താനൂര്‍ സവാദ് വധം: പ്രതി ബഷീര്‍ കീഴടങ്ങി

താനൂര്‍: താനൂര്‍ തയ്യാലയില്‍ വാടക ക്വാര്‍ട്ടേഴ്‌സില്‍ അഞ്ചുടി സ്വദേശി പൗറകത്ത് സവാദിനെ തലയ്ക്കടിച്ചും കഴുത്തറുത്തും കൊന്ന കേസിലെ പ്രധാന പ്രതിയായ ഓമച്ചപ്പുഴ സ്വദേശി ബഷീര്‍ പോലിസ് സ്റ്റഷനില്‍ നേരിട്ട് കീഴടങ്ങി. കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു സംഭവം.
രാത്രി ഒന്നരയ്ക്ക് മകളുമായി വരാന്തയില്‍ കിടന്നുറങ്ങുകയായിരുന്ന സവാദിനെ ഭാര്യ സാജിതയും കാമുകന്‍ ബഷീറും ചേര്‍ന്ന് തലയ്ക്കടിച്ചും കഴുത്തറുത്തും കൊലപ്പെടുത്തുകയായിരുന്നു. ഇതിനുവേണ്ടി പ്രതി ആരും അറിയാതെ മൂന്നു ദിവസത്തെ ലീവിന് നാട്ടില്‍ എത്തുകയായിരുന്നു. കൃത്യം നടത്തി മുങ്ങിയ പ്രതി അഞ്ചാം തിയ്യതി രാവിലെ മംഗലാപുരത്ത് നിന്നു വിമാന മാര്‍ഗം ഷാര്‍ജയിലേക്ക് കടന്നു. ഇതിനുള്ള ടിക്കറ്റ് കോഴിക്കോട്ട് നിന്ന് എടുക്കുകയായിരുന്നു.
ഷാര്‍ജയില്‍ എത്തിയ ബഷീറിന് അവിടത്തെ ടിവി ചാനലുകളിലും പത്രങ്ങളിലും ബഷീറിന്റെ ഫോട്ടോ വച്ച കൊലപാതക വാര്‍ത്തകള്‍ വന്നതു കാരണം റൂമിലുള്ളവര്‍ അവിടെ താമസിക്കാന്‍ അനുവദിച്ചില്ല.
ഗള്‍ഫില്‍ പിടിച്ചുനില്‍ക്കാന്‍ കഴിയാത്ത അവസ്ഥയില്‍ ആറാം തിയ്യതി ഷാര്‍ജയില്‍ നിന്നു ചെന്നൈയിലേക്ക് വിമാനത്തില്‍ വരുകയും അവിടെ നിന്നു ട്രെയിന്‍ മാര്‍ഗം തിരൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ വന്നിറങ്ങുകയും ചെയ്തു.
തിരൂരില്‍ നിന്നു ടാക്‌സി വിളിച്ച് രാവിലെ എട്ടോടെ താനൂര്‍ പോലിസില്‍ കിഴടങ്ങുകയുമായിരുന്ന പ്രതി കുറ്റം സമ്മതിച്ചു. ഒരു മാസം മുമ്പ് കീടനാശിനി കലര്‍ത്തിയ ഭക്ഷണം നല്‍കി സവാദിനെ കൊല്ലാന്‍ ഭാര്യക്ക് നിര്‍ദേശം നല്‍കുകയും സവാദിന്റെ ഭാര്യ നല്‍കിയ വിഷം കലര്‍ത്തിയ ഭക്ഷണം രുചിമാറ്റം കണ്ട് സവാദ് കഴിക്കാതിരിക്കുകയുമായിരുന്നു. കൊല്ലുക എന്നുള്ളതായിരുന്നു ബഷീറിന്റെ ദൗത്യം. അതിനു ശേഷം മൃതദേഹം കഷണങ്ങളാക്കി നശിപ്പിക്കുക എന്നുള്ളത് ഭാര്യ സൗജത്തിന്റെ ജോലിയായിരുന്നു. മകള്‍ ഉണര്‍ന്നത് കാരണം പദ്ധതി പാളി.
തെളിവെടുപ്പിനായി സംഭവം നടന്ന സ്ഥലത്തും ക്വാര്‍ട്ടേഴ്‌സിലും കൊണ്ടുപോയി. തലയ്ക്കടിക്കാന്‍ ഉപയോഗിച്ച തടിക്കഷണം തൊട്ടടുത്ത പറമ്പില്‍ നിന്നു പോലിസ് കണ്ടെടുത്തു. തലയ്ക്കടിച്ചത് താന്‍ തന്നെയാണെന്നും മരണം ഉറപ്പാക്കാന്‍ കഴുത്തറുത്തത് സവാദിന്റെ ഭാര്യ സാജിതയാണെന്നും പ്രതി പോലിസിനോട് പറഞ്ഞു. തലയ്‌ക്കേറ്റ അടിയാണ് മരണകാരണമെന്നു പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ടെന്നു പോലിസ് പറഞ്ഞു. കൊലപ്പെടുത്തുന്നതിനു മുമ്പ് ഭക്ഷണത്തില്‍ മയക്കുമരുന്ന് കലര്‍ത്തി നല്‍കിയതായി സംശയമുണ്ടെന്നും പോലിസ് പറഞ്ഞു.
തിരൂര്‍ ഡിവൈഎസ്പി, താനൂര്‍ സിഐ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ചോദ്യംചെയ്യല്‍. തിരൂര്‍ ഗവ. ജില്ലാ ആശുപത്രിയില്‍ വൈദ്യപരിശോധന നടത്തിയ പ്രതിയെ പരപ്പനങ്ങാടി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Next Story

RELATED STORIES

Share it