malappuram local

താനൂരില്‍ ചാകര തേടി തുഴയെറിയാന്‍ മുന്നണികള്‍

മലപ്പുറം: പച്ചമീന്‍ പോലെയാണ് താനൂരിന്റെ മനസ്. കാറ്റിലും കോളിലും ഈ തീരദേശമണ്ഡലം ഇത്തവണ മലപ്പുറത്തിന്റെ മണ്ണില്‍ അട്ടിമറിയുടെ ചരിത്രമെഴുതുമോ എന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ ഉറ്റുനോക്കുന്നത്. ഇത്തവണ ഏറ്റവും വീറുള്ള മല്‍സരം നടക്കുന്ന മണ്ഡലങ്ങളിലൊന്നാവും താനൂര്‍. മുസ്‌ലിംലീഗിന്റെ സിറ്റിങ് എംഎല്‍എ അബ്ദുര്‍റഹ്മാന്‍ രണ്ടത്താണിക്കെതിരേ വി അബ്ദുര്‍റഹ്മാന്‍ മല്‍സരിക്കുമെന്നു ഉറപ്പായി.
തദ്ദേശ തിരഞ്ഞടുപ്പില്‍ തിരൂരില്‍ ലീഗിനെ വിറപ്പിച്ച വി അബ്ദുര്‍റഹ്മാനെ സ്വതന്ത്രനായാണ് ഇടതുമുന്നണി രംഗത്തിറക്കുന്നത്. ഇതോടെയാണ് മണ്ഡലത്തില്‍ ഒരു മല്‍സരത്തിന്റെ കാറ്റും കോളും കണ്ടു തുടങ്ങിയത്. രണ്ട് അബ്ദുര്‍റഹ്മാന്‍മാര്‍ തമ്മിലുള്ള പോരാട്ടത്തില്‍ ഏതു അബ്ദുര്‍റഹ്മാന്‍ വെന്നിക്കൊടി നാട്ടുമെന്നാണ് താനൂര്‍ക്കാര്‍ ഉറ്റുനോക്കുന്നത്.
മുസ്‌ലിം ലീഗ് സ്ഥാനാര്‍ഥികള്‍ക്ക് വന്‍ഭൂരിപക്ഷം നല്‍കി വരുന്ന മണ്ഡലമാണ് താനൂര്‍. എന്നാല്‍, അടുത്തകാലത്തായി ലീഗ് സ്ഥാനാര്‍ഥികളുടെ ഭൂരിപക്ഷം കുറയുന്നത് താനൂരിന്റെ ചിത്രം മാറാനുള്ള ഘടകമായാണ് ഇടതുപക്ഷം കാണുന്നത്. 2011 ലെ തിരഞ്ഞെടുപ്പില്‍ 9,433 വോട്ടുകള്‍ക്കാണ് അബ്ദുര്‍റഹ്മാന്‍ രണ്ടാത്താണി താനൂരില്‍ വിജയിച്ചത്. നേരത്തെ സി എച്ച് മുഹമ്മദ് കോയയും ഇ അഹമ്മദും യു എ ബീരാനും സീതി ഹാജിയുമെല്ലാം വലിയ വിജയങ്ങള്‍ നേടിയ മണ്ഡലമാണിത്. പുതുതായി രൂപീകരിച്ച താനൂര്‍ നഗരസഭയും പൊന്മുണ്ടം, ചെറിയമുണ്ടം, താനാളൂര്‍, നിറമരുതൂര്‍, ഒഴൂര്‍ പഞ്ചായത്തുകളും ഉള്‍പ്പെടുന്നതാണ് താനൂര്‍ നിയമസഭാ മണ്ഡലം.
ഇക്കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ യുഡിഎഫിന് മേല്‍ക്കൈയുണ്ടായെങ്കിലും മൂന്നു പഞ്ചായത്തുകളില്‍ ഇടതുമുന്നണിക്ക് ഭരണം കിട്ടി. താനൂര്‍ നഗരസഭയും പൊന്മുണ്ടം, ചെറിയമുണ്ടം പഞ്ചായത്തുകളും യുഡിഎഫ് നേടി. താനൂര്‍ ബ്ലോക്ക് പഞ്ചായത്തിലും യുഡിഎഫിനായിരുന്നു വിജയം. താനൂര്‍ നിയമസഭാ മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന പൊന്‍മുണ്ടം, നിറമരുതൂര്‍ ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിലും യുഡിഎഫ് വിജയിച്ചു. താനാളൂര്‍, നിറമരുതൂര്‍, ഒഴൂര്‍ പഞ്ചായത്തുകളിലാണ് ഇടതുമുന്നണിക്ക് വിജയിക്കാനായത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ അബ്ദുര്‍റഹ്മാന്‍ രണ്ടത്താണിക്ക് ലഭിച്ചത് 51,549 വോട്ടുകളായിരുന്നു. എതിര്‍ സ്ഥാനാര്‍ഥി സിപിഎമ്മിലെ ഇ ജയന് 42,116 വോട്ടുകള്‍ ലഭിച്ചപ്പോള്‍ ബിജെപിയുടെ രവി തേലത്തിന് കിട്ടിയത് 7,304 വോട്ടുകള്‍.
കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ താനൂര്‍ മേഖലയില്‍ യുഡിഎഫിന് വോട്ടു കുറഞ്ഞത് ഇടതുമുന്നണിക്ക് പ്രതീക്ഷ നല്‍കുന്നുണ്ട്. ലീഗ് സ്ഥാനാര്‍ഥി ഇ ടിമുഹമ്മദ് ബഷീറിന് 6,220 വോട്ടുകളുടെ ഭൂരിപക്ഷമാണ് താനൂരില്‍ ലഭിച്ചത്. എതിര്‍സ്ഥാനാര്‍ഥിയായിരുന്ന വി അബ്ദുര്‍റഹ്മാന്റെ സ്വാധീനമാണ് ലീഗിന്റെ വോട്ടുകുറയാന്‍ കാരണമെന്നാണ് ഇടതുപക്ഷം വിലയിരുത്തിയത്. കഴിഞ്ഞ തവണ പൊന്നാനി ലോക്‌സഭാ മണ്ഡലത്തില്‍ ഇടതുസ്വതന്ത്രനായി രംഗത്തുവന്ന വി അബ്ദുര്‍റഹ്മാന്റെ ലക്ഷ്യം ഇത്തവണത്തെ നിയമസഭാ തിഞ്ഞെടുപ്പായിരുന്നു. ആ തിരഞ്ഞെടുപ്പില്‍ തോറ്റെങ്കിലും തിരൂര്‍, താനൂര്‍ ഭാഗങ്ങളില്‍ അബ്ദുറഹ്മാന്‍ നിശബ്ദനായി പ്രവര്‍ത്തനം തുടര്‍ന്നു. പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ തിരൂര്‍ നഗരസഭയിലുണ്ടായ ഇടതു അനുകൂല ജനകീയ മുന്നണിയുടെ നേട്ടത്തിനു പിന്നില്‍ അബ്ദുര്‍റഹ്മാന്റെ പങ്ക് വലുതായിരുന്നു. താനൂരിലെ നിവാസികള്‍ക്കായി ഒട്ടേറെ ക്ഷേമപദ്ധതികളുമായി അബ്ദുര്‍റഹ്മാന്‍ മാസങ്ങളായി മണ്ഡലത്തില്‍ സജീവമാണ്. നേരത്തെ കോണ്‍ഗ്രസ് സഹചാരിയായിരുന്ന വി അബ്ദുര്‍റഹ്മാന് ഇടതുപക്ഷത്തോടൊപ്പം വന്നെങ്കിലും മേഖലയിലെ കോണ്‍ഗ്രസുകാരില്‍ പലരും ഇപ്പോഴും അദ്ദേഹത്തെ രഹസ്യമായെങ്കിലും പിന്തുണയ്ക്കുന്നുണ്ട്. കഴിഞ്ഞ കാലങ്ങളിലെ വികസന പ്രവര്‍ത്തനങ്ങളാണ് അബ്ദുറഹ്മാന്‍ രണ്ടത്താണിയുടെ പ്രചാരണായുധം. കോളജ് മുതല്‍ പാലങ്ങള്‍ വരെയുള്ള വിവിധ പദ്ധതികള്‍ ഉയര്‍ത്തിക്കാട്ടിയാണ് അദ്ദേഹം വീണ്ടും ജനവിധി തേടുന്നത്. താനൂര്‍ മണ്ഡലത്തിന്റെ മുക്കും മൂലയും മനപ്പാഠമായ രണ്ടത്താണി വിജയത്തില്‍ കുറഞ്ഞതൊന്നും മുന്നില്‍ കാണുന്നില്ലെന്നതും മല്‍സരം കടുപ്പിക്കുമെന്ന് ഉറപ്പ്. രണ്ടത്താണി പ്രചാരണം സജീവമാക്കിയപ്പോഴും വി അബ്ദുര്‍റഹ്മാന് തടസമാവുന്നത് ഇടത് മുന്നണിയുടെ ഔദ്യോഗിക പ്രഖ്യാപനം വന്നില്ലെന്നതാണ്. തിരൂരിലെ തീരുമാനം വന്ന ശേഷമേ അബ്ദുര്‍റഹ്മാന് ഉറപ്പിക്കാനുമാവൂ. ഏതായാലും താനുരിലെ തിരമാലകള്‍ പതിവില്‍ കവിഞ്ഞ് ആര്‍ത്തിരമ്പുമെന്ന് തീര്‍ച്ച. എസ്ഡിപിഐക്ക് ഏറ്റവും സ്വാധീനമുള്ള മണ്ഡലം കൂടിയാണ് താനൂര്‍. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് ഇവിടെ ഗണ്യമായ വോട്ടുനേടാനായിരുന്നു.
Next Story

RELATED STORIES

Share it