറ്റാണ്ടിലധികമായി അധികാരം കൈയാളുന്ന ഭരണകക്ഷിക്ക് കനത്ത വെല്ലുവിളിയുയര്‍ത്തി താന്‍സാനിയയില്‍ പൊതുതിരഞ്ഞെടുപ്പ്.
54 വര്‍ഷം തുടര്‍ച്ചയായി രാജ്യം ഭരിക്കുന്ന പാര്‍ട്ടി ഓഫ് ദി റവല്യൂഷന്(സിസിഎം) മുമ്പെങ്ങുമില്ലാത്ത വെല്ലുവിളിയാണ് പ്രതിപക്ഷം ഉയര്‍ത്തുന്നത്.
മുന്‍പ്രധാനമന്ത്രി കൂടിയായ എഡ്വാര്‍ഡ് ലാവോസിന്റെ നേതൃത്വത്തിലാണ് നാലു കക്ഷികള്‍ ചേര്‍ന്നു രൂപീകരിച്ച ഉകാവ സഖ്യം ഭരണകക്ഷിയെ നേരിടുന്നത്. സിസിഎമ്മിന്റെ അഴിമതിയും വികസന മുരടിപ്പുമാണ് പ്രതിപക്ഷത്തിന്റെ പ്രധാന പ്രചാരണ ആയുധം.
പ്രകൃതി വാതക ഉല്‍പ്പാദന മേഖലയിലെ വികസനത്തിന്റെ അപാകതകളും രാജ്യത്തു വളര്‍ന്നുവരുന്ന ദാരിദ്ര്യവും ഭരണകക്ഷിയെ പ്രതിക്കൂട്ടിലാക്കിയിരിക്കുകയാണ്.
കിഴക്കന്‍ ആഫിക്കയില്‍ ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള രണ്ടാമത്തെ രാജ്യമായ താന്‍സാനിയയിലെ സിസിഎം പാര്‍ട്ടിയാണ് ആഫ്രിക്കന്‍ രാജ്യങ്ങളില്‍ ഏറ്റവും കൂടുതല്‍ കാലം അധികാരം കൈയാളിയ പാര്‍ട്ടി. 63,000 പോളിങ് സ്‌റ്റേഷനുകളാണ് രാജ്യത്ത് ഒരുക്കിയിരിക്കുന്നത്. 1961ല്‍ രാജ്യം സ്വതന്ത്രമായതു മുതല്‍ സിസിഎം പാര്‍ട്ടിയാണ് ഭരണം നടത്തുന്നത്.
55കാരനായ ജോണ്‍ മാഗുഫുലിയെയാണ് സിസിഎം ഇത്തവണ പ്രസിഡന്റ് സ്ഥാനാര്‍ഥിയാക്കിയിരിക്കുന്നത്. പ്രതിപക്ഷത്തെ നയിക്കുന്ന 62കാരനായ ലാവോസ് പ്രസിഡന്റ് സ്ഥാനത്തേക്കു നാമനിര്‍ദേശം ലഭിക്കാത്തതിനെത്തുടര്‍ന്ന് സിസിഎമ്മില്‍ നിന്നു പുറത്തുപോയയാളാണ്.
Next Story

RELATED STORIES

Share it