wayanad local

താന്നിക്കല്‍ പമ്പ്ഹൗസ്-പയ്യംപള്ളി റോഡ് തകര്‍ന്നു



മാനന്തവാടി: കൊയിലേരി റോഡില്‍ നിന്ന് ആരംഭിച്ച് പ്രതീക്ഷാ നഗറില്‍ എത്തുന്ന താന്നിക്കല്‍ പമ്പ്ഹൗസ്-പയ്യംപള്ളി റോഡ് ഗതാഗതയോഗ്യമല്ലാത്ത വിധം തകര്‍ന്നു. മാനന്തവാടിയില്‍ നിന്ന് പയ്യംപള്ളിയിലേക്ക് എത്താനുളള ഏറ്റവും എളുപ്പമുള്ള റോഡാണിത്. അതുകൊണ്ടു തന്നെ കുറുവാ ദിപിലേക്കുള്ള വിനോദസഞ്ചാരികളും മറ്റും ഈ റോഡിനെയാണ് കൂടുതലായി ആശ്രയിക്കാറ്. റോഡ് ഗതാഗതയോഗ്യമാക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ പലവട്ടം നഗരസഭാ അധികൃതരെ സമീപിച്ചെങ്കിലും അവഗണിക്കപ്പെട്ടു. മാനന്തവാടിയിലെ തന്നെ ഏറ്റവും പഴക്കമുള്ള റോഡുകളിലൊന്നാണിത്. കേവലം രണ്ടു കിലോമീറ്ററോളം മാത്രം ദൈര്‍ഘ്യമുളള റോഡ് വീതി കൂട്ടി ടാറിങ് നടത്തിയാല്‍ കുറുവാ ദ്വീപിലേക്കുള്ള യാത്രക്കാര്‍ക്ക് ഏറെ സഹായകരമാവും. പാടുകാണ, മിയല്‍ക്കുനി കോളനികളിലുള്ളവരുടെ ഏക ആശ്രയമാണിത്. പാടെ തകര്‍ന്ന റോഡിലൂടെയുള്ള യാത്ര അതീവ ദുഷ്‌കരമാണ്. റോഡ് റീടാറിങ് നടത്തിയിട്ട് ഏറെ വര്‍ഷങ്ങളായി. പേരിനെങ്കിലും അറ്റകുറ്റപ്പണി നടത്തിയിട്ട് പോലും വര്‍ഷം രണ്ടു കഴിഞ്ഞു. കഴിഞ്ഞ നഗരസഭാ തിരഞ്ഞെടുപ്പില്‍ പോലും പ്രധാന പ്രചാരണ വിഷയമായിരുന്നു റോഡിന്റെ ശോച്യാവസ്ഥ. തിരഞ്ഞെടുപ്പ് സമയത്ത് നല്‍കിയ ഉറപ്പുകള്‍ വിജയിച്ച ശേഷം ജനപ്രതിനിധികള്‍ മറന്നെന്നാണ് വോട്ടര്‍മാരുടെ ആക്ഷേപം. മഴക്കാലത്ത് റോഡ് തോടായി മാറുന്ന അവസ്ഥയാണ് നിലവിലുള്ളത്.
Next Story

RELATED STORIES

Share it