Flash News

താനെ കൂട്ടക്കൊല: പ്രതി മാനസിക വൈകല്യമുള്ള സഹോദരിയെ പീഡിപ്പിച്ചതായി വെളിപ്പെടുത്തല്‍

താനെ കൂട്ടക്കൊല: പ്രതി മാനസിക വൈകല്യമുള്ള സഹോദരിയെ പീഡിപ്പിച്ചതായി വെളിപ്പെടുത്തല്‍
X
thane-murder

താനെ; താനെയില്‍ കുടുംബത്തിലെ 14 പേരെ കൂട്ടക്കൊല ചെയ്ത കേസിലെ പ്രതി ഹസനെയ്ന്‍ വരേക്കര്‍ മാനസിക വൈകല്യമുള്ള സഹോദരിയെ പീഡിപ്പിച്ചതായി മറ്റൊരു സഹോദരിയുടെ വെളിപ്പെടുത്തല്‍. കൊലപാതകത്തില്‍ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ട് ആശുപത്രിയില്‍ കഴിയുന്ന സഹോദരി സുബിയാ ബാര്‍മാര്‍ ആണ് ഇക്കാര്യം പോലിസിനോട് വെളിപ്പെടുത്തിയത്. പോലിസ് വിവരം മാധ്യമങ്ങളെ അറിയിക്കുകയായിരുന്നു.
മാനസിക വൈകല്യമുള്ള അവിവാഹിതയായ സഹോദരിയെ ഹസനെയ്ന്‍ പീഡിപ്പിച്ചിരുന്ന വിവരം ഇവര്‍ തന്നെയാണ് മറ്റു സഹോദരിമാരെയും മാതാവിനെയും അറിയിച്ചത്. ഇത് കുടുംബത്തിലെ മറ്റുള്ളവര്‍ അറിഞ്ഞതിലുള്ള നാണക്കേടിലാണ് ഇയാള്‍ 14 പേരെ കൊലചെയ്തതെന്നാണ് പോലിസിന്റെ കണ്ടെത്തല്‍. ഫെബ്രുവരി നാലിനാണ് സഹോദരിയെ പീഡിപ്പിച്ചത്. ഫെബ്രുവരി 28നാണ് 14 പേരെ ഉറക്കത്തില്‍ മയക്കുമരുന്ന് നല്‍കിയ ശേഷം കഴുത്തറുത്ത് കൊലചെയ്തത്. പിന്നീട് ഇയാള്‍ ആത്മഹത്യ ചെയ്യുകയായിരുന്നു.

അതിനിടെ ഹസനെയന്‍ വരേക്കര്‍ക്ക് 67 ലക്ഷം രൂപയുടെ കടമുണ്ടായിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തി. ബിസിനസ് ആവശ്യം എന്ന വ്യാജേന വിവിധ സന്ദര്‍ഭങ്ങളിലായി അടുത്ത ബന്ധുക്കളില്‍ നിന്നാണ് കടം വാങ്ങിയതെന്ന് മുതിര്‍ന്ന പോലിസ് ഉദ്യോഗസ്ഥന്‍ അറിയിച്ചു.
ഓഹരി വ്യാപാരത്തില്‍ ഹസനെയ്‌ന് പങ്കാളിത്തമുണ്ടായിരുന്നു. ഇതുവഴി അയാള്‍ക്ക് നഷ്ടം സംഭവിച്ചിട്ടുണ്ടോ എന്ന് പോലിസ് അന്വേഷിച്ചുവരുകയാണ്. ഏതാനും മാസം മുമ്പ് മജിവാഡയ്ക്കടുത്ത് മുറി വാടകയ്ക്ക് എടുത്തിരുന്നു. അതെന്തിനു വേണ്ടിയായിരുന്നു എന്നു വ്യക്തമായിട്ടില്ല. ഫോറന്‍സിക് റിപോര്‍ട്ടിനായി പോലിസ് കാത്തിരിക്കുകയാണ്. അതിനുശേഷം കേസിന്റെ പുതിയ വിവരങ്ങള്‍ പുറത്തുവരും. ഹസ്‌നയ്‌നിന്റെ വീട്ടില്‍നിന്ന് ചില മരുന്നുകള്‍ കണ്ടെത്തിയിട്ടുണ്ട്. ഹസ്‌നയ്‌നിന്റെ മാനസികനിലയെക്കുറിച്ചറിയാന്‍ ഈ മരുന്നുകളുടെ പരിശോധന സഹായിക്കും. മരുന്ന് കുറിച്ചു കൊടുത്ത ഡോക്ടറെയും അതു നല്‍കിയ ഫാര്‍മസിസ്റ്റിനെയും കണ്ടെത്താന്‍ പോലിസ് ശ്രമം തുടങ്ങിയിട്ടുണ്ട്. ബന്ധുക്കളുമായും സുഹൃത്തുക്കളുമായും ഹസ്‌നയ്ന്‍ സ്ഥിരമായി കൂടിക്കാഴ്ച നടത്താറുള്ള പര്‍ദേശി ബാബ ദര്‍ഗയുടെ സൂക്ഷിപ്പുകാരന്റെയും മൊഴി പോലിസ് രേഖപ്പെടുത്തിയിട്ടുണ്ട്. രണ്ടു വര്‍ഷമായി ഇയാള്‍ ജോലിക്കു പോയിരുന്നില്ല.
Next Story

RELATED STORIES

Share it