malappuram local

താനൂര്‍ കുടിവെള്ള പദ്ധതിനിര്‍മാണപ്രവൃത്തികള്‍ ഊര്‍ജിതം

താനൂര്‍: മണ്ഡലത്തില്‍ നൂറുകോടി ചെലവില്‍ നടപ്പിലാക്കുന്ന കുടിവെള്ള പദ്ധതിയുടെ പ്രവൃത്തി പുരോഗമിക്കുന്നു. പദ്ധതിയുടെ പ്രധാന ടാങ്കും ജലശുദ്ധീകണ യൂനിറ്റും നിര്‍മിക്കുന്നത് ചെറിയമുണ്ടത്താണ്. താനൂര്‍ നഗരസഭയും താനാളൂര്‍, നിറമരുതൂര്‍, പൊന്മുണ്ടം, ഒഴൂര്‍, ചെറിയമുണ്ടം പഞ്ചായത്തുകളുമടങ്ങിയ താനൂര്‍ നിയോജക മണ്ഡലത്തില്‍ കഴിഞ്ഞ നാല് ദശാബ്ദക്കാലമായി ഉയര്‍ന്നുവന്ന പ്രധാന ആവശ്യങ്ങളില്‍ ഒന്നായിരുന്നു കുടിവെള്ള പദ്ധതി.
എംഎല്‍എ വി അബ്ദുറഹിമാന്‍ സര്‍ക്കാരിന് സമര്‍പ്പിച്ച ആദ്യപദ്ധതിയാണ് താനൂര്‍ കുടിവെള്ള പദ്ധതി. കഴിഞ്ഞ ജനുവരിയില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് പദ്ധതിയുടെ പ്രവൃത്തി ഉദ്ഘാടനം ചെയ്തത്. തൃപ്രങ്ങോട് പഞ്ചായത്തിലുള്ള കോളനിക്കടവില്‍ ഭാരതപ്പുഴയില്‍ നിന്നാണ് വെള്ളം ശേഖരിക്കുന്നത്. ഭാരതപ്പുഴയില്‍ നിന്ന് തുടങ്ങുന്ന പൈപ്പിടല്‍ വെങ്ങാലൂരില്‍ റെയില്‍പാളം മുറിച്ചു കടന്നാണ് ചെറിയമുണ്ടത്ത് എത്തിച്ചേരുന്നത്.
96 ദശലക്ഷം ലിറ്റര്‍ വെള്ളം സംഭരിക്കാവുന്ന ടാങ്കും ദിനംപ്രതി 45 ദശലക്ഷം ലിറ്റര്‍ വെള്ളം ശുദ്ധീകരിക്കാനുതകുന്ന യൂനിറ്റുമാണ് ചെറിയമുണ്ടത്ത് സ്ഥാപിക്കുന്നത്. രണ്ടരലക്ഷം ജനങ്ങള്‍ക്കാണ് നിലവില്‍ കുടിവെള്ളമെത്തിക്കാനുള്ളത്. ഭാവിയില്‍ ഇത് മൂന്നര ലക്ഷം വരെയാകുമെന്ന നിഗമനത്തിലാണ് കുടിവെള്ള പദ്ധതി രൂപകല്‍പന ചെയ്തിട്ടുള്ളത്.    തീരദേശമാണ് കുടിവെള്ളക്ഷാമം കൊണ്ട് കൂടുതല്‍ ദുരിതമനുഭവിച്ചത്. മറ്റു പഞ്ചായത്തുകളും വേനല്‍ക്കാലമെത്തുന്നതോടെ കുടിവെള്ള ദൗര്‍ലഭ്യം നേരിട്ടുകൊണ്ടിരിക്കുകയാണ്. ചെറിയമുണ്ടം ഗ്രാമപ്പഞ്ചായത്താണ് പദ്ധതിക്ക് വേണ്ടിയുള്ള ഒന്നര ഏക്കര്‍ ഭൂമി വിട്ടുനല്‍കിയത്.
പദ്ധതിയുടെ ഒന്നാംഘട്ടം പൂര്‍ത്തിയാകുന്നതോടൊപ്പം തന്നെ രണ്ടാംഘട്ടത്തിലെ വിതരണ ശൃംഖലയും പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്.
Next Story

RELATED STORIES

Share it